ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പതിനൊന്ന് വർഷം മുമ്പ് കാണാതായ എണ്ണപ്പാറ മോയോളം സർക്കാരി കോളനിയിലെ എം. സി. രാമന്റെ മകൾ രേഷ്മയെ കുറിച്ച് പിന്നീടിങ്ങോട്ട് ഒരു വിവരവുമുണ്ടായിട്ടില്ല. നീണ്ട പതിനൊന്ന് വർഷമായി മകളുടെ വരവും കാത്തിരിക്കുകയെന്ന് മോയോളം സർക്കാരി കോളനിയിലെ രാമനും കുടുംബവും.
ജോലി വാഗ്ദാനം ചെയ്തും, പ്രണയം നടിച്ചും തട്ടികൊണ്ട് പോയ രേഷ്മയിപ്പോൾ ജീവിച്ചിരിപ്പുണ്ടോയെന്ന് പോലും അറിയില്ലെന്ന് വീട്ടുകാരും ദളിത് സംഘടനകളും പറയുന്നു. രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അമ്പലത്തറ പോലീസ് 44/2011 ആയി മിസ്സിംഗ് കേസ്സാണ് റജിസ്റ്റർ ചെയ്തത്. കേസ്സ് പിന്നീട് ബേക്കൽ പോലീസിന് കൈമാറി. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവരെ രക്ഷിക്കാൻ തുടക്കം മുതൽ പോലീസിന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായതായി ബന്ധുക്കളും ദളിത് സംഘടനകളും ആരോപിച്ചു.
രേഷ്മ കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്ത് വന്നിട്ടും, പോലീസിന്റെ ഭാഗത്ത് നിന്നും ഈ വഴിയുള്ള അന്വേഷണമുണ്ടായില്ല.പാണത്തൂരിലുള്ള ബിജു പൗലോസും, മമ്മിയെന്ന് വിളിക്കുന്ന ഏലിയാമ്മയുമാണ് രേഷ്മയുടെ തിരോധാനത്തിന് പിന്നിലെന്ന് കേരള സ്റ്റേറ്റ് പട്ടിക ജനസമാജം ആരോപിച്ചു. ഇവരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയെങ്കിലും നടപടിയുണ്ടായില്ല. ബിജു പൗലോസിനും ഏലിയാമ്മയ്ക്കുമൊപ്പം രേഷ്മ അജാനൂർ മഡിയനിൽ വാടകയ്ക്ക് വീടെടുത്ത് താമസിച്ചിരുന്നു. ബിജു പൗലോസും രേഷ്മയും ഭാര്യ ഭർത്താക്കന്മാരായാണ് അവിടെ താമസിച്ചത്.
ഭാര്യയും മക്കളുമുള്ള ബിജു പൗലോസ് ഈ വിവരം മറച്ചുവെച്ച് 19 വയസ്സുകാരിയായിരുന്ന രേഷ്മയെന്ന ആദിവാസി യുവതിയെ വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് കൂടെ താമസിപ്പിക്കുകയായിരുന്നുവെന്ന് ദളിത് സംഘടനകൾ ചൂണ്ടിക്കാണിച്ചിട്ടും, പോലീസ് അന്വേഷണമുണ്ടായില്ല. ബിജു പൗലോസടക്കമുള്ളവർക്കൊപ്പം രേഷ്മ എറണാകുളത്തേക്ക് പോയിട്ടുണ്ടെന്നും, ഇവിടെ വെച്ച് ഇവർ രേഷ്മയെ കൊലപ്പെടുത്തിയതായും വാർത്ത വന്നിരുന്നു.
വ്യക്തമായ തെളിവുകളും സാക്ഷികളുമുണ്ടായിട്ടും യുവതിയുടെ തിരോധാനത്തിൽ ഉത്തരം കണ്ടെത്താൻ അന്വേഷണ ഏജൻസിക്ക് കഴിയാത്ത സാഹചര്യത്തിൽ 2021 സെപ്റ്റംബർ 29 –ന് രേഷ്മയുടെ തിരോധാനക്കേസ്സ് കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ ഉപരോധിക്കാൻ കേരള സ്റ്റേറ്റ് പട്ടിക ജനസമാജം തീരുമാനിച്ചു. ഒന്നാം ഘട്ട സമരത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ഒക്ടോബർ 2– ന് ഗാന്ധിജയന്തി ദിനം മുതൽ മാന്തോപ്പ് മൈതാനിയിൽ അനിശ്ചിത കാല സത്യഗ്രഹ സമരം ആരംഭിക്കുമെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.