സൈബർ നിയന്ത്രണം സ്വാഗതാർഹം

സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപങ്ങൾ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി ഭേദഗതി ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനം കാലഘട്ടത്തിന് ചേർന്ന തീരുമാനം തന്നെയാണ്. സമൂഹ മാധ്യമങ്ങൾ വഴി നടക്കുന്ന പരസ്പരമുള്ള ചെളിവാരിയെറിയലുകൾക്ക് നിയമം വഴി അറുതിയാകുമെന്ന് പ്രതീക്ഷിക്കാം.


സൈബറിടങ്ങളിലെ അധിക്ഷേപങ്ങൾ സകല നിയന്ത്രണങ്ങളുടെയും കയർ പൊട്ടിച്ച് രൂക്ഷമായ സമകാലീന സാഹചര്യത്തിൽ ഇവയെല്ലാം നിയമം വഴി നിയന്ത്രിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ആരെയും എന്തും പറയാമെന്ന അവസ്ഥയും പിന്നിട്ട് നവ മാധ്യമങ്ങളിലെ പോസ്റ്റുകൾ പലപ്പോഴും സഭ്യതയുടെ എല്ലാ അതിർ വരമ്പുകളും ലംഘിച്ചു കൊണ്ട് മുന്നേറുകയാണ്.


സൈബർ കുറ്റകൃത്യങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ അപര്യാപ്തമായതിനെത്തുടർന്നാണ് പോലീസ് ആക്ടിൽ ഭേദഗതി വരുത്തി പുതിയ നിയമം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കാനാവശ്യപ്പെട്ട് കേരള ഹൈക്കോടതി ചീഫ് സിക്രട്ടറിക്ക് നൽകിയ നിർദ്ദേശമാണ് പുതിയ നിയമത്തിന് ബീജാപാപം നല്കിയതെന്ന് വേണം കരുതാൻ.


യൂട്യൂബ് ചാനൽ വഴി സ്ത്രീ സമൂഹത്തെ അപമാനിച്ച തിരുവന്തപുരം സ്വദേശിയെ മൂന്ന് സ്ത്രീകൾ ചേർന്ന് കയ്യേറ്റം ചെയ്ത സംഭവം കേരളത്തിൽ ഏറെ വിവാദമുണ്ടാക്കിയിരുന്നു. സ്ത്രീകളെ ആഭാസകരമായി ചിത്രീകരിച്ച യുട്യൂബ് ഞെരമ്പ് രോഗിയെ ന്യായീകരിക്കാനും കേരളത്തിൽ ആൾക്കാരുണ്ടായിരുന്നുവെന്നത് ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്.
നവമാധ്യമങ്ങളിലെ തോന്ന്യാസങ്ങളെ നിയന്ത്രിക്കാൻ ശക്തമായ നിയമമില്ലാത്തതിന്റെ പേരിലാണ് തിരുവന്തപുരത്ത് സ്ത്രീകൾക്ക് നിയമം കയ്യിലെടുക്കേണ്ടി വന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ അമിതമായ സ്വതന്ത്ര്യം ഒരാളെ എത്രമാത്രം അധഃപ്പതിപ്പിക്കുമെന്ന് കാണാൻ നവമാധ്യമങ്ങളിൽ കമന്റുകളുടെയും , ഫേസ്ബുക്ക് പോസ്റ്റുകളുടെയും പേരിൽ വരുന്ന ഭരണിപ്പാട്ടുകൾ തന്നെ ധാരാളം.


സൈബർ പ്ലാറ്റ്ഫോമിൽ ഏറ്റവും കൂടുതൽ ആക്ഷേപത്തിനിരയാകുന്നത് സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരും, ജനപ്രതിനിധികളും, ഭരണാധികാരികളും, ചലചിത്ര താരങ്ങളുമാണെന്നതാണ് യാഥാർത്ഥ്യം . രാഷ്ട്രീയ പാർട്ടികളുടെ അണികൾ എതിർപക്ഷത്തെ രാഷ്ട്രീയ നേതാക്കളോടും , ചലച്ചിത്ര നടിനടൻമാരുടെ ആരാധകർ പരസ്പരവും നടത്തുന്ന ആക്ഷേപങ്ങൾ കൊടുങ്ങലൂർ ഭരണിപ്പാട്ടിനെയും കടത്തിവെട്ടുന്നവയാണ്.


സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്ക് പിന്നിൽ ജനപ്രതിനിധികൾ പോലുമുണ്ടാകാറുണ്ടെന്നത് മാാനഭിമാനമുള്ള ആരെയും ലജ്ജിപ്പിക്കുന്നതാണ്. സോഷ്യൽ പ്ലാറ്റ് ഫോമിൽകവലച്ചട്ടമ്പികളെപ്പോലെ പെരുമാറുന്ന സൈബർ ഗുണ്ടകളെയും , സ്ത്രീ സമൂഹത്തെയൊന്നാകെ വാക്കുകൾ കൊണ്ട് ബലാത്സംഗം ചെയ്യുന്ന സൈബർ ഞരമ്പ് രോഗികളുടെയും മനോ വൈകല്യം പരിഹരിക്കാൻ പുതിയ സൈബർ ആക്ട് സഹായിക്കുമെന്ന് പ്രതീക്ഷിക്കാം

Read Previous

കോവിഡ് ആശുപത്രി: രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മരണം വരെ നിരാഹാര സമരത്തിന്

Read Next

കാഞ്ഞങ്ങാട് നഗരസഭ ഇടതു തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു