ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഇന്ത്യൻ ചലച്ചിത്ര സംഗീത മേഖലയിലെ അപൂർവ്വ ശബ്ദസാന്നിദ്ധ്യമാണ് എസ്. പി. ബാലസുബ്രഹ്മണ്യന്റെ വിയോഗത്തോടെ ഇല്ലാതായിരിക്കുന്നത്. ചലച്ചിത്ര മേഖലയിൽ ഗാനഗന്ധർവ്വൻ യേശുദാസിനൊപ്പം സമശീർഷനായി നിന്ന എസ്. പി. ബി സംഗീത മേഖലയിൽ പാട്ടിന്റെ പാലാഴി തീർത്ത സംഗീത രൂപൻ കൂടിയാണ് .
സംഗീതം ഉടൽ രൂപമായി പിറവിയെടുത്തതാണെന്ന് തോന്നിക്കുന്ന വിധത്തിൽ അതുല്യ പ്രകടനങ്ങൾ നടത്തിയ എസ്. പി. ബാലസുബ്രഹ്മണ്യം ശാസ്ത്രീയ സംഗീതത്തിന്റെ സാമ്പ്രദായിക പഠനങ്ങളൊന്നും പൂർത്തിയാക്കാതെ എങ്ങനെ മികച്ച ഗായകനായെന്നത് സംഗീത പ്രേമികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
1966ൽ പുറത്തിറങ്ങിയ മര്യാദ രാമണ്ണ എന്ന സിനിമയിൽ ഗായകനായി അരങ്ങേറ്റം കുറിച്ചതിൽപ്പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലാത്ത കലാകാരൻ കൂടിയാണ് എസ്. പി. ബി. അഞ്ചരപതിറ്റാണ്ടോളം നീണ്ട സംഗീത യാത്രയ്ക്കൊടുവിൽ പാടിയ പാട്ടുകൾ മാത്രം ആസ്വാദകർക്ക് മുന്നിൽ അവശേഷിപ്പിച്ചാണ് എസ്. പി. ബാലസുബ്രഹ്മണ്യം വിടവാങ്ങിയത്.
പതിനാറ് ഇന്ത്യൻ ഭാഷകളിലായി നാല്പതിനായിരത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുള്ള മറ്റൊരു ഗായകൻ ഇന്ത്യയിലുണ്ടായിട്ടില്ല. 1979 ൽ പുറത്തിറങ്ങിയ “ശങ്കരാഭരണം” എന്ന സിനിമയിലെ ഗാനങ്ങൾ മാത്രം മതി ഈ അതുല്യ കലാകാരന്റെ പ്രതിഭയുടെ മാറ്ററിയാൻ. നിരവധി തവണ പുരസ്ക്കാരങ്ങൾക്കർഹനായ ഗായകനെ രാജ്യം പദ്മശ്രീയും, പദ്മഭൂഷണും നല്കി ആദരിച്ചിട്ടുമുണ്ട്.
ശാരീര സൗകുമാര്യയവും , ശരീര സൗകുമാര്യവും ഒത്തിണങ്ങിയ കലാകാരനായ എസ്. പി. ബാലസുബ്രഹ്മണ്യം വെള്ളിത്തിരയിലും തന്റേതായ ഇടം നേടി സഹൃദയ മനസ്സിൽ കൂടിയേറിയ കലാകാരനാണ് . സംഗീത പ്രേമികളുള്ള കാലത്തോളം ചുണ്ടിൽ മൂളി നടക്കുന്ന മികച്ച ഗാനങ്ങളുടെ ഉടമയായ അതുല്യ പ്രതിഭയുടെ നിര്യാണം സംഗീത ലോകത്തിന് തീർത്താൽ തീരാത്ത നഷ്ടം തന്നെയാണ്
മലയാളികൾ നെഞ്ചേറ്റി നടന്ന ഗായകൻ കൂടിയാണ് എസ്. പി. ബാലസുബ്രഹ്മണ്യം അദ്ദേഹത്തിന്റെ വിയോഗം ഒാരോ മലയാളിയുടെയും മനസ്സിൽ വിങ്ങലുണ്ടാക്കുന്നത് തന്നെയാണ്. ഇന്ത്യൻ ചലച്ചിത്ര ഗാനശാഖയിലെ അത്ഭുതമായ കെ. ജെ. യേശുദാസിനൊപ്പമാണ് മലയാളി മനസ്സുകളിൽ ബാലസുബ്രഹ്മണ്യത്തിന്റെ സ്ഥാനം.