ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സാമ്പത്തിക അഴിമതിക്കേസിലും, നിക്ഷേപത്തട്ടിപ്പിലും പ്രതികളായ രണ്ട് മുസ്്ലീം ലീഗ് എം. എൽ. ഏ മാർ നിയമ വലയിൽക്കുടുങ്ങുകയും, പിന്നാലെ രണ്ട് ലീഗ് ജനപ്രതിനിധികൾ അറസ്റ്റിന്റെ നിഴലിലാകുകയും ചെയ്തിട്ടും ഇതൊന്നും അത്ര കാര്യമാക്കേണ്ടെന്ന നിലപാടിലാണ് മുസ്്ലീം ലീഗിന്റെയും, യു. ഡി. എഫിന്റെയും നേതാക്കൾ.
ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയായ ലീഗ് എം. എൽ. ഏയുടെ അറസ്റ്റിനെ രാഷ്ട്രീയ പ്രേരിതമെന്ന് വിശേഷിപ്പിക്കുന്ന നേതാക്കൾസംസ്ഥാന ഖജനാവിനെ മുടിച്ച പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിയേയും ലവലേശം ലജ്ജയില്ലാതെ ന്യായീകരിക്കുന്നുവെന്നത് കേരളത്തിന് അപമാനമാണ്. അഴിമതിയുടെയുംവഞ്ചനയുടെയും കറ പുരണ്ട ജനപ്രതിനിധികളെ സംരക്ഷിക്കുന്നതിനായി നേതാക്കന്മാർ നടത്തുന്ന ജുഗുപ്സാവഹവും നിന്ദ്യവുമായ നീക്കം കേരള രാഷ്ട്രീയത്തിലെ അശ്ളീലമാണ്.
പ്ലസ് ടു അനുവദിക്കാൻ കോഴ വാങ്ങിയ ജനപ്രതിനിധിയും, പള്ളി സെമിത്തേരിയുടെ സ്ഥലം വാങ്ങിയ മറ്റൊരു പ്രതിനിധിയും നിയമ നടപടികൾ നേരിടുമ്പോഴും, രണ്ട് എം. എൽ. ഏ മാർ നിയമവലയ്ക്കുള്ളിൽ അകപ്പെട്ടപ്പോഴും രാഷ്ട്രീയ പ്രേരിതം എന്ന പതിവ് പല്ലവി ഉരുവിടുന്ന നേതാക്കന്മാരുടെ ചർമ്മ ബലം സമ്മതിച്ച് കൊടുക്കേണ്ടത് തന്നെയാണ്.
അഴിമതിക്കേസുകളിൽ അകത്താകുന്നവരെ തള്ളിപ്പറയുന്നതിന് പകരം അകമഴിഞ്ഞ് പ്രോൽസാഹിപ്പിക്കുന്ന നേതാക്കന്മാർ രാഷ്ട്രീയ വ്യവഹാര മേഖലയ്ക്ക് തന്നെ ശാപമാണെന്ന് പറയേണ്ടി വരും. നിയമ നടപടികൾ നേരിടുന്ന നേതാക്കളെ സംരക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തങ്ങൾ ചെയ്യുന്നത് ഭൂഷണമാണോയെന്ന് ആത്മ പരിശോധന നടത്തേണ്ടതാണ്.
തട്ടിപ്പ് നടത്തുന്നവരെ പ്രോൽസാഹിപ്പിക്കുന്ന നടപടി അറിഞ്ഞുകൊണ്ട് തട്ടിപ്പിനെ ന്യായീകരിക്കുന്നതിന് തുല്യമാണെന്ന് നേതാക്കന്മാർ മനസ്സിലാക്കേണ്ടതാണ്. തട്ടിപ്പിനെ ന്യായീകരിക്കുന്ന നേതാക്കന്മാർ തങ്ങളുടെ തങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയെത്തന്നെയാണ് ഇല്ലാതാക്കുന്നത്. എന്ത് തോന്ന്യാസം ചെയ്താലും പ്രസ്ഥാനം രക്ഷിച്ചികൊള്ളാമെന്ന മനോഭാവം അണികൾക്കുള്ളിൽ വളർത്തിയെടുക്കാൻ മാത്രമേ ഇത്തരം നിലപാടുകൾ സഹായിക്കുകയുള്ളൂ.
ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേരള ചരിത്രത്തിൽ ഇന്നേ വരെ ഒരു ജനപ്രതിനിധിയും ചെയ്യാത്ത തരത്തിലുള്ള സാമ്പത്തിക തട്ടിപ്പാണ്. ഈ കേസിൽ ജയിലിലായ എം. എൽ. ഏ സ്വന്തം പാർട്ടി അണികളെത്തന്നെയാണ് തട്ടിപ്പിനിരയാക്കിയത്. നൂറ്റമ്പത് കോടിയോളം രൂപ തട്ടിയെടുത്ത ജനപ്രതിനിധിയുടെ പുറം തടവി സമാഷ്വസിപ്പിക്കുന്ന പാർട്ടി തട്ടിപ്പിനിരയായ തങ്ങളുടെ അണികളെ പുറം കാൽ കൊണ്ട് ചവിട്ടിയെറിഞ്ഞാണ് തട്ടിപ്പു നടത്തിയ ജനപ്രനിധിക്ക് കുടപിടിക്കുന്നത്.
പാലം അഴിമതിയാകട്ടെ, നിക്ഷേപത്തട്ടിപ്പാകട്ടെ, പ്ലസ് ടു അഴിമതിയാകട്ടെ ഇവയിലെല്ലാം ആരോപണവിധേയരായവരെ സംരക്ഷിക്കുവാൻ രാഷ്ട്രീയ നേതാക്കന്മാർ മൽസരിക്കുന്നുവെന്നത് രാഷ്ട്രീയ സദാചാരങ്ങൾക്ക് നിരക്കാത്തതാണ്. അല്പമെങ്കിലും ലജ്ജയും, രാഷ്ട്രീയ വിശുദ്ധിയും കൈമുതലായി ബാക്കിയുണ്ടെങ്കിൽ രാഷ്ട്രീയത്തിലെ മാഫിയാ വൽക്കരണത്തെ നേതാക്കൾ തള്ളിപ്പറയുകയാണ് വേണ്ടത്.