മലപ്പുറം തെറ്റിദ്ധരിപ്പിക്കപ്പെടുന്നു

പാലക്കാട് ജില്ലയിലെ മണ്ണാർകാടിന് സമീപം കാട്ടാന പുഴയിൽ ചെരിഞ്ഞ വിഷയത്തിൽ ബിജെപി നേതാവ് മനേകാഗാന്ധി തുടങ്ങി വെച്ച പ്രസ്താവനായുദ്ധം നവമാധ്യമങ്ങളിൽ സംഘപരിവാർ സംഘടനകൾ ഏറ്റെടുത്തിരിക്കുകയാണ്. പാലക്കാട് ജില്ലയിൽ നടന്ന സംഭവത്തെ മലപ്പുറം ജില്ലയിൽ നടന്നതാണെന്ന തരത്തിൽ വ്യാഖ്യാനിച്ച് മനേകാഗാന്ധി നടത്തിയ പ്രസ്താവന മലപ്പുറത്തെ മാത്രമല്ല കേരളത്തെത്തന്നെ അവഹേളിക്കുന്ന തരത്തിലായി. മലപ്പുറം ജില്ലയെ ലക്ഷ്യമിട്ട് സംഘപരിവാർ പ്രസ്ഥാനങ്ങൾ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ജില്ലയിൽ താമസിക്കുന്ന മുസ്്ലീം സമൂഹത്തെത്തന്നെയാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്ന് നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പ്രചാരണങ്ങൾ തന്നെ ഉദാഹരണം.

മലപ്പുറത്തുള്ളവർ ക്രൂരന്മാരും മന-ഃസാക്ഷിയില്ലാത്തവരുമാണെന്നാണ് മനേകാഗാന്ധിയുടെ പ്രസ്താവനയുടെ കാതൽ. മലപ്പുറത്തിന്റെ ആത്മാവ് തൊട്ടറിയാത്ത ഈ പ്രസ്താവന ബിജെപി കേരള ഘടകത്തിനും അപമാനമാണ് സൃഷ്ടിക്കുന്നത്. വസ്തുതകളുടെ യാഥാർത്ഥ്യം തിരിച്ചറിയാതെയാണ് മനേകാഗാന്ധി ഈ വിഷയത്തിൽ പ്രസ്താവനയിറക്കിയിരിക്കുന്നതെന്ന് പകൽ പോലെ വ്യക്തമാണ്. ബീഫിന്റെ പേരിലും, ഗോമാംസ ഭക്ഷണത്തിന്റെ പേരിലും മുസ്്ലീം ന്യൂനപക്ഷങ്ങളെ ക്രൂരമായി തല്ലിക്കൊല്ലുകയും, ശ്രീരാമന്റെ പേരിൽ ആളുകളെ തല്ലിക്കൊല്ലുകയും ചെയ്യുന്ന ഉത്തരേന്ത്യൻ മണ്ണിൽ നിന്നു കൊണ്ടാണ് ആക്രമങ്ങൾക്കും, ആൾക്കൂട്ട വിചാരണകൾക്കും ഒരിക്കലും വളം വെച്ചു കൊടുക്കാത്ത കേരള മണ്ണിനെക്കുറിച്ച് മനേകാഗാന്ധി വിരൽ ചൂണ്ടുന്നത്. കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനങ്ങൾ പോലും ആരോപിക്കാത്ത ഭീകരതയാണ് മലപ്പുറം ജില്ലയ്്ക്ക് തെറ്റിദ്ധാരണയുടെ പേരിൽ മനേകാഗാന്ധി ചാർത്തിക്കൊടുത്തത്. ഈ തെറ്റിദ്ധാരണ അവർ തിരുത്തുമെന്ന് തന്നെ കരുതാം. ഇവരുടെ നിലപാടിനെ കേരള ബിജെപി ഘടകം സ്വീകരിക്കാത്തത് മാതൃകാപരമായ നടപടി തന്നെയാണ്. മലപ്പുറം ജില്ലയെന്നത് ഉത്തരേന്ത്യയിലെ സംഘപരിവാറിന് ജിഹാദികളുടെ മണ്ണാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വീറോടെ നിന്ന് പൊരുതിയ മലപ്പുറത്തെ സ്വാതന്ത്ര്യ സമര സേനാനികളെയും, സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെയും, സൗകര്യപൂർവ്വം മറന്നുകൊണ്ടാണ് ഈ പ്രചാരണങ്ങൾ എന്നത് ഖേദകരമാണ്. ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിച്ച് ശുഭോദർക്കമായ കാര്യമാണ്.

Read Previous

സമ്പര്‍ക്കം വഴി രോഗം പകരാതിരിക്കാന്‍ കര്‍ശന ജാഗ്രത: റവന്യൂ വകുപ്പ് മന്ത്രി

Read Next

കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്ര സമ്പദ്‌വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടി