ആനക്കൊമ്പിൽ തീർത്ത വിഗ്രഹവുമായി പിടിയിലായ പ്രതികൾ റിമാന്റിൽ

കാഞ്ഞങ്ങാട്: ആനക്കൊമ്പിൽ തീർത്ത ഗണപതി വിഗ്രഹവുമായി പിടിയിലായ മൂന്നംഗ സംഘം റിമാന്റിൽ. ഇന്നലെ ചെമ്മട്ടംവയലിലാണ് കാറിൽ കടത്തുകയായിരുന്ന വിഗ്രഹം കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ. അഷ്റഫും സംഘവും പിടികൂടിയത്.

അട്ടപ്പാടി ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന ഫേസ് എന്ന ട്രസ്റ്റിന്റെ നടത്തിപ്പുകാരനായ കോട്ടയം സ്വദേശി ജോമോൻ ജോയി, കൂട്ടാളികളായ പാലക്കാട്ടെ ബിനോജ്കുമാർ, കണ്ണൂർ സ്വദേശി പ്രവീൺ എന്നിവരെയാണ് 20 ലക്ഷം രൂപ വിലമതിക്കുന്ന ആനക്കൊമ്പിൽ തീർത്ത ഗണപതി വിഗ്രഹവുമായി വനം വകുപ്പ്  പിടികൂടിയത്.

വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന്  നടത്തിയ പരിശോധനയിലാണ് വാഗണർ കാറിൽ കടത്തുകയായിരുന്ന വിഗ്രഹം പിടികൂടിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന കെ.എൽ.35.ഏ.65 നമ്പറിലുള്ള വാഗണർ കാറും വനംവകുപ്പ്  പിടിച്ചെടുത്തു. വിഗ്രഹം വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്.

ആനക്കൊമ്പ് വിഗ്രഹക്കടത്തു കേസിലെ പ്രതികളെ ഇന്നലെ തന്നെ ഹൊസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കിയിരുന്നു. 3 പേരെയും കോടതി 14 ദിവസത്തേയ്ക്ക് റിമാന്റിലയച്ചു.

റിമാന്റിലായ പ്രതികളെ പനത്തടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ഇവർക്ക് കോവിഡ് പരിശോധന നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും.

Read Previous

വീടാക്രമിച്ച കേസ്സിൽ പ്രതികൾ മുങ്ങി

Read Next

ഖത്തറിന്റെ ആകാശം തുറക്കുന്നു