നീലേശ്വരം നഗരസഭ കോൺഗ്രസ് ചർച്ച പുരോഗമിക്കുന്നു

നീലേശ്വരം:  നീലേശ്വരം നഗരസഭയിലേക്കുള്ള  തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഘടക കക്ഷിയായ മുസ്്ലീം ലീഗ് 5 സീറ്റുകളിലും, സിഎംപി ഒരു സീറ്റിലും മത്സരിക്കും. ബാക്കിയുള്ള  26 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും.

നീലേശ്വരം നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ ചിത്രം ഇതുവരെ വ്യക്തമായിട്ടില്ല. യുഡിഎഫിലെ പ്രധാന കക്ഷിയായ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനായി കോൺഗ്രസ്  വാർഡ് കൺവെൻഷനുകൾ വിളിച്ചു ചേർത്തിട്ടുണ്ട്. നവമ്പർ  10 നുള്ളിൽ വാർഡ് കൺവെൻഷനുകൾ സമാപിക്കും.

വാർഡ്  കൺവെൻഷനുകളിൽ അതാത്  വാർഡിലെ സ്ഥാനാർത്ഥികളെക്കുറിച്ച് ധാരണയുണ്ടാക്കിയ ശേഷം കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്ക്  സമർപ്പിക്കും. സ്ഥാനാർത്ഥി ലിസ്റ്റ് മണ്ഡലം കമ്മിറ്റി  പരിശോധിച്ച ശേഷം ജില്ലാക്കമ്മിറ്റിയുടെ പരിഗണനയ്ക്കയക്കും. ചെയർപേഴ്സൺ പദവി വനിതാ സംവരണമായതിനാൽ കെപിസിസിയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. ഇത്തവണ നീലേശ്വരം നഗര ഭരണം തിരികെ പിടിക്കുമെന്ന വാശിയിൽ യുഡിഎഫ് രംഗത്തുണ്ടെങ്കിലും, കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കുകൾ വിജയ സാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുമെന്ന് ആശങ്കയുണ്ട്.

നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മഡിയൻ ഉണ്ണികൃഷ്ണനും, നീലേശ്വരം സഹകരണ ബാങ്ക്  പ്രസിഡണ്ട് രാധാകൃഷ്ണൻ നായരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിക്കുള്ളിൽ  മുഴച്ച് നിൽക്കുന്നുണ്ട് . ബാങ്കിന്റെ പേരിൽ സ്ഥലമെടുത്തത് സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ നടക്കുന്ന തർക്കങ്ങളിൽ  പാർട്ടി ഇടപെട്ടെങ്കിലും,  മഡിയൻ ഉണ്ണികൃഷ്ണനും, രാധാകൃഷ്ണനും തമ്മിൽ നടക്കുന്ന ഉൾപ്പോരുകൾ അവസാനിച്ചിട്ടില്ല.

നീലേശ്വരം നഗരസഭയിൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ പടിഞ്ഞാറ്റം  കൊഴുവലിലെ സതീഷ് കരിങ്ങാട്ടിന്റെ ഭാര്യയെ ചെയർപേഴ്സണാക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മഡിയൻ ഉണ്ണികൃഷ്ണൻ പുറത്തുവിട്ടിരുന്നു.ഇത് പാർട്ടിക്കുള്ളിൽ  അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് ഉണ്ണികൃഷ്ണന്റെ അടുത്ത സുഹൃത്തായ  സതീഷ് കരിങ്ങാട്ടിന്റെ ഭാര്യയെ പടിഞ്ഞാറ്റം കൊഴുവലിൽ മത്സരിപ്പിച്ച് വിജയിപ്പിച്ച് ചെയർപേഴ്സണാക്കാനാണ് നീക്കം.

കോൺഗ്രസിന്റെ ചെയർപേഴ്സണെ നിശ്ചയിക്കാനുള്ള അധികാരം  സംസ്ഥാന കമ്മിറ്റിക്കാണെന്നിരിക്കെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മാത്രമായ മഡിയൻ ഉണ്ണികൃഷ്ണൻ നഗരസഭാ ചെയർപേഴ്സണെ പ്രഖ്യാപിച്ചതിൽ അനൗചിത്യമുണ്ടെന്നാണ് എതിർ വിഭാഗം  തുറന്നു പറഞ്ഞു. നഗരസഭാ തെരഞ്ഞെടുപ്പിൽ  ഇത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥിയായി  എറുവാട്ട്  മോഹനൻ  മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. യുഡിഎഫിന് ഭൂരിപക്ഷം  ലഭിക്കുകയാണെങ്കിൽ,  വൈസ് ചെയർമാൻ സ്ഥാനത്തിൽ എറുവാട്ടിന് ഒരു കണ്ണുണ്ട്.

LatestDaily

Read Previous

ഖമറുദ്ദീന്റെ ഹരജി അറസ്റ്റ് ഭയന്ന്

Read Next

മുസ്ലീംലീഗ് ജില്ലാ നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു