വിശപ്പിന്റെ വില അറിയാത്തവർ

ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ ആഫ്രിക്കൻ രാജ്യങ്ങൾക്കു പോലും പിറകിലാണെന്ന കണക്കുകൾ ഞെട്ടലുളവാക്കുന്നതാണ്. കോർപ്പറേറ്റുകളുടെ സമ്പത്ത് കുമിഞ്ഞു കൂടുന്നതിനിടയിലാണ് ഇന്ത്യയിലെ ദരിദ്ര ജനത വീണ്ടും പട്ടിണിയുടെ കയങ്ങളിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്നതെന്നാണ് യാഥാർത്ഥ്യം.


കോവിഡ് കാലഘട്ടത്തിന് മുമ്പേ തന്നെ തകർച്ചയിലായിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ കോവിഡ് രോഗ വ്യാപനമുണ്ടായതിന് പിന്നാലെ അതിന്റെ ഭീകരമായ സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പു കുത്തുകയാണെന്ന യാഥാർത്ഥ്യം ഒളിപ്പിച്ചു വെയ്ക്കാൻ കഴിയില്ല. ഇന്ത്യ തിളങ്ങുകയാണെന്ന് ഭംഗി വാക്ക് പറയുന്നവർ ഇന്ത്യയിലെ ഗ്രാമങ്ങളിലെ സാധാരണക്കാരുടെ ജീവിതാവസ്ഥകൾ കണ്ടില്ലെന്ന് നടിക്കുകയാണ്.


കുത്തക മുതലാളിമാരെ പ്രീണിപ്പിക്കുന്ന സാമ്പത്തിക നയമാണ് ഇന്ത്യയിലെ ഗ്രാമങ്ങളെ പട്ടിണിയുടെ നിത്യ നരകങ്ങളിലേക്ക് തള്ളി വിടുന്നതെന്ന ബോധ്യം ഭരണ കർത്താക്കൾക്ക് ഇതു വരെ ഉണ്ടായിട്ടില്ലെന്നത് കഷ്ടമാണ്. പ്രതിമ നിർമ്മിക്കാൻ 3000 കോടി ചെലവാക്കിയ ഇന്ത്യയിൽ ഒട്ടിയ വയറുമായി ജീവിക്കുന്നവരുടെ ദൈന്യം തിരിച്ചറിയാൻ ആരുമുണ്ടായില്ലെന്നതിന്റെ ദുരന്തമാണ് വിശപ്പ് സൂചികയിൽ ഇന്ത്യ ആഫ്രിക്കൻ രാജ്യങ്ങളെക്കാളും താഴെയാകാൻ കാരണം.


രാജ്യത്തെ ഗ്രാമീണമേഖലയിൽ നാലിൽ മൂന്ന് പേർക്കും പോഷകാഹാരത്തിനായി പണം ചെലവിടാനുള്ള വരുമാനമില്ലെന്ന യാഥാർത്ഥ്യം ഭരണാധികാരികളെ ഞെട്ടിക്കുന്നില്ലെന്നത് ഇന്ത്യയുടെ ദുരന്തമാണ്. കുറഞ്ഞ വരുമാനവും ഭക്ഷ്യ ലസ്തുക്കളുടെ കൂടിയ വിലയും തമ്മിൽ പൊരുത്തപ്പെടാതെ വരുമ്പോൾ പൊതുജനം പട്ടിണി കിടക്കാതെ എന്തു ചെയ്യുമെന്ന് ചോദ്യവും നില നിൽക്കുന്നു.


രാജ്യത്തെ ഗോഡൗണുകളിൽ കോടിക്കണക്കിന് ടൺ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുമ്പോഴാണ് തെരുവിൽ പട്ടിണിപ്പാവങ്ങൾ ഒരു നേരത്തെ ഭക്ഷണത്തിനായി നിലവിളിക്കുന്നതെന്നത് മനഃസാക്ഷിയുള്ള ആരെയും അലട്ടുന്ന യാഥാർത്ഥ്യമാണ്. റേഷൻ വിഹിതം വെട്ടിക്കുറച്ച് റേഷനിംഗ് സമ്പ്രദായം വരെ നിർത്തലാക്കാനൊരുങ്ങുന്ന ഭരണാധികാരികൾ വയറ് വിശക്കുന്നവന്റെ വേദനകൾ കണ്ടില്ലെന്ന് നടിക്കുകയാണ്.


സേവന മേഖലകളിൽ നിന്നെല്ലാം പിൻമാറി എല്ലാ മേഖലയിലും സ്വകാര്യ വത്കരണത്തിനൊരുങ്ങുന്ന സർക്കാർ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പട്ടിണിപ്പാവങ്ങളുടെ ദൈന്യതകളിലേക്ക് വല്ലപ്പോഴും കണ്ണ് തുറക്കേണ്ടതാണ്. മുതലാളിത്തം സമ്പത്ത് കുന്നു കൂട്ടുമ്പോൾ സമ്പദ് വ്യവസ്ഥയിലെ ബഹുഭൂരിപക്ഷ ജനവിഭാഗവും പട്ടിണിയിൽ നിന്നും പട്ടിണിയിലേക്കും പട്ടിണി മരങ്ങളിലേക്കും നീങ്ങുകയാണെന്ന യാഥാർത്ഥ്യത്തെ എത്ര നാൾ ഒളിപ്പിച്ചു വെയ്ക്കാൻ കഴിയുമെന്ന് ഭരണാധികാരികൾ ചിന്തിക്കേണ്ടതാണ്.

LatestDaily

Read Previous

ലഹരി പുകയ്ക്കുന്നത് 10 രൂപ നോട്ട് കത്തിച്ച്; ഒറ്റ വലിക്ക് 100 രൂപ

Read Next

വഹാബ് ഉൽഘാടനം ചെയ്തത് സാമ്പത്തിക തട്ടിപ്പ് പ്രതിയുടെ കട