വികസനം അട്ടിമറിക്കരുത്

അധികാരക്കസേരയിൽ കയറിപ്പറ്റാൻ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ ഏത് തന്ത്രവും പയറ്റുമെന്നതിന്റെ ഉദാഹരണങ്ങൾ കേരളം കുറച്ചുകാലമായി കണ്ടുകൊണ്ടിരിക്കുകയാണ്. ഭരണമില്ലാത്ത അവസ്ഥയുമായി യാതൊരു തരത്തിലും പൊരുത്തപ്പെട്ട് ജീവിക്കാനാവാത്ത രാഷ്ട്രീയ നേതാക്കൾ നിലവിലെ ഭരണനേതൃത്വത്തെ താഴെയിറക്കി അവിടെ കയറിപ്പറ്റാൻ ശ്രമിക്കുന്നതും സ്വാഭാവികം.

വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രം ഏറ്റവും കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത് രാഷ്ട്രീയ നേതാക്കളാണ്. ഇത്തരത്തിലുള്ള ഒരു തന്ത്രമാണ് കഴിഞ്ഞ ദിവസം കേരളത്തിലെ ഉത്തരവാദപ്പെട്ട ഒരു പ്രതിപക്ഷ കക്ഷിയുടെ നേതാവ് പ്രയോഗിച്ചത്. സർക്കാർ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികൾ പരമാവധി വൈകിപ്പിച്ച് സർക്കാരിനെതിരെ ജനവികാരം സൃഷ്ടിക്കുക എന്ന തന്ത്രമാണ് ഇത്തവണ നിർദ്ദേശിക്കപ്പെട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ  മാത്രം അവശേഷിച്ചിരിക്കുമ്പോൾ, തെരഞ്ഞെടുപ്പിനെ ധീരമായി നേരിട്ട് അധികാരത്തിൽ തിരിച്ചു വരാനുള്ള ശ്രമങ്ങൾ നടത്തുന്നതിന് പകരം പാവപ്പെട്ട പൊതുജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളെ തുരങ്കം വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആഹ്വാനം ചെയ്ത രാഷ്ട്രീയനേതൃത്വം സാധാരണക്കാരായ പൊതുജനത്തിന്റെ മുഖത്ത് കാർക്കിച്ച് തുപ്പുകയാണ് ചെയ്തിരിക്കുന്നത്.

അഞ്ച് വർഷത്തെ ഇടവേളയിൽ പൊതുജനത്തിനു വേണ്ടി  ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള ആത്മവിശ്വാസക്കുറവായിരിക്കും ഇത്തരമൊരു കൃത്യത്തിന് പ്രസ്തുത രാഷ്ട്രീയ കക്ഷിയെ പ്രേരിപ്പിച്ചതെന്ന് കരുതാം. ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാക്കന്മാരെന്നും അവരുടെ ചൂണ്ടുവിരലിൽപ്പതിപ്പിക്കുന്ന മഷിയിലൂടെയാണ് ഭരണകൂടങ്ങൾ  വാഴുന്നതും, വീഴുന്നതുമെന്ന സാമാന്യ രാഷ്ട്രീയ ബോധം പോലുമില്ലാത്തവരുടെ തലയിൽ മാത്രമേ ഇത്തരം ചിന്തകൾ കയറിക്കൂടുകയുള്ളു.

ഫയലുകൾ ചോർത്തി സർക്കാർ തീരുമാനങ്ങളെ അട്ടിമറിക്കാൻ ആര് ശ്രമിച്ചാലും അവർ ജനാധിപത്യ വ്യവസ്ഥയോട് തന്നെ കുറ്റം ചെയ്യുന്നവരാണെന്ന് പറയേണ്ടിവരും. അധികാരമെന്നത് പൊതുജനങ്ങളെ സേവിക്കാനാണെങ്കിൽ ഇത്തരം സേവനങ്ങളല്ല പൊതുജനം ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികളിൽ നിന്നും പ്രതീക്ഷിക്കുന്നത്.

അതാത് കാലത്തെ ഭരണകൂടത്തിന്റെ പാളിച്ചകൾ യുക്തിസഹമായി എണ്ണിപ്പറഞ്ഞായിരിക്കണം ഓരോ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പുകളെ നേരിടേണ്ടത്. അതിന് കഴിയുന്നില്ലെങ്കിൽ അത് രാഷ്ട്രീയ പാർട്ടികളുടെ കഴിവുകേടാണ്. വോട്ടർമാരുടെ ക്ഷേമപദ്ധതികൾ തുരങ്കം വെച്ച് അതിൽ നിന്ന് മുതലെടുപ്പ് നടത്തി അധികാരത്തിലെത്താൻ ഏത് രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചാലും അവയെല്ലാം നാടിന്റെ ശാപങ്ങൾ തന്നെയാണ്.

ഫയൽ ചോർത്തി സർക്കാർ തീരുമാനങ്ങൾ അട്ടിമറിക്കാൻ നിർദ്ദേശങ്ങൾ  നൽകിയത് ആരായാലും അവർ കേരളീയ സമൂഹത്തോട് കടുത്ത ക്രൂരതയാണ് കാണിച്ചിരിക്കുന്നത്. നേതാക്കളുടെ ആജ്ഞ ശിരസാവഹിച്ച് ക്ഷേമപദ്ധതികൾ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ ഓർക്കേണ്ടത് തങ്ങൾ  വാങ്ങുന്ന ശമ്പളം നേതാക്കളുടെ കീശയിൽ നിന്നല്ല മറിച്ച് പൊതുജനത്തിന്റെ വിയർപ്പിൽ നിന്നുണ്ടാകുന്ന നികുതിപ്പണത്തിൽ നിന്നാണെന്നാണ്.

LatestDaily

Read Previous

പൂക്കോയ – ഖമറുദ്ദീൻ വീടുകളിൽ റെയ്ഡ്

Read Next

കോടതിയും അഭിപ്രായ സ്വാതന്ത്ര്യവും