ചിത്രീകരണം പൂര്‍ത്തിയാക്കി ദുല്‍ഖറിൻ്റെ ‘കിംഗ് ഓഫ് കൊത്ത’; വൈറലായി പാക് അപ്പ് വീഡിയോ

ഒരു വർഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദുൽഖറിന്‍റെ മലയാള ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് എന്ന ചിത്രമാണ് ദുൽഖറിൻ്റെ തിയേറ്ററിലെത്തിയ അവസാന മലയാള ചിത്രം. ഈ വർഷം ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തുന്ന ‘കിംഗ് ഓഫ് കൊത്ത’യാണ് ഇപ്പോൾ ആരാധകരുടെ ചർച്ചാ വിഷയം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇന്ന് പൂർത്തിയായി.

ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായതായി നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഥാപാത്രത്തിൻ്റേതെന്ന് തോന്നിപ്പിക്കുന്ന ‘തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ’ എന്ന ഡയലോഗും ദുൽഖർ വീഡിയോയിൽ പറയുന്നുണ്ട്. 95 ദിവസം നീണ്ടുനിന്ന ചിത്രീകരണം തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് അവസാനിച്ചത്.

ആക്ഷന് പ്രാധാന്യമുള്ള ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ഒരുങ്ങുന്നത്. തമിഴ് നടൻ പ്രസന്നയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പൊറിഞ്ചു മറിയം ജോസിന്‍റെ തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. 

Read Previous

മാലിക്കുമായി ബന്ധമില്ല; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി പാക്ക് നടി ആയിഷ ഒമർ

Read Next

ഡിഎൻഎ ടെസ്റ്റ് മറ്റ് മാർഗങ്ങളില്ലെങ്കിൽ മാത്രം: സുപ്രീം കോടതി