ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ കാസർകോട് ജില്ലാ പ്രസിഡണ്ട് കാഞ്ഞങ്ങാട്ടെ പി.കെ. നിഷാന്ത് നഗര ഭരണത്തിൽ എത്താതിരിക്കാൻ പാർട്ടിയിൽ ഉപജാപക സംഘം ചരടുവലിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിവൈഎഫ്ഐ ജില്ലാ സിക്രട്ടറി സജിത് ജില്ലാ പഞ്ചായത്ത് ചെറുവത്തൂർ ഡിവിഷനിൽ നിന്നും, പ്രസിഡണ്ട് പി.കെ. നിഷാന്ത് കാഞ്ഞങ്ങാട് നഗരസഭയിലേക്കും മത്സരിക്കാൻ ഡിവൈഎഫ്ഐ തീരുമാനിച്ചിരുന്നു.
പി.കെ. നിഷാന്തിന് മത്സരിക്കാൻ കാഞ്ഞങ്ങാട് നഗരസഭയിൽ വാർഡ് 32 നൽകാനുള്ള നിർദ്ദേശം പാർട്ടി ജില്ലാ തലത്തിൽ നിന്ന് കാഞ്ഞങ്ങാട്ടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പാർട്ടി കീഴ്ഘടകത്തിന് ലഭിക്കുകയും ചെയ്തുവെങ്കിലും, ഇടതുമുന്നണിക്ക് മൃഗീയ ഭൂരിപക്ഷമുള്ള വാർഡ് 32-ൽ നിന്ന് നിഷാന്ത് ജയിച്ച് നഗരസഭാ കൗൺസിലിൽ എത്തുമെന്ന് മനസ്സിലാക്കിയ ഉപജാപക സംഘം ഈ വാർഡിൽ മറ്റൊരു പാർട്ടിയംഗത്തെ നിർബ്ബന്ധിപ്പിച്ച് മത്സരിപ്പിക്കുകയായിരുന്നു.
പിന്നീട് നിഷാന്തിന് വാർഡ് 34 കുറുന്തൂർ നൽകണമെന്ന് ഡിവൈഎഫ്ഐയും പാർട്ടി നേതൃത്വവും നിർദ്ദേശിച്ചു. സിപിഎം കൗൺസിലർ രമണി 3 മാസം മുമ്പ് മരണപ്പെട്ടുപോയ വാർഡാണ് കുറുന്തൂർ. സിപിഎമ്മിന്റെ കുത്തകയായ ഈ വാർഡിലും പി.കെ. നിഷാന്ത് വിജയിച്ച് നഗരസഭയിലെത്തുമെന്ന് കണക്ക് കൂട്ടിയ ഉപജാപക സംഘം വാർഡ് 32-ലും വാർഡിൽ തന്നെയുള്ള മറ്റൊരാളെ ധൃതിപ്പെട്ട് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഇരു വാർഡുകളിലും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ടിന്റെ സ്ഥാനാർത്ഥിത്വത്തിന് എതിർപ്പുകൾ ഉണ്ടായെന്ന് പ്രചരിപ്പിച്ച ഉപജാപക സംഘത്തിന്റെ ചതുരംഗക്കളി മനസ്സിലാക്കിയ പി.കെ. നിഷാന്ത് ബോധപൂർവ്വം മത്സര രംഗത്ത് നിന്ന് സ്വയം മാറി നിൽക്കുകയായിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാർട്ടിയിൽ മുതിർന്നവർക്ക് നൽകുന്ന പ്രാതിനിധ്യം യുവജന പ്രസ്ഥാനങ്ങളെ നയിക്കുന്നവർക്കും നൽകണമെന്നത് കാലാകാലങ്ങളായുള്ള പാർട്ടി കീഴ്്വഴക്കമായിരുന്നിട്ടും, പി.കെ. നിഷാന്ത് നഗരസഭയിലെത്താതിരിക്കാൻ ചരടുവലിച്ചത്, കാഞ്ഞങ്ങാട് നഗരസഭ തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന രണ്ടംഗ ഉപജാപക സംഘമാണ്.
നിഷാന്തും നെല്ലിക്കാട്ട് വാർഡിൽ ബി.എം. കൃഷ്ണനും, വാർഡ് 18-ൽ ആറങ്ങാടി- നിലാങ്കരയിൽ മറ്റൊരു മാധ്യമ പ്രവർത്തകനും നഗരഭരണത്തിൽ എത്താതിരിക്കാൻ ഉപജാപക സംഘം പാർട്ടിയുടെ മറ പിടിച്ച് ചരടുപിടിച്ചുമുറുക്കുകയായിരുന്നു. നിഷാന്തും മാധ്യമപ്രവർത്തകനും നഗരഭരണത്തിന്റെ ഭാഗമായാൽ ഉപജാപക സംഘത്തിൽപ്പെട്ട സൂത്രധാരന്റെ അഴിമതികൾ പുറംലോകമറിയുമെന്ന് കഴുകന്റെ കണ്ണിൽ ആകാശത്തുനിന്ന് കണ്ടെത്തിയാണ് സൂത്രധാരനും മറ്റൊരു നേതാവും മൂവർക്കുമെതിരെ ചരടുവലിച്ചു മുറുക്കിയത്.
ബി.എം. കൃഷ്ണൻ മത്സരിക്കാൻ താൽപ്പര്യപ്പെട്ട നെല്ലിക്കാട്ട് വാർഡിൽ, ഇത്തവണ 3-ാം തവണയും അവസാന ഘട്ടത്തിൽ കെ. ലതയ്ക്ക് തന്നെ സ്ഥാനാർത്ഥിയാവേണ്ടി വന്നു. നഗരസഭയിലെ 43 വാർഡുകളിൽ സിപിഎമ്മിന്റെ ജനറൽ സീറ്റുകളിൽ നെല്ലിക്കാട്ട് ഒഴികെ മറ്റൊരിടത്തും സ്ത്രീ സ്ഥാനാർത്ഥി അതും മൂന്നാം തവണ മത്സരിക്കുന്നില്ലെന്ന വസ്തുത പരിശോധിച്ചാൽ മാത്രം മതി ബി.എം. കൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തിന് ഇരുമ്പുപാരയായത് ഉപജാപക സംഘത്തെ നയിച്ച സൂത്രധാരനാണ്.