ജനപ്രതിനിധികൾ മാതൃകയാകണം

കോവിഡ് രോഗവ്യാപന ഭീതിയെക്കുറിച്ച് ജനപ്രതിനിധികളെയും, രാഷ്ട്രീയ നേതാക്കളെയും ഭരണകൂടത്തിന് ഓർമ്മിപ്പിക്കേണ്ടിവരുന്നത് ദയനീയമായ അവസ്ഥാവിശേഷമാണ്. സാഹചര്യം ഉൾക്കൊണ്ട് പെരുമാറേണ്ടവർ  അത് മനസ്സിലാക്കിയിട്ടില്ലെന്ന് വേണം കരുതാൻ.

സർക്കാർ സംവിധാനം മുഴുവനും കോവിഡ് പ്രതിരോധത്തിൽ മുഴുകുമ്പോഴും അവയെല്ലാം തോൽപ്പിച്ച്  സർക്കാരിനെ പ്രതിസന്ധിയിലാക്കി എങ്ങിനെ രാഷ്ട്രീയ  മൈലേജ് നേടാം എന്ന കുബുദ്ധിയാണ് ചില പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ പ്രകടിപ്പിക്കുന്നത്. അവയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഉത്തരവാദപ്പെട്ട ഒരു ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളെന്നതാണ് വ്യസനകരം.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയും, മരണനിരക്ക് വർദ്ധിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴും, അതെല്ലാം കണ്ടില്ലെന്ന് നടിച്ച് തന്നിഷ്ടപ്രകാരം നടക്കുന്ന ജനപ്രതിനിധികൾ സർക്കാരിനെ മാത്രമല്ല അവരെ വോട്ട് ചെയ്ത് വിജയിപ്പിച്ചവരെക്കൂടിയാണ് പ്രതിസന്ധിയിലാക്കുന്നതെന്ന് ഇതുവരെ മനസ്സിലാക്കിയിട്ടില്ല.

കാസർകോട് ജില്ലയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു ജനപ്രതിനിധി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ വിമർശന വിധേയമായിക്കഴിഞ്ഞു.

മുഖാവരണംപോലും ധരിക്കാതെയാണ് ഇദ്ദേഹം പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവരെ സന്ദർശിച്ചതെന്നത് നിസ്സാരമായി തള്ളിക്കളയാൻ കഴിയില്ല. കാസർകോടിന്റെ സാഹചര്യം അത്രമേൽ ഭീഷണമാണെന്നതിനാൽ പ്രത്യേകിച്ചും.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പിന്നോട്ട് വലിക്കുന്ന പ്രവർത്തനങ്ങളിലേർപ്പെടുന്നത്  ഭരണകക്ഷിയായാലും, പ്രതിപക്ഷമായാലും അവരെ പൊതുസമൂഹം പ്രോത്സാഹിപ്പിക്കുമെന്ന് കരുതാൻ വയ്യ. ഏത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയായാലും രാഷ്ട്രീയ നേതാക്കൻമാർ ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിയണം.

കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കൾക്കും അവരുടെ മാതൃ പ്രസ്ഥാനങ്ങൾ നിയന്ത്രണമേർപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇല്ലെങ്കിൽ ചരിത്രം അവരെ ഒറ്റുകാരെന്ന് തന്നെ വിളിക്കും. രാഷ്ട്രീയമാകാം, രാഷ്ട്രീയ ചർച്ചകളുമാകാം, അത് ഒരു സമൂഹത്തിന്റെ തന്നെ ചിതകൾ തീർത്തുകൊണ്ടായിരിക്കരുതെന്ന് ഓരോ രാഷ്ട്രീയ കക്ഷികളും തീരുമാനിച്ചാൽ തന്നെ രോഗ വ്യാപനത്തെ ഒരളവ് വരെ പിടിച്ചുകെട്ടാം.

സർവ്വനാശത്തിന്റെ വക്കിൽ നിൽക്കുമ്പോഴും രാഷ്ട്രീയം കളിക്കുന്നവർക്ക് നല്ല ബുദ്ധിയുണ്ടാകാൻ ആശിക്കുക എന്നതാണ് ഇപ്പോൾ കരണീയം.

LatestDaily

Read Previous

ആൾട്ടോ കാർ പുഴയിൽ തള്ളിവിട്ടത് , ഇഖ്ബാൽ റോഡിൽ ഗുണ്ടകൾ കുരുമുളക് സ്പ്രേ പ്രയോഗിച്ചു

Read Next

എല്ലാകടകളും എല്ലാ ദിവസവും തുറക്കാം: ജില്ലാകലക്ടർ