ഇ. ചന്ദ്രശേഖരന്റെ ഉത്തരവിൽ മുറിച്ചു കടത്തിയത് 45 കോടിയുടെ മരങ്ങൾ

എംഎൽഏ പദവി രാജിവെക്കാൻ പ്രതിപക്ഷ സമ്മർദ്ദം

കാഞ്ഞങ്ങാട്:  റവന്യൂമന്ത്രി പദവിയിലിരുന്ന് ഇ. ചന്ദ്രശേഖരൻ മുറിച്ചു കടത്താൻ ഉത്തരവിട്ടത് 45 കോടി വില മതിക്കുന്ന തേക്ക് വീട്ടി മരങ്ങൾ. മരങ്ങൾ മുറിക്കാൻ ചന്ദ്രശേഖരൻ ഒപ്പിട്ടു നൽകിയ ഉത്തരവ് ഇന്ന് മലയാളത്തിലെ  ഒരു പ്രമുഖ പത്രം പുറത്തുവിട്ടതോടെ ഒട്ടും  പിടിച്ചു നിൽക്കാൻ കഴിയാതെ ” ആ ഉത്തരവിറക്കിയത് താൻ തന്നെയാണെന്ന് ” കാഞ്ഞങ്ങാട് എംഎൽഏആയ ഇ. ചന്ദ്രശേഖരന് ഇന്ന് സമ്മതിക്കേണ്ടി വന്നു.

സിപിഐ സംസ്ഥാന സിക്രട്ടറി കാനം രാജേന്ദ്രനും പിണറായി സർക്കാരിൽ റവന്യൂമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരനും,  വനം മന്ത്രി കെ. രാജുവും അറിഞ്ഞു കൊണ്ടുള്ള കോടികളുടെ മരംമുറിയാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളത്. ഒന്നാം പിണറായി സർക്കാരിന്റെ അവസാന നാളുകളിൽ 2020 ഒക്ടോബർ 5-നാണ് 15 കോടി വിലമതിക്കുന്ന രാജകീയ മരങ്ങൾ മുട്ടിൽ വനം മേഖലയിൽ നിന്ന് മുറിച്ചു കടത്താൻ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉത്തരവിട്ടത്. ഒക്ടോബർ 24-ന് റവന്യൂ പ്രിൻസിപ്പൽ സിക്രട്ടറി ഏ. ജയതിലകൻ ഇറക്കിയ ഉത്തരവ് മന്ത്രിയുടെ ഉത്തരവിന്റെ തുടർ ഭാഷ്യം തന്നെയാണ്. പട്ടയ ഭൂമിയിലുള്ള ചന്ദ്രനം ഒഴികെയുള്ള രാജകീയ മരങ്ങൾ മുറിച്ചു നീക്കാനാണ് മന്ത്രി ഉത്തരവിട്ടത്. വയനാട് ഉൾപ്പടെ എട്ടു ജില്ലകളിലെ നിബിഢവനങ്ങളിലുള്ള തേക്കും വീട്ടിയും തടികളാണ് മുറിച്ചു കടത്തിയത്.

മന്ത്രിയുടെ ഉത്തരവിലെ  കൃത്യവിലോപം ശ്രദ്ധയിൽപ്പെടുത്തി പ്രിൻസിപ്പൽ സിക്രട്ടറി കുറിപ്പെഴുതിയെങ്കിലും, മരം മുറിച്ചുകടത്തുമ്പോൾ തടയുന്ന വനം ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കേസ്സെടുക്കണമെന്നും മന്ത്രി ചന്ദ്രശേഖരൻ എഴുതിയിട്ടുണ്ട്. മരം മുറിക്കാനുള്ള ഉത്തരവ് നിയമപരമായി  നിലനിൽക്കില്ലെന്ന് റവന്യൂമന്ത്രിയുടെ പ്രിൻസിപ്പൽ സിക്രട്ടറി ഫയലിൽ കുറിപ്പെഴുതിയതിന്  ശേഷമാണ് തടികൾ കടത്തുന്നതിന് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്യണമെന്ന കർശന ഉത്തരവുകൂടി ചന്ദ്രശേഖരൻ  രേഖാമൂലം നൽകിയത്.  മന്ത്രിസഭ കാണാതെയും, നിയമവകുപ്പ് സിക്രട്ടറി അറിയാതെയും  ചന്ദ്രശേഖരൻ  നേരിട്ടാണ് കോടികളുടെ മരംമുറിക്കുള്ള ഉത്തരവിറക്കിയത്.  സിപിഐ സംസ്ഥാന സിക്രട്ടറി കാനം രാജേന്ദ്രന്റെ അകമഴിഞ്ഞ പിന്തുണയും ഈ മരംവെട്ടിൽ ഇ ചന്ദ്രശേഖരന് ധൈര്യം നൽകി.

LatestDaily

Read Previous

സ്വർണ്ണക്കടത്ത് കേസ് : ഉദിനൂർ സ്വദേശിയുടെ കാർ കസ്റ്റംസ് പിടികൂടി

Read Next

അജിന്റെ മാതുലന് ഭീഷണി ഗൾഫിൽ നിന്ന്, സൈബർ സെൽ അന്വേഷണം തുടങ്ങി