ഭക്തി വിശ്വാസത്തിലെ രാഷ്ട്രീയം

കോവിഡിനെക്കാൾ ഭീകരമായ രാഷ്ട്രീയക്കളിയാണ് കേരളത്തിൽ കോൺഗ്രസും, ബി.ജെ.പിയും നടത്തിയതെന്ന് സമീപ കാലത്തെ ചില രാഷ്ട്രീയ പ്രസ്താവനകൾ വഴി വ്യക്തമാകും. കോവിഡ് നിയന്ത്രണം എസ്എസ്എൽസി –  പ്ലസ് ടു പരീക്ഷകൾ, ഓൺലൈൻ പഠനം മുതലായ കാര്യങ്ങളിൽ കേരളത്തിലെ പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും, ബിജെപിയും ലീഗും ക്രിയാത്മകമായ സഹകരണമാണ് നൽകിയതെന്ന് ആർക്കും പറയാൻ കഴിയില്ല. കേരളത്തിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതു  മുതൽ സ്വീകരിച്ച നിലപാടുകൾ വഴി പരിഹാസ്യരായ രാഷ്ട്രീയ കക്ഷികൾ ഏറ്റവുമൊടുവിൽ എത്തി നിൽക്കുന്നത് ആരാധനാലയങ്ങളിലെ പ്രവേശന കാര്യത്തിലെ ഇരട്ടത്താപ്പിലാണ്.

കേന്ദ്രസർക്കാർ പുറപ്പെടുവിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ വഴിയാണ് സംസ്ഥാനങ്ങൾ ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കുന്നത്. കേന്ദ്രസർക്കാരാണ് ജൂൺ 8 മുതൽ ആരാധനാലയങ്ങൾ തുറക്കാം എന്ന നിർദ്ദേശം മുന്നോട്ട് വെച്ചത്. കേന്ദ്രത്തിന്റെ ഈ നിർദ്ദേശം വന്നതിന് തൊട്ടുപിന്നാലെ കേരളത്തിന്റെ പ്രതിപക്ഷ നേതാവടക്കം ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ഭക്തി മൂത്തിട്ടൊന്നുമല്ലെന്ന് ഏതൊരാൾക്കും മനസ്സിലാകും. ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ പിടിവാശി കാണിക്കുന്നെന്നാണ് ഏറ്റവുമൊടുവിൽ ബിജെപിയും, ഹിന്ദു ഐക്യവേദിയും ആരോപിക്കുന്നത്. അമ്പലങ്ങളിലെ പണം തട്ടാനാണ് അമ്പലം തുറക്കാൻ തിടുക്കം കൂട്ടുന്നതെന്നാണ് സംഘപരിവാറിന്റെ  ആരോപണം.

ക്ഷേത്രങ്ങളിലെ വരുമാനം സർക്കാറിന് കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന യാഥാർത്ഥ്യം മറച്ചുവെച്ചാണ് സംഘപരിവാർ സംഘടനകൾ കാലാകാലമായി ഈ ആരോപണം ഉന്നയിച്ചുക്കൊണ്ടിരിക്കുന്നതെന്നാണ്  യാഥാർത്ഥ്യം. മതവിശ്വാസികളുടെ മൃദുവികാരങ്ങളിൽ കയറിപ്പിടിച്ച് രാഷ്ട്രീയ  ലാഭം കൊയ്യാനുള്ള രാഷ്ട്രീയ കക്ഷികളുടെ നീക്കം കോവിഡിനേക്കാൾ ഭീകരമായ രാഷ്ട്രീയ നീക്കമാണെന്ന് പറയാതെ വയ്യ. ആരാധനാലയങ്ങൾ തുറക്കുന്നതിൽ എല്ലാ മത വിഭാഗങ്ങളും മാതൃകാപരമായ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. മോസ്ക്കുകളും, പള്ളികളും ഉടൻ തുറക്കേണ്ടതില്ലെന്ന് വിവിധ മത വിഭാഗങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അമ്പലങ്ങളുടെ കാര്യത്തിലും ചില സ്ഥലങ്ങളിൽ ഈ തീരുമാനമുണ്ടായിട്ടുണ്ട്. സംസ്ഥാനം അതിന്റെ ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധി കാലഘട്ടത്തിൽക്കൂടി കടന്നു പോകുമ്പോൾ ഒപ്പം കൂട്ടായി നിൽക്കേണ്ടതിന് പകരം കരയ്ക്ക് നിന്ന് കളി കാണുകയാണ് പ്രതിപക്ഷ പാർട്ടികൾ ചെയ്തത്. ഈ നിലപാട് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും എന്ന് തിരിച്ചറിയുന്നതായിരിക്കും എന്ന് തിരിച്ചറിയുന്നതായിരിക്കും പ്രതിപക്ഷ പാർട്ടികൾക്ക് നന്ന്.

LatestDaily

Read Previous

വന്ദേ ഭാരതിലും പകൽക്കൊള്ള വിമാനടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി

Read Next

വരുന്നത്, ഡിജിറ്റൽ ഗുരുകുലങ്ങൾ