ഈസ്റ്റ് എളേരി സിപിഎം പിന്തുണയിൽ ജയിംസ് പന്തമാക്കൽ പ്രസിഡന്റ് ; ആർ. എം. പി. വിപ്പിൽ നാടകീയത

കാഞ്ഞങ്ങാട് : പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ ഈസ്റ്റ് എളേരിയിൽ നാടകീയ നീക്കങ്ങൾ. ഡിഡിഎഫ് അംഗങ്ങൾക്ക് യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് നൽകാൻ ആർഎംപിവിപ്പ് നൽകിയെങ്കിലും സിപിഎം പിന്തുണയിൽ ഡിഡിഎഫ് നേതാവ് ജയിംസ് പന്തമാക്കൽ ഈസ്റ്റ് എളേരി പഞ്ചായത്തിൽ പ്രസിഡന്റായി ചുമതലയേറ്റു. ആർഎംപിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ ഫുട്ബോൾ അടയാളത്തിലായിരുന്നു ഡിഡിഎഫ് അംഗങ്ങൾ മത്സരിച്ച് വിജയിച്ചത്.

ഇതോടെ പ്രത്യക്ഷത്തിൽ സ്വതന്ത്രരായി മത്സരിച്ച ഡിഡിഎഫ് സ്ഥാനാർത്ഥികൾ ആർഎംപി സ്ഥാനാർത്ഥികളായി മാറി. കോൺഗ്രസ്സ് സമ്മർദ്ദമുണ്ടായതിനെ തുടർന്ന് ആർഎംപി സംസ്ഥാന സിക്രട്ടറി എൻ. വേണു ഫുട്ബോൾ ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഡിഡിഎഫ് അംഗങ്ങളോട് യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് നൽകാൻ ആവശ്യപ്പെട്ട് വിപ്പ് നൽകുകയായിരുന്നു. ഡിഡിഎഫ് അംഗങ്ങളായ ജിജി തോമസ്, ഡെറ്റി ഫ്രാൻസിസ്, വിനീത്, ജിജി കമ്പല്ലൂർ എന്നിവർക്കാണ് ആർഎംപി വിപ്പ് നൽകിയത്. നേരത്തെ ആർഎംപിയുടെ ചിഹ്നമായ ഫുട്ബോൾ ലഭിക്കുന്നതിന് ഇവർ ആർഎംപി നേതൃത്വത്തിന്റെ കത്ത്, തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ഹാജരാക്കിയിരുന്നു.

ഈസ്റ്റ് എളേരി പഞ്ചായത്തിൽ സിപിഎമ്മുമായി ചേർന്ന് ഭരണം നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാക്കൾ ആർഎംപി നേതൃത്വത്തെ സമീപിച്ചതാണ് നാടകീയ നീക്കങ്ങൾക്ക് ഇടയാക്കിയത്. പഞ്ചായത്തിൽ ഡിഡിഎഫിന് ഏഴും സിപിഎമ്മിന് രണ്ട് അംഗങ്ങളുമാണുള്ളത്. കോൺഗ്രസ്സിന് പഞ്ചായത്തിൽ ഏഴ് അംഗങ്ങളുണ്ട്. സിപിഎം പുറത്ത് നിന്നും പിന്തുണച്ചതോടെയാണ് ഏഴിനെതിരെ ഒമ്പത് അംഗങ്ങളുടെ ബലത്തിൽ ജയിംസ് പന്തമാക്കലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണത്തിൽ പങ്കാളിയാവാൻ സിപിഎം തയ്യാറായതുമില്ല. ഡിഡിഎഫിലെ ഫിലോമിന ആക്കാട്ടാണ് വൈസ് പ്രസിഡന്റ്.

LatestDaily

Read Previous

സിപിഎം നഗരസഭാധ്യക്ഷയ്ക്ക് വോട്ട് മറിച്ച പാർട്ടി വനിതാ കൗൺസിൽ അംഗങ്ങൾ രാജി വെക്കണം: ലീഗ്

Read Next

ശോഭ അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്