കലാശക്കൊട്ട് ഇന്ന് പ്രചാരണം മൂർധന്യത്തിൽ

കാഞ്ഞങ്ങാട് : ഒരു മാസം നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഇന്ന് കൊട്ടിക്കലാശം. തെരഞ്ഞെടുപ്പ് തദ്ദേശമാണെങ്കിലും, വീറും വാശിയുമേറിയ പ്രചാരണ പ്രവർത്തനങ്ങൾക്ക് എരിവും പുളിയും കൂട്ടാൻ ദേശീയ സംസ്ഥാന നേതാക്കൾ ഇന്നലെയും, ഇന്നും ജില്ലയിലെത്തി.

കൊട്ടിക്കലാശ ദിവസമായ ഇന്ന് പ്രമുഖ നേതാക്കൾ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങൾക്കെത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എഐസിസി ജനറൽ സിക്രട്ടറി കെ. സി. വേണുഗോപാൽ, മുസ്്ലീം ലീഗ് ദേശീയ ജനറൽ സിക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, ദേശീയ വൈസ് പ്രസിഡന്റ് എ. പി. അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന അധ്യക്ഷൻ സി. കെ. പത്മനാഭൻ, ബിജെപിയുടെ കർണ്ണാടക പുത്തൂർ എംഎൽഎ സജീവ മട്ടന്ദൂരു.

കെ. പി. സി. സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, മന്ത്രി ഇ. ചന്ദ്രശേഖരൻ, തുടങ്ങിയവർ ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പിന് ചൂട് പകരാനെത്തി.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി. കെ. ശ്രീമതി, ഡിവൈഎഫ്ഐ സംസ്ഥാന സിക്രട്ടറി എ. എ. റഹീം, യൂത്ത് കോൺഗ്രസ്സ്, നേതാവ് ഷാഫി പറമ്പിൽ എംഎൽഏ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി. കെ. ഫിറോസ് തുടങ്ങിയവർ ഇന്ന് പ്രചാരണ പരിപാടിക്കെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യവാരത്തിൽ സ്ഥാനാർത്ഥികളെല്ലാം ഗൃഹസന്ദർശനം പൂർത്തിയാക്കി. കുടുംബ യോഗങ്ങൾ സംഘടിപ്പിച്ചും, വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കാനുമാണ് പ്രചാരണ സമയത്തിന്റെ ഏറിയ പങ്കും വിനിയോഗിച്ചത്. വാഹന പ്രചാരണത്തിനും കുറവുണ്ടായില്ല. ഇതിനെല്ലാം പുറമെ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണ പ്രവർത്തനങ്ങളും കൊടുമ്പിരിക്കൊണ്ടു. ഇന്ന് വൈകീട്ട് 7 മണിക്ക് പരസ്യ പ്രചാരണം അവസാനിക്കും. പിന്നീടുള്ള 48 മണിക്കൂർ മൗന പ്രചാരണത്തിനുള്ളതാണ്.

LatestDaily

Read Previous

സംരക്ഷണം തേടി മുസ്്ലീം ലീഗ് വിമത സ്ഥാനാർത്ഥി

Read Next

ബൂത്തുകൾ സജ്ജം; നാളെ നിശബ്ദം; വോട്ടെടുപ്പ് തിങ്കൾ