മന്ത്രി ഇ. ചന്ദ്രശേഖരനെ താഴ്ത്തിക്കെട്ടാൻ ഗൂഢനീക്കം

കാഞ്ഞങ്ങാട്: സംസ്ഥാന റവന്യൂവകുപ്പുമന്ത്രി ഇ. ചന്ദ്രശേഖരനെ സമൂഹമധ്യത്തിൽ താഴ്ത്തിക്കെട്ടാൻ ഗൂഢനീക്കം.

മന്ത്രിയെ മോശമായ ചില ആരോപണങ്ങളിൽക്കുടുക്കാനുള്ള ഗൂഢനീക്കം നടന്നത് തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു ലോബിയാണ്.

രണ്ടു മാസം മുമ്പാണ് ഈ സംഭവത്തിനാധാരമായ ചില വ്യാജ പ്രചാരണങ്ങൾ തലസ്ഥാനത്ത് ഉരുത്തിരിഞ്ഞത്.

തീർത്തും വ്യാജമായതും  മോശമായതുമായ  ചില ആരോപണങ്ങൾ പടച്ചുണ്ടാക്കി മഹാമാരി വൈറസ് പോലെ മന്ത്രിക്കെതിരെ  സമൂഹത്തിൽ സ്പ്രെഡ് ചെയ്യാനുള്ള നീക്കവും ഈ ലോബി രണ്ട് മാസം മുമ്പ് നടത്തി.

ഇതിനായി മന്ത്രിയുടെ മണ്ഡലത്തിലുള്ള ഒരു സിപിഐ നേതാവിന്റെ കുടുംബത്തെ  ഇക്കൂട്ടർ കരുവാക്കുകയും ചെയ്തു. മന്ത്രിക്കെതിരായ പച്ച പിടിക്കാത്ത ഈ ഗുരുതര ആരോപണം കെട്ടിച്ചമച്ച കഥയാണെന്ന് സിപിഐ കാസർകോട് ജില്ലാവൃത്തങ്ങൾ അതിരഹസ്യമായി നടത്തിയ അന്വേഷണത്തിൽ പാർട്ടിക്ക് ബോധ്യപ്പെടുകയും ചെയ്തു.

ഈ സംഭവം സമൂഹത്തിലെങ്ങും ഏശാതെ തനിയെ കെട്ടടങ്ങിയപ്പോൾ, പിന്നീട് മന്ത്രിക്കെതിരെ പുറത്തു വിട്ടത് സമൂഹ മാധ്യമങ്ങളിലുള്ള  ഒരു  ട്രോളാണ്.

“…..മകനെ….മടങ്ങിവരൂ….കാഞ്ഞങ്ങാട്ടുകാർ  പറയുന്നു, എന്നു തുടങ്ങി,   മുകളിലുദ്ധരിച്ച ചോദ്യങ്ങൾ നിറച്ച ട്രോൾ മന്ത്രിയെ ഇപ്പോൾ വീണ്ടും രാഷ്ട്രീയമായി  തകർക്കാൻ ലക്ഷ്യം  വെച്ചുകൊണ്ടുള്ളതാണ്.

മന്ത്രി സ്വന്തം മണ്ഡലമായ കാഞ്ഞങ്ങാട്ടേക്ക് വരാതെ തിരുവനന്തപുരത്തു തന്നെ തമ്പടിച്ചു  നിൽക്കുന്നുവെന്നാണ് ട്രോളിറക്കിയതിന് പിന്നിലുള്ള രാഷ്ട്രീയഗൂഢസംഘത്തിന്റെ  കുബുദ്ധി.

മന്ത്രി ഇ. ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലെത്തുന്നത് ഇതു രണ്ടാം തവണയാണ്.

മുന്നണി സംവിധാനത്തിലിരുന്നുകൊണ്ടു തന്നെ സിപിഎം പിന്തുണയിൽ ഇരുതവണയും വൻഭൂരിപക്ഷത്തിലാണ് ചന്ദ്രശേഖരൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

രണ്ടാം തവണ അദ്ദേഹം റവന്യൂമന്ത്രിയായി അധികാരത്തിലെത്തുകയും ചെയ്തു.കോവിഡിന് മുമ്പ് എല്ലാ വെള്ളിയാഴ്ചകളിലും, തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ കയറി നാട്ടിലെത്തി രണ്ടുനാൾ, സ്വന്തം മണ്ഡലത്തിലെ സകല പരിപാടികളിലും, നിറസാന്നിദ്ധ്യമായി മാറിയ ചന്ദ്രശേഖരൻ കോവിഡ് കാലത്തും മൂന്നാഴ്ചയിലൊരിക്കൽ മുടങ്ങാതെ സ്വന്തം മണ്ഡലത്തിലെത്തിയിട്ടുണ്ട്.

മണ്ഡലത്തിൽ മാത്രമല്ല, ജില്ലയൊട്ടുക്കുമുള്ള  സർക്കാർതല പരിപാടികളിലും മന്ത്രിയുടെ സജീവ സാന്നിദ്ധ്യം കോവിഡുകാലത്തും മുടങ്ങാതെ  ജനങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ട്.

മണ്ഡലത്തിലാണെങ്കിൽ മരണവീടുകൾ സന്ദർശിക്കുകയെന്നത് മന്ത്രി ചന്ദ്രശേഖരന്റെ മാത്രം പ്രത്യേകതയാണ്. എംഎൽഏ ആയിരുന്നപ്പോഴും മരണവീടു സന്ദർശനം മുടങ്ങാതെ അദ്ദേഹം നടത്തിയിരുന്നു. കാഞ്ഞങ്ങാട് മണ്ഡലത്തിൽ വരുന്ന സർക്കാർ ഫണ്ടുപയോഗിച്ച് 1000 കോടിയോളം രൂപയുടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് പിന്നിലും മന്ത്രിയുടെ ഇടപെടലുകളുണ്ട്. ഇതിനെല്ലാം പുറമെ, ഇടതുമന്ത്രിസഭയിൽ മുഖ്യമന്ത്രിക്ക് തൊട്ടുതാഴെയുള്ള രണ്ടാമനാണ്  സിപിഐ നേതാവായ ഇ. ചന്ദ്രശേഖരൻ.

രണ്ടാമൻ ആയതുകൊണ്ടു തന്നെയാണ് സംസ്ഥാന സർക്കാറിന്റെ രണ്ടാം നമ്പർ ബോർഡ് പതിച്ച യാത്രാവാഹനം സർക്കാർ ചന്ദ്രശേഖരന് നൽകിയത്. ഒന്നാമനായ  മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാം നമ്പർ സ്റ്റേറ്റ് കാറിലാണ് സഞ്ചരിക്കുന്നത്.

സ്ഥിതിഗതികൾ ഇത്രയേറെയായിട്ടും, നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 9 മാസങ്ങൾ മാത്രം അവശേഷിക്കെ കാഞ്ഞങ്ങാട് മണ്ഡലത്തിൽ മൂന്നാം തവണയും ചന്ദ്രശേഖരൻ തന്നെ മൽസരത്തിനിറങ്ങുമെന്നും, ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടായാൽ അദ്ദേഹം വീണ്ടും മന്ത്രിയായേക്കുമെന്നുമുള്ള  കണക്കുകൂട്ടലും, അത്തരമൊരു നീക്കത്തിന് തടയിടാൻ കാലേക്കൂട്ടിയുള്ള ചില ശക്തികളുടെ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇപ്പോൾ റവന്യൂ മന്ത്രിക്കെതിരെ  ഉയർന്നു വന്നിട്ടുള്ള തീർത്തും ബാലിശവും അപക്വവുമായ ഗൂഢാലോചനകളെന്ന് സിപിഐ പാർട്ടി നേതൃത്വം ഇതിനകം  ഉറപ്പിച്ചു കഴിഞ്ഞു.

LatestDaily

Read Previous

സീറോട് ലൈംഗിക പീഡനം : നീലേശ്വരം പോലീസ് ഇൻസ്പെക്ടർക്ക് ജില്ലാ ജഡ്ജിയുടെ നോട്ടീസ്

Read Next

കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് വിധേയയായി മലയാളി യുവതി