ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഇലന്തൂര്‍: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ ഒന്നാം പ്രതിയായ ഷാഫി കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങൾ മുറിച്ചത് എങ്ങനെയെന്ന് ഡമ്മിയിൽ പൊലീസിനും ഫോറൻസിക് സർജനും കാണിച്ച് കൊടുത്തു. കൊലപാതകം നടന്ന സ്ഥലമാണെന്ന് പ്രതികൾ പറഞ്ഞ ഇലന്തൂരിലെ കടകംപള്ളി വീട്ടിൽ വെള്ളിയാഴ്ച നടന്ന തെളിവെടുപ്പിനിടെയായിരുന്നു ഇത്. കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ.ലിസ ജോൺ ഇത് നിരീക്ഷിച്ചു. ഡോക്ടറുടെ അഭിപ്രായം പിന്നീട് റിപ്പോർട്ടായി സമർപ്പിക്കും. ഫോറൻസിക് മേധാവിയുടെ ഈ റിപ്പോർട്ട് കേസിൽ നിർണായക തെളിവാകും.
കൊലപാതകം നടന്ന മുറിയിലാണ് സംഭവം ഡമ്മിയിൽ പുനരാവിഷ്കരിച്ചത്. ഇത് നടത്തുമ്പോൾ വീട്ടുടമസ്ഥനും കേസിലെ രണ്ടാം പ്രതിയുമായ ഭഗവൽ സിംഗിനെയും അടുത്ത് നിർത്തിയിരുന്നു. ഭഗവൽ സിങ്ങിന്‍റെ ഭാര്യയും മൂന്നാം പ്രതിയുമായ ലൈലയെ വെള്ളിയാഴ്ച തെളിവെടുപ്പിന് എത്തിച്ചിരുന്നില്ല.
കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പത്മയുടെ മൃതദേഹം 56 കഷണങ്ങളായും റോസ്ലിന്‍റെ മൃതദേഹം അഞ്ച് കഷണങ്ങളായും മുറിച്ചതായി കണ്ടെത്തിയിരുന്നു. എങ്ങനെയാണ് ഇത്രയും കഷണങ്ങൾ ആക്കിയതെന്ന് കാണിക്കാൻ ഡോ. ലിസ ജോൺ ഷാഫിയോട് ആവശ്യപ്പെട്ടു.