കേന്ദ്രം ആർക്കൊപ്പം

അസ്ഥി മരവിക്കുന്ന തണുപ്പിലും രാജ്യതലസ്ഥാനത്ത് സമരം തുടരുന്ന കർഷക ജനതയെ കേന്ദ്ര സർക്കാർ കണ്ടമട്ട് നടിക്കാത്തതിന് പിന്നിലെ താൽപ്പര്യങ്ങൾ എന്തായാലും അത് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന് യോജിച്ചതല്ല.  കർഷകർക്ക് വേണ്ടാത്ത നിയമങ്ങൾ അവരുടെ മേൽ കെട്ടിവെക്കുന്നത് ആരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണെന്നെങ്കിലും കേന്ദ്ര സർക്കാർ ഇനിയെങ്കിലും വെളിപ്പെടുത്തണം.

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന സർക്കാരിന്റെ പിടിവാശി ഏകാധിപത്യ പ്രവണതയെ ധ്വനിപ്പിക്കുന്നതാണെന്ന് തന്നെ പറയേണ്ടി വരും. നിലനിൽപ്പിനായി കർഷകർ നടത്തുന്ന സമരത്തോടുള്ള അവഗണന പ്രതിഷേധാർഹവും ജനാധിപത്യ രാഹിത്യത്തിന്റെ ഉദാഹരണവുമാണ്. കർഷക സമരങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന രീതിയിൽ എഴുതിത്തള്ളാനുള്ളതല്ലെന്ന മിനിമം ബോധ്യമെങ്കിലും കേന്ദ്രഭരണാധികാരികൾക്കുണ്ടാകേണ്ടതുണ്ട്.

1995-ന് ശേഷം രാജ്യത്ത് അഞ്ച് ലക്ഷത്തിലേറെ കർഷക ആത്മഹത്യകൾ നടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പത്രങ്ങളിലെ ചരമക്കോളങ്ങളിലെ വാർത്തകൾക്കപ്പുറത്തേക്ക് കർഷക ആത്മഹത്യയുടെ വിഷയം ഉയർന്നുവരാത്തതിന് പിന്നിൽ ഭരണകൂടത്തിന്റെ നിസ്സംഗത തന്നെയാണ്. മണ്ണി നോട് പട വെട്ടി മനസ്സുറപ്പ് നേടിയ കർഷകൻമാർ ആത്മഹത്യ ചെയ്യണമെന്നുണ്ടെങ്കിൽ, അവർ എന്ത് മാത്രം യാതനകളിലൂടെയായിരിക്കണം കടന്നുപോയതെന്ന ചിന്ത ഒരു രാഷ്ട്രീയ കക്ഷികൾക്കും ഉണ്ടായില്ലെന്നതാണ് യാഥാർത്ഥ്യം.

കർഷകർക്ക് തങ്ങളുടെ നാണ്യ വിളകൾക്കും, ഭക്ഷ്യ വിളകൾക്കും ന്യായമായ വില കിട്ടുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. കാർഷികോത്പന്നങ്ങളുടെ വിപണന രംഗത്ത് ഇടത്തട്ടുകാരാണ് യഥാർത്ഥത്തിൽ ലാഭം കൊയ്യുന്നത്. കർഷകരെ ചൂഷണം ചെയ്യുന്ന ഇടത്തട്ടുകാരെ ഒഴിവാക്കി അവരെ ജീവിക്കാൻ പ്രാപ്തരാക്കുന്ന തരത്തിലുള്ള പ്രതിഫലം വാങ്ങിച്ചുകൊടുക്കാൻ ബാധ്യസ്ഥരായ സർക്കാർ വൻകിട കുത്തകകൾക്ക് പട്ടും പരവതാനിയും വിരിക്കാനാണോ കാർഷിക നിയമം കൊണ്ടുവരുന്നതെന്നാണ് പ്രസക്തമായ ചോദ്യം.

സർക്കാർ കർഷകരുടെ ഒപ്പമാണെങ്കിൽ എന്തുകൊണ്ടാണ് അവർക്കാവശ്യമില്ലാത്ത നിയമം അവർക്കുമേൽ കെട്ടിവെക്കുന്നതെന്ന ലളിതമായ ചോദ്യത്തിന് പോലും കേന്ദ്ര സർക്കാർ മറുപടി പറഞ്ഞിട്ടില്ല. സമരങ്ങളെ തീർത്തും അവഗണിച്ച് നിയമം നടപ്പിലാക്കാൻ ധൃതി പിടിക്കുന്ന നടപടി ആരെ സഹായിക്കാനാണെന്ന് വ്യക്തമാക്കേണ്ടതും കേന്ദ്ര സർക്കാരാണ്. ദുരഭിമാനം വെടിഞ്ഞ് സർക്കാർ കർഷക സമരം അവസാനിപ്പിച്ചില്ലെങ്കിൽ, ഇന്ത്യ നേരിടാൻ പോകുന്നത് അതി രൂക്ഷമായ ഭക്ഷ്യ ക്ഷാമവും വിലക്കയറ്റവും തന്നെയായിരിക്കും.

നിലനിൽപ്പിനുള്ള അവസാന പോരാട്ടമെന്ന നിലയിലാണ് രാജ്യ തലസ്ഥാനത്ത് കർഷകർ സംഘടിച്ചിരിക്കുന്നത്.  ലോക ശ്രദ്ധ നേടിയ കർഷക സമരം അത്ര പെട്ടെന്ന് അവസാനിപ്പിക്കാൻ സാധ്യതയും കുറവാണ്. ധാന്യപ്പുരകൾ നിറയ്ക്കാൻ ചോര നീരാക്കുന്ന കർഷകർക്ക് അർഹിക്കുന്ന പരിഗണന നൽകുന്ന കാര്യത്തിൽ സർക്കാരുകൾ ശ്രദ്ധ കാണിക്കാത്തതിന്റെ അനന്തര ഫലം തന്നെയാണ് ഇപ്പോൾ നടക്കുന്ന കർഷകസമരം. ഭരണകൂടം കോർപ്പറേറ്റുകൾക്കൊപ്പമാണോ കർഷകർക്കൊപ്പമാണോ എന്നാണ് അറിയേണ്ടത്.

LatestDaily

Read Previous

വി.വി.രമേശന് കല്ലൂരാവിയിൽ 1.9. കോടിയുടെ ബിനാമി ഭൂമി

Read Next

അപകീർത്തി പ്രസംഗം: കോൺഗ്രസ് നേതാവിനെതിരെ കേസ്