മദ്യവേട്ടയ്ക്കിറങ്ങിയ എക്സൈസിന് കിട്ടിയത് കുഴൽപ്പണം

മഞ്ചേശ്വരം: മഞ്ചേശ്വരത്ത്  എക്സൈസ് സംഘം പിടികൂടിയ കുഴൽപ്പണവും 20 പവൻ സ്വർണ്ണവും മഞ്ചേശ്വരം  പോലീസിന് കൈമാറി.

ഇന്നലെ രാത്രി 8.40 മണിക്കാണ് മഞ്ചേശ്വരം  തുമിനാട്  ദേശീയപാതയിൽ കാറിൽ കടത്തുകയായിരുന്ന 2 കോടി 87,300 രൂപയുടെ കുഴൽപ്പണവും 20 പവന്റെ സ്വർണ്ണാഭരണങ്ങളും എക്സൈസ്  പിടികൂടിയത്.

എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ സ്വിഫ്റ്റ് കാറിനെ എക്സൈസ് സംഘം അതിസാഹസികമായി  പിന്തുടർന്ന്,  എക്സൈസ് വാഹനം റോഡിന് കുറുകെയിട്ടാണ് കാർ പിടികൂടിയത്.

മഞ്ചേശ്വരം ഉദ്യാവർ ഇർഷാദ് റോഡിലെ ഷംസുദ്ദീൻ എന്ന യുവാവിനെയാണ്  33, കുമ്പള എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിലുള്ള എക്സൈസ്  സംഘം കുഴൽപ്പണവുമായി പിടികൂടിയത്.  കർണ്ണാടക അതിർത്തി കടന്ന മദ്യവും മയക്കു മരുന്നും സുലഭമായി  ജില്ലയിലെത്താൻ തുടങ്ങിയതോടെയാണ് ദേശീയപാതയിൽ എക്സൈസ്  പരിശോധന ശക്തമാക്കിയത്.

അതേസമയം, കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ അംഗഡിമുഗറിൽ നിന്നും ഇന്നലെ 2688 പായ്ക്കറ്റ് കർണ്ണാടക നിർമ്മിത വ്യാജ മദ്യവും കുമ്പള പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മംഗളൂരുവിൽ നിന്നും കാസർകോടേയ്ക്ക് കെ.എൽ.14 എസ് 2821 നമ്പർ കാറിൽ കടത്തുകയായിരുന്ന കർണ്ണാടക നിർമ്മിത വ്യാജ മദ്യമാണ് കുമ്പള പോലീസ് ഇൻസ്പെക്ടർ പി. പ്രമോദ്, എസ് ഐ, ഏ. സന്തോഷ്കുമാർ എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. കുമ്പള പെർമുദെ യ്ക്ക് സമീപം അംഗഡിമുഗറിൽ പോലീസ് വാഹനം റോഡിന് കുറുകെയിട്ടാണ് കാറിൽ കടത്തുകയായിരുന്ന മദ്യം പോലീസ് പിടികൂടിയത്.

മഞ്ചേശ്വരം  അതിർത്തിയിൽ പോലീസ് എക്സൈസ്  സംഘങ്ങളുടെ പരിശോധന കർശനമാക്കിയതിനെത്തുടർന്ന് വൻതോതിൽ  മദ്യവും, മയക്കു മരുന്നും, പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം  മഞ്ചേശ്വരം  പോലീസ സ്റ്റേഷൻ  പരിധിയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിനകത്തു നിന്നും പോലീസ് 33 കിലോ കഞ്ചാവാണ് പിടിച്ചെടുത്തു.

മദ്യക്കടത്ത് തടയാൻ  കാത്തിരുന്ന എക്സൈസിന്റെ വലയിൽ കുഴൽപ്പണവും, പോലീസിന്റെ വലയിൽ 2668 പായ്ക്കറ്റ് വ്യാജ മദ്യവുമാണ് ഇന്നലെ കുടുങ്ങിയത്. മദ്യം കടത്തിയ സംഭവത്തിൽ  നവീൻ എന്ന യുവാവിനെതിരെ കുമ്പള പോലീസ് കേസെടുത്തു.

കുഴൽപ്പണവും, സ്വർണ്ണവും കടത്തിയ സംഭവത്തിൽ മഞ്ചേശ്വരം ഉദ്യാവറിലെ  ഷംസുദ്ദീനെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കുഴൽപ്പണം കടത്തിയ കെ.എൽ .14.വി.9148 സ്വിഫ്റ്റ് കാർ എക്സൈസ്  മഞ്ചേശ്വരം പോലീസിന് കൈമാറി.

LatestDaily

Read Previous

സ്വർണ്ണക്കടത്തിന് ചുക്കാന്‍ പിടിക്കുന്നത് കോഴിക്കോട്ടെ 2 തീവ്രവാദ സംഘടനകള്‍

Read Next

പ്രവാസിയിൽ നിന്ന് ഫാഷൻഗോൾഡ് തട്ടിയെടുത്തത് അരക്കോടി