സൈബർ നിയമം അനിവാര്യം

സംസ്ഥാനത്ത് നടപ്പാക്കാൻ ലക്ഷ്യമിട്ട പോലീസ് നിയമ ഭേദഗതി എതിർപ്പുകളെത്തുടർന്ന് മാറ്റിവെച്ചെങ്കിലും പോലീസ് നിയമ ഭേദഗതിയിലെ ചില നിർദ്ദേശങ്ങൾ സൈബർ ആക്രമണത്തെ തടയാൻ എത്ര മാത്രം പര്യാപ്തമായിരുന്നുവെന്നത് അവഗണിക്കാൻ കഴിയില്ല. സൈബറിടങ്ങളിലെ പരനിന്ദയും, തെറിവിളികളും അസഹ്യമായിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ കമന്റുകളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന തെറികൾ വായിച്ചു നോക്കിയാൽ കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് രചിക്കുന്നവർ വരെ നാണംകെട്ടു പോകും. രാഷ്ട്രീയ നേതാക്കന്മാരുടെ അനുയായികൾ പരസ്പരം നടത്തുന്ന തെറിവിളികൾ സാക്ഷരതാ നിലവാരത്തിൽ ഊറ്റം കൊള്ളുന്ന ഓരോ കേരളീയനെയും ലജ്ജിപ്പിക്കുന്നതാണ്.

സാമൂഹ്യമാധ്യമങ്ങളിൽ വാക്കുകൾ കൊണ്ട് അധിക്ഷേപം നേരിടുന്നവരിൽ ഏറ്റവും കൂടുതൽ സ്ത്രീകളാണ്. സ്ത്രീ വർഗ്ഗത്തെ മൊത്തം നന്നാക്കിയെടുക്കാൻ കച്ച കെട്ടി പുറപ്പാട് നടത്തുന്ന സൈബർ ആങ്ങളമാരുടെ ഭരണിപ്പാട്ട് രൂപത്തിലുള്ള ഉപദേശങ്ങൾ പലപ്പോഴും സൈബർ മേഖലയെത്തന്നെ മലീമസമാക്കാറുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിരു കടന്ന വാക്പ്രയോഗങ്ങൾക്കെതിരെ നിയമം കയ്യിലെടുത്ത് മൂന്ന് സ്ത്രീകൾ നടത്തിയ അതിക്രമങ്ങളും കേരളം കണ്ടതാണ്.

രാഷ്ട്രീയ നേതാക്കളുടെയും, ചലചിത്ര താരങ്ങളുടെയും, സ്ത്രീകളുടെയും ഫേസ്ബുക്ക് പ്രൊഫൈലുകളിൽ കയറി തെറിപ്പാട്ട് പാടുന്നവരെ നിയന്ത്രിക്കാനും, വ്യാജ വാർത്തകളുടെ നിർമ്മിതിക്കെതിരെയും ശക്തമായ നിയമമില്ലാത്തതാണ് സൈബർ ആക്രമങ്ങൾക്ക് മൂല കാരണം. ഇത്തരം സൈബറാക്രമണങ്ങൾക്കെതിരെ നേരിട്ട് കേസെടുക്കാനുള്ള പോലീസ് ഭേദഗതിക്കാണ് പ്രതിഷേധങ്ങളെത്തുടർന്ന് അകാല ചരമമുണ്ടായത്.

സൈബർ കേസുകൾ രജിസ്റ്റർ ചെയ്യാൻ കോടതിയുടെ അനുമതി ആവശ്യമായിരുന്ന നിലവിലെ സാഹചര്യത്തിൽ പോലീസ് നിയമ ഭേദഗതി മൂലം മാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഇത്തരം സംഭവങ്ങളിൽ പോലീസിന് നേരിട്ട് കേസെടുക്കാവുന്ന തരത്തിലാണ് നിയമ ഭേദഗതി ഉണ്ടാക്കിയത്. നിർദ്ദിഷ്ട നിയമത്തിലെ പാളിച്ചകൾ പരിഹരിക്കപ്പെടേണ്ടതാണ്.

പോലീസ് നിയമ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന ആശങ്കയെ എഴുതിത്തള്ളാൻ കഴിയില്ല. ഇത്തരത്തിലുള്ള ആശങ്കകൾ പരിഹരിച്ച് പുതിയ ഭേദഗതികളോടെ നിയമം നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം. മാധ്യമങ്ങൾക്ക് മൂക്കുകയറിടാനുള്ള ശ്രമങ്ങളുണ്ടെങ്കിൽ അവ എതിർക്കപ്പെടേണ്ടത് തന്നെയാണ്. മാധ്യമങ്ങൾക്ക് മേലുള്ള നിയന്ത്രണം അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമായതിനാൽ പ്രത്യേകിച്ചും.

സൈബർ ആഭാസങ്ങളെ നിലയ്ക്ക് നിർത്താനുള്ള സർക്കാരിന്റെ ഉദ്ദേശശുദ്ധി നല്ലതു തന്നെയാണെങ്കിലും, നിയന്ത്രണങ്ങൾക്ക് പരിധി നിശ്ചയിക്കാൻ സർക്കാർ തയ്യാറാകണം. ഓൺലൈൻ വാർത്താചാനലുകളുടെ പേരിൽ നടത്തുന്ന പുലഭ്യം പറച്ചിലുകൾക്ക് നിയന്ത്രണം ആവശ്യം തന്നെയാണ്. നിയമ ഭേദഗതി ചെയ്യുമ്പോൾ ഇത്തരം മാധ്യമങ്ങളെ നിലയ്ക്ക് നിർത്താൻ കൂടി സർക്കാർ തയ്യാറാകണം. സൈബർ ക്വട്ടേഷൻ സംഘങ്ങളെ നിലയ്ക്ക് നിർത്താൻ പര്യാപ്തമായ വിധത്തിൽ നിയമങ്ങളിൽ പൊളിച്ചെഴുത്ത് നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്.

LatestDaily

Read Previous

ഡിവൈഎഫ്ഐ ജില്ലാ സിക്രട്ടറിയുടെ മൽസരതാൽപ്പര്യം ജില്ലാ പ്രസിഡന്റിന് വിനയായി

Read Next

അറസ്റ്റിന് വഴങ്ങാതെ പ്രദീപ് പിടിച്ചുനിന്നു സംഭ്രമ ജനകമായ 4 മണിക്കൂർ ∙ ഒടുവിൽ പുലർച്ചെ 4-30-ന് അറസ്റ്റ്