ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാഷ്ട്രീയപ്പാർട്ടികൾ കൊറോണ ലഹരിയിൽ
കാഞ്ഞങ്ങാട്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തവണ ഒരു പടികൂടി മുന്നിലാണ്. ഡിസംബർ 14-ന് മലബാർ മേഖലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്താനുള്ള സകല ഒരുക്കങ്ങളും കൊറോണയെ ഒട്ടും വകവെക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിക്കഴിഞ്ഞപ്പോൾ, നാട്ടിലുള്ള മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളെല്ലാം ഏറെ പിന്നിലാണ്.
പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കാനുള്ള പോരാട്ടത്തിൽ സമർപ്പിക്കേണ്ട അച്ചടിച്ച നാമനിർദ്ദേശപ്പത്രികകളുടെ കെട്ടുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ വരാണാധികാരികളടക്കമുള്ള ഉദ്യോഗസ്ഥർ നവംബർ 11 ബുധനാഴ്ച മുതൽ അതാതു തദ്ദേശസ്ഥാപനങ്ങളിൽ കാത്തിരിക്കുന്നുണ്ടെങ്കിലും, ഇന്നലെ 15-ാം തീയ്യതി വരെ ഒരാൾ പോലും നാമനിർദ്ദേശപ്പത്രിക വാങ്ങാൻ കാഞ്ഞങ്ങാട് നഗരസഭയിലെത്തിയില്ല.
നാമനിർദ്ദേശപ്പത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി നവംബർ 19 ആണ്. ഇന്നൊഴികെ ഇനി മൂന്നു നാൾ മാത്രമാണ് പത്രികാസമർപ്പണം.
പോയ കാലങ്ങളെ അപേക്ഷിച്ച് 2020 – 25 വർഷത്തേക്കുള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പാർട്ടി പ്രാദേശിക നേതാക്കളുടെ തള്ളിക്കയറ്റം പതിൻമടങ്ങാണ്. കാഞ്ഞങ്ങാട് നഗരസഭയിൽ ഉൾപ്പെട്ട നിലാങ്കര വാർഡിൽ മുസ്ലീം ലീഗ് ടിക്കറ്റ് തേടി ഏഴുപേരാണ് ഇന്നുച്ചവരെയും രംഗത്തുള്ളത്. ഈ വാർഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഏതാണ്ട് ഉറപ്പിച്ചുവെങ്കിലും, വാർഡ് 18-ൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് ശേഷം, എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് ഇടതുമുന്നണിയിലെ പ്രബല കക്ഷിയായ സിപിഎമ്മിന്റെ തീരുമാനം.
ബിജെപിയുടെ അഞ്ച് ഉറച്ച വാർഡുകളിൽ പല വാർഡുകളിലും ഇനിയും ബൂത്ത് കമ്മിറ്റികൾ പോലും വിളിക്കാൻ കഴിയാതെ പോയത് സ്ഥാനാർത്ഥികളുടെ തള്ളിക്കയറ്റം ഒന്നു കൊണ്ടു മാത്രമാണ്. നീണ്ട മൂന്ന് പതിറ്റാണ്ടുകാലം ബിജെപിയോടൊപ്പം അണി ചേർന്ന മുൻ കൗൺസി ലർ സി. കെ. വൽസലൻ അരയിക്ക് ഇത്തവണ സീറ്റ് നിഷേധിച്ച സംഭവത്തിൽ അന്തിമ തീരുമാനത്തിലെത്താൻ ബിജെപിക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
വൽസലന് സീറ്റ് കൊടുക്കണമെന്ന് തന്നെയാണ് ബിജെപിയിൽ ഭൂരിഭാഗത്തിന്റെയും ഉറച്ച നിലപാട്.
സീറ്റ് ലഭിച്ചില്ലെങ്കിലും, വൽസലൻ പാർട്ടി വിടില്ല. സിപിഎം നഗരസഭയിലേക്ക് ഉയർത്തിക്കാട്ടാൻ ആദ്യം തീരുമാനിച്ച ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് പി. കെ. നിഷാന്തിന് മൽസരിക്കാൻ വിജയ സാധ്യതയുള്ള സീറ്റുകളില്ലാത്തതുകൊണ്ട് തന്നെ നിഷാന്തിനെ ജനാധിപത്യ പ്രക്രിയയിൽ നിന്ന് ഇത്തവണ മാറ്റി നിർത്താൻ പാർട്ടി ജില്ലാക്കമ്മിറ്റി തന്നെ തീരുമാനിക്കുകയായിരുന്നു.