പ്രചാരണം കൊഴുത്തു കൊട്ടിക്കലാശം സമൂഹ മാധ്യമങ്ങളിലൊതുങ്ങും

കാഞ്ഞങ്ങാട് : മൂന്നാമത്തേതും അവസാനത്തേതുമായ വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്തു. പരസ്യ പ്രചാരണം നാളെ വൈകീട്ട് അവസാനിക്കാനിരിക്കെ ഇത്തവണ കലാശക്കൊട്ടിനുള്ള വലിയ മുന്നൊരുക്കങ്ങളൊന്നും എവിടെയുമില്ല. എന്നാൽ സമൂഹ മാധ്യമങ്ങളിലായിരിക്കും ഇത്തവണത്തെ കൊട്ടിക്കലാശത്തിന്റെ പര്യവസാനം.

നാട്ടിൻപുറങ്ങളിലും, നഗരത്തിലും പതിവ് കോർണർ യോഗങ്ങൾ ഇത്തവണ പേരിന് മാത്രമായിരുന്നുവെങ്കിലും, കുടുംബ യോഗങ്ങൾ സജീവമായിരുന്നു.
ഫ്ലക്സ് ബോർഡുകളുടെ എണ്ണവും ഇത്തവണ കുറവായിരുന്നു. എന്നാൽ പഴയ കാലത്തെ ചുമരെഴുത്തുകൾ ഇത്തവണ പലേടത്തും പുനർജ്ജനിച്ചു. അതേസമയം സമൂഹ മാധ്യമങ്ങളിൽ പല നിറത്തിലുള്ള പോസ്റ്ററുകളും വീഡിയോ ദൃശ്യങ്ങളും പങ്ക് വെച്ചുള്ള പ്രചാരണം കൊഴുക്കുകയാണ്. പ്രമുഖ കക്ഷികൾ ഓൺലൈൻ യോഗങ്ങളിലൂടെയും വാട്സാപ്പ് സന്ദേശങ്ങൾ വഴിയും ഫേസ്ബുക്ക് ഉപയോഗിച്ചുമുള്ള പ്രചാരണങ്ങളാണ് മുഖ്യമായും നടത്തുന്നത്.

ദേശീയ- സംസ്ഥാന നേതാക്കളുടെ പേരിലുള്ള വോട്ട് അഭ്യർത്ഥനകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവിധ കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേകം ടീമുകൾ തന്നെയുണ്ട്. പൊതു പ്രചാരണം നാളെ അവസാനിക്കുന്നത് വരെ നേതാക്കളുടെ പര്യടനവും സ്ഥാനാർത്ഥികളുടെ പൊതു പ്രചാരണവും തുടരും. ഞായറാഴ്ച നിശ്ശബ്ദ പ്രചാരണം. അതിനിടെ ഇടതു -വലതു മുന്നണികളുടെയും ബിജെപിയുടെയും പ്രമുഖ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പ്രചാരണ പര്യടനം നടത്തി.

ഏഐസിസി ജനറൽ സിക്രട്ടറി കെ.സി. വേണുഗോപാൽ, മുസ്്ലീം ലീഗ് ദേശീയ ജനറൽ സിക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി, ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം പി.കെ. കൃഷ്ണദാസ്, സിപിഐ ദേശീയ കമ്മിറ്റിയംഗം പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പ്രചാരണത്തിനെത്തി. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, ഡിവൈഎഫ്ഐ സംസ്ഥാന സിക്രട്ടറി ഏ .ഏ. റഹീം എന്നിവർ ഇന്ന് വിവിധ യോഗങ്ങളിൽ സംബന്ധിക്കുന്നുണ്ട്.

ഇടതു പ്രചാരണങ്ങൾക്ക് കരുത്തായി കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ജില്ലയിലുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞ് മാത്രമെ മന്ത്രി ഇ. ചന്ദ്രശേഖരൻ ഇനി തലസ്ഥാനത്തേക്ക് മടങ്ങുകയുള്ളു. ത്രിതല പഞ്ചായത്തുകളിലും നഗര സഭകളിലും വിവിധ കക്ഷികളുടേതായി നിരവധി യുവ നേതാക്കൾ മത്സര രംഗത്തുള്ളതിനാൽ ഇത്തവണത്തെ കുടുംബ യോഗങ്ങളിലും വീട് കയറിയുള്ള പ്രചാരണങ്ങളിലും യുവാക്കളുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്.

LatestDaily

Read Previous

പോലീസ് മേധാവി ഇടപെട്ടു ചീമേനി പോലീസിൽ ശുദ്ധികലശമുണ്ടാകും

Read Next

മൻസൂർ ആശുപത്രി വാതിൽ ചവിട്ടിപ്പൊളിച്ചു 2 പേർക്കെതിരെ കേസ്