ബൂത്തുകൾ സജ്ജം; നാളെ നിശബ്ദം; വോട്ടെടുപ്പ് തിങ്കൾ

കാഞ്ഞങ്ങാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ശബ്ദ കോലാഹലങ്ങൾ ഇന്ന് വൈകീട്ട് സമാപിക്കുന്നതോടെ നാളെ നിശബ്ദ പ്രചാരണത്തിനുള്ള ഒരുക്കത്തിലാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. തിങ്കളാഴ്ച രാവിലെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി വോട്ടെടുപ്പ് കേന്ദ്രങ്ങൾ ഇന്ന് വൈകുന്നേരത്തോടെ സജ്ജമാകും.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം രാഷ്ട്രീയ പാർട്ടികൾ ഇതേവരെയായി സ്വീകരിച്ച നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തിയ ജില്ലാ കലക്ടർ ഡി. സജിത്ബാബു ഇന്നത്തെ പരസ്യ പ്രചാരണ സമാപനത്തിലും , വോട്ടെടുപ്പിലും കോവിഡ് പ്രോട്ടോക്കോൾ കർശ്ശനമായി പാലിക്കാൻ സ്ഥാനാർത്ഥികളോടും നേതാക്കളോടും പ്രവർത്തകരോടും അഭ്യർത്ഥിച്ചു.

തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനായി പണവും മദ്യവും വിതരണം ചെയ്യുന്നതായ പരാതികളുടെ അടിസ്ഥാനത്തിൽ വിവിധ കോളനികൾ ഉൾപ്പെടെ ജനങ്ങൾ കൂടിച്ചേരുന്ന കേന്ദ്രങ്ങൾ തിരിച്ചറിയാൻ രഹസ്യ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് ശേഷം ഇതിന്റെ വിശദ റിപ്പോർട്ട് ജില്ലാ കലക്ടർ സംസ്ഥാന ഇലക്ഷൻ കമ്മീഷണർക്ക് നൽകും.1409 പോളിംഗ് ബൂത്തുകളാണ് ജില്ലയിൽ ഒരുക്കുന്നത്. 10,48,566 വോട്ടർമാരാണ് ജില്ലയിൽ ആകെയുള്ളത്. ഇതിന് പുറമെ 79 പ്രവാസി വോട്ടർമാരുമുണ്ട്.

തെരഞ്ഞെടുപ്പ് ജോലികൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ എന്നിവരുൾപ്പെട്ട 18 നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. കോവിഡ് സുരക്ഷയുടെ ഭാഗമായി പോളിംഗ് ബൂത്തുകളിൽ ഉപയോഗിക്കാൻ 9863 ലിറ്റർ സാനിറ്റൈസറും മാസ്ക്കുകളും ഫെയ്സ് ഷീൽഡ്, ഗ്ലൗസ് എന്നിവയും ബൂത്തുകളിലേക്ക് സജ്ജമാക്കിയിട്ടുണ്ട്.

LatestDaily

Read Previous

കലാശക്കൊട്ട് ഇന്ന് പ്രചാരണം മൂർധന്യത്തിൽ

Read Next

അമ്പലച്ചിട്ടി 13 ലക്ഷവുമായി മുങ്ങിയ ആൾ തിരിച്ചെത്തിയില്ല