ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
‘സീതാരാമ’ത്തിലൂടെ ദുൽഖർ സൽമാൻ തെലുങ്ക് സിനിമാ മേഖലയിൽ ചരിത്രം സൃഷ്ടിച്ചു. വെറും 10 ദിവസം കൊണ്ട് ചിത്രത്തിന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 50 കോടി രൂപയാണ്. ഇതാദ്യമായാണ് ഒരു മലയാള നടൻ തെലുങ്ക് സിനിമയിലേക്ക് കടന്ന് 50 കോടി രൂപ നേടുന്നത്. ‘സീതാരാമ’ത്തിലൂടെ മലയാളത്തിന്‍റെ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ തെലുങ്കിൽ തന്‍റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
‘സീതാരാമ’ത്തിലൂടെ ദുൽഖർ സൽമാൻ അമേരിക്കയിലും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ ചിത്രം 1 മില്യൺ യുഎസ് ഡോളറിലധികം (8.28 കോടി രൂപ) യുഎസ് ബോക്സ് ഓഫീസിൽ നിന്ന് നേടി. ദുൽഖർ സൽമാൻ തന്നെയാണ് അമേരിക്കൻ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ‘സീതാരാമ’ത്തിലൂടെ അമേരിക്കയിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള നടനെന്ന റെക്കോർഡ് ദുൽഖർ സൽമാൻ നേരത്തെ സൃഷ്ടിച്ചിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘സീതാരാമം’ റിലീസ് ചെയ്തത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്ത ചിത്രത്തിന് തെലുങ്ക് സംസ്ഥാനങ്ങൾക്ക് പുറമെ തമിഴ്നാട്, വിദേശരാജ്യങ്ങൾ, യു.എ.ഇ എന്നിവിടങ്ങളിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
ചിത്രത്തിൽ ലെഫ്റ്റനന്‍റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത്, തരുൺ ഭാസ്കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്‍റെ ബാനറിൽ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രേയസ് കൃഷ്ണയും പി.എസ്.വിനോദും ചേർന്നാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്ററും വിശാൽ ചന്ദ്രശേഖർ സംഗീത സംവിധായകനും ആണ്. സ്വപ്ന സിനിമാസിന്‍റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.