എൻഡോസൾഫാൻ രോഗിയുടെ 2 ലക്ഷം രൂപ തട്ടിയെടുത്തു, തട്ടിപ്പിന് പിന്നിൽ മലയോരത്തെ കോൺഗ്രസ് പ്രാദേശിക നേതാക്കൾ

തട്ടിപ്പിന് പിന്നിൽ മലയോരത്തെ കോൺഗ്രസ് പ്രാദേശിക നേതാക്കൾ

രാജപുരം: എൻഡോസൾഫാൻ രോഗിക്ക് സർക്കാർ നൽകിയ ധനസഹായം 2 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് കോൺഗ്രസ് പ്രവർത്തകർക്കെതിരെ രോഗിയുടെ മാതാവ് പനത്തടി പ്രാന്തർകാവിൽ താമസിക്കുന്ന കുറുവാട്ട് വീട്ടിൽ പി.എം. കല്ല്യാണി രാജപുരം പോലീസിൽ പരാതി നൽകി.

എൻഡോസൾഫാൻ  ബാധിതനായ കല്ല്യാണിയുടെ മകന് 2019-ൽ 5 ലക്ഷം രൂപ സർക്കാർ സഹായം ലഭിച്ചിരുന്നു.

ചുള്ളിക്കര സിൻഡിക്കേറ്റ് ബാങ്ക് ശാഖയിൽ നിക്ഷേപിച്ചിരുന്ന ഈ തുകയിൽ നിന്ന്  2 ലക്ഷം രൂപ കോൺഗ്രസ് പ്രവർത്തകരായ  ശ്രീകാന്ത് കൊളപ്പുറം, എന്നയാളും ചെറുപനത്തടിയിൽ താമസിക്കുന്ന സന്തു ടോമും വായ്പയായി തന്ത്രത്തിൽ  കൈക്കലാക്കി തിരിച്ചു കൊടുക്കുന്നില്ലെന്നാണ്  പട്ടിക വർഗ്ഗ വിഭാഗക്കാരിയായ സ്ത്രീ പി.എം. കല്ല്യാണിയുടെ പരാതി.

രണ്ടുമാസത്തെ കാലാവധി പറഞ്ഞാണ് ഇരുവരും രണ്ട് ലക്ഷം രൂപ കൈക്കലാക്കിയത്.

പണത്തിന് ഈടെന്ന നിലയിൽ രണ്ട് ചെക്ക് ലീഫുകളും, സന്തുടോമിന്റെ പേരിലുള്ള വാഹനത്തിന്റെ ഒറിജിനൽ ആർസി ബുക്കും കല്ല്യാണിയെ ഏൽപ്പിച്ചിരുന്നു.

വാഹന വിൽപ്പനയുമായി ബന്ധപ്പെട്ട് ഒറിജിനൽ ആർസി ബുക്ക്  സന്തുടോം  ആയിടെ കല്ല്യാണിയിൽ നിന്ന്  തിരിച്ചു വാങ്ങുമ്പോൾ, ഈ ആർസി ബുക്കിന്റെ കളർ ഫോട്ടോ കോപ്പി രേഖകൾ പകരം നൽകുകയായിരുന്നു.

രണ്ടു മാസത്തെ കാലാവധി കഴിഞ്ഞ ശേഷം കടം നൽകിയ പണം തിരിച്ചു ചോദിച്ചപ്പോൾ, ഇന്ന്, നാളെ എന്ന് പറഞ്ഞ് ബോധപൂർവ്വം സന്തുടോം  നീട്ടിക്കൊണ്ടുപോയി.

അതിനിടയിൽ പാണത്തൂർ സ്വദേശിയും യൂത്ത് കോൺഗ്രസ് നേതാവുമായ നോയൽ ടോം ജോസഫിന്റെ മാധ്യസ്ഥതയിൽ ഈ സാമ്പത്തിക പ്രശ്നം ചർച്ച ചെയ്തുവെങ്കിലും, പണം പറ്റിയവർക്ക് അനുകൂലമായ തീരുമാനങ്ങളെടുത്ത നോയൽ ജോസഫും തങ്ങളെ മനപ്പൂർവ്വം വഞ്ചിക്കുകയായിരുന്നുവെന്ന് കല്ല്യാണി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പണം പറ്റുമ്പോൾ, എതിർകക്ഷികൾ ഈടാണെന്ന പേരിൽ  കല്ല്യാണിക്ക് നൽകിയ ചെക്ക് ലീഫുകളും, ആർസി ബുക്കിന്റെ  ഫോട്ടോ കോപ്പിയും പരാതിയോടൊപ്പം രാജപുരം പോലീസ് സ്റ്റേഷനിൽ നൽകിയിട്ടുണ്ട്.

LatestDaily

Read Previous

സർക്കാർ തീരുമാനം ഉചിതം

Read Next

കഞ്ചാവ് സംഘങ്ങൾ ഏറ്റുമുട്ടി യുവാവിന് കുത്തേറ്റു