എൽദോസ് കുന്നപ്പിള്ളി എംഎൽഎ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം: കെ.കെ രമ

കോഴിക്കോട്: കോൺഗ്രസിന്റെ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗികാരോപണ പരാതിയുടെ പശ്ചാത്തലത്തിൽ എംഎൽഎ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെ.കെ രമ എംഎൽഎ. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരുന്നുകൊണ്ട് അന്വേഷണം നേരിടുന്നത് ധാർമ്മികമല്ലെന്നും എത്രയും വേഗം എൽദോസ് നിയമത്തിന് മുന്നിൽ കീഴടങ്ങണമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണ രൂപത്തിൽ –

“പൊതുപ്രവർത്തകരും ജനപ്രതിനിധികളുമെല്ലാം പൊതുജീവിതത്തിലെന്ന പോലെ സ്വകാര്യ ജീവിതത്തിലും മാതൃകാപരമായ ജനാധിപത്യ മൂല്യങ്ങൾ പുലർത്തേണ്ടതുണ്ട്. ക്രിമിനൽ കേസുകളിലുൾപ്പെട്ടാൽ നിരപരാധിത്വം തെളിയിക്കപ്പെടും വരെ തങ്ങൾ നിർവ്വഹിക്കുന്ന ചുമതലകളിൽ നിന്ന് മാറി നിൽക്കുകയും അന്വേഷണം നേരിടുകയുമാണ് ജനാധിപത്യ ധാർമ്മികത. അവരെ അതിന് പ്രേരിപ്പിക്കാനുള്ള ബാദ്ധ്യത അവരുടെ രാഷ്ട്രീയ നേതൃത്വങ്ങൾക്കുമുണ്ട്.

സ്ത്രീ പീഡനമടക്കമുള്ള കേസുകളിൽ ഉൾപ്പെട്ട നിരവധി നേതാക്കളെ അതാത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചതിന് നിരവധി ഉദാഹരണങ്ങൾ സമീപകാല കേരളത്തിലുണ്ട്.
എതിരാളികളിൽപെട്ടവർ കേസിൽ പെടുമ്പോൾ ആഘോഷിക്കുകയും തങ്ങളിൽ പെട്ടവർക്ക് നേരെയാവുമ്പോൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന കക്ഷി താല്പര്യ സങ്കുചിതത്വമല്ല, പൊതുജനാധിപത്യ ധാർമ്മികതയും നൈതികതയും ഉയർത്തിപ്പിടിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.

സമാനമായ ഒരാരോപണവും കേസും നേരിടുന്ന എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണം നേരിടുന്നത് ധാർമ്മികതയല്ല.എത്രയും വേഗം നിയമത്തിനു കീഴടങ്ങുകയാണ് എൽദോസ് ചെയ്യേണ്ടത്. തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്ന കോൺഗ്രസ്/യുഡിഎഫ് നേതൃത്വങ്ങളുടെ നിലപാട് പ്രായോഗികവും നീതിപൂർവ്വവും ആകേണ്ടതുണ്ട്.”
-കെ.കെ.രമ

K editor

Read Previous

ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ ഇരുണ്ടചക്രവാളത്തി​ലെ ശോഭയുള്ളയിടം: ഐഎംഎഫ്

Read Next

ഇരട്ടനരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു