തടഞ്ഞത് എം.പിയെ അല്ല: ഡിവൈഎഫ്ഐ

കാഞ്ഞങ്ങാട്: കുമ്പളയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി.

കുമ്പളയിൽ ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞ് തിരികെ വരികയായിരുന്ന എംപിയുടെ വാഹനം തടഞ്ഞു നിർത്തിയത് അതിനകത്തുണ്ടായിരുന്ന എം.സി. ഖമറുദ്ദീനെതിരെ പ്രതിഷേധിക്കാനാണെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.

കുമ്പളയിലെ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞ് സ്വന്തം വാഹനത്തിൽ കയറാതെ എം.സി. ഖമറുദ്ദീൻ എംപിയുടെ വാഹനത്തിൽ കയറിയതിന് ഡിവൈഎഫ്ഐ പ്രവർത്തകർ ദൃക്സാക്ഷികളാണ്.

എം.എൽ.ഏ വാഹനത്തിനകത്തുണ്ടായിരുന്നെന്ന് ഉറപ്പിച്ച ശേഷമാണ് വാഹനം തടഞ്ഞതെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സിക്രട്ടറി സി.ജെ.സജിത്ത് പറഞ്ഞു.

ഈ വിഷയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ ഡി.വൈ.എഫ്.ഐക്കെതിരെ നടത്തിയ പരാമർശങ്ങൾ ഒരു ജനപ്രതിനിധിക്ക് ചേരാത്ത വിധത്തിൽ തരം താണതാണെന്നും. ജില്ലാ സിക്രട്ടറി ആരോപിച്ചു. എം.പി സ്വന്തം നിലവാരം കാത്തു സൂക്ഷിക്കണമെന്നും, ജില്ലാ സിക്രട്ടറി അഭിപ്രായപ്പെട്ടു.

അതിനിടെ, ഉപ്പളയിൽ പ്രവർത്തിക്കുന്ന എം.സി ഖമറുദ്ദീൻ എംഎൽഏയുടെ ഓഫീസ് കുറച്ചുകാലമായി അടച്ചിട്ട നിലയിലാണ്. ജ്വല്ലറി ഇടപാടിൽ വഞ്ചിതരായവർ ഇദ്ദേഹത്തിന്റെ ഓഫീസിൽ പതിവായി എത്തുന്നതിനെത്തുടർന്നാണ് ഓഫീസ് അടച്ചിട്ടതെന്ന് ആരോപണമുണ്ട്.

പ്രതിഷേധം ഭയന്നാണ് ഇദ്ദേഹം ഇന്നലെ സ്വന്തം വാഹനത്തിൽ കയറാതെ എം.പിയുടെ വാഹനത്തിൽ കയറിയതെന്നാണ് വിവരം. കുറച്ചുകാലമായി എം.സി ഖമറുദ്ദീൻ എം.എൽ.ഏ ചുവന്ന ബോർഡ് വെച്ച വാഹനമൊഴിവാക്കി സ്വകാര്യ വാഹനങ്ങളിലാണ് യാത്ര.

തൃക്കരിപ്പൂർ വഖഫ് ഭൂമി കച്ചവട ഇടപാടിൽ ആരോപണ വിധേയനായ എം.സി ഖമറുദ്ദീൻ എംഎൽഏയ്ക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് എം.പിയുടെ വാഹനത്തിനകത്തുണ്ടായിരുന്ന എഎൽഏയെ തടഞ്ഞതെന്നാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം.

LatestDaily

Read Previous

സാമൂഹിക അകല ലംഘനം, കാഞ്ഞങ്ങാട്ട് ഇന്നലെ മാത്രം ആറു കേസ്സുകൾ

Read Next

ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസിൽ പ്രതി അബ്ദുള്‍ സലാം കീഴടങ്ങി