ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അടുക്കുേമ്പാൾ തെരഞ്ഞെടുപ്പ് കമീഷെൻറ കാര്യക്ഷമതയും വിശ്വാസ്യതയും കൂടിയാണ് പരീക്ഷണത്തിന് വിധേയമാകുന്നത്. എന്നാൽ ഒാരോ ദിവസവും അത്തരം വിശ്വാസത്തിൽ കളങ്കം ചാർത്തുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പ് നടത്തിപ്പിൽ പരമാവധി സൂക്ഷ്മതയും സുതാര്യതയും ഉറപ്പുവരുത്താൻ സംസ്ഥാന മുഖ്യകമീഷണർ ടിക്കാറാം മീണയും അദ്ദേഹത്തിെൻറ സംഘവും ശ്രമിക്കുന്നുണ്ട്. പക്ഷേ, എത്ര കണ്ട് അത് വിജയിക്കുമെന്ന് കണ്ടറിയണം.
സമ്മതിദായകരും സ്ഥാനാർഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നൂറു ശതമാനം ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് കേരളം. കോവിഡ്കാല മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് നടത്താനാവശ്യമായ ക്രമീകരണങ്ങളും നിർദേശങ്ങളും യഥാസമയങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. പ്രചാരണരംഗത്ത് വീറും വാശിയും ഏറെയുള്ള സമയമാണിത്.
ഈ ചൂട് അനഭിലഷണീയമായ രീതിയിലേക്ക് അധഃപതിക്കാതെ നോക്കേണ്ട ഉത്തരവാദിത്തം സ്ഥാനാർഥികൾക്കും പാർട്ടികൾക്കുമുണ്ട്; അത് ഉറപ്പുവരുത്തേണ്ട ചുമതല ഇലക്ഷൻ കമീഷനുമുണ്ട്. കള്ളവോട്ടും ബൂത്തുപിടിത്തവുമാണ് വോട്ടെടുപ്പിലെ പ്രധാന അഴിമതികൾ. കള്ളവോട്ടിങ്ങിൽ അസാമാന്യ പ്രതിഭയുള്ളവർ നമ്മുടെ നാട്ടിലുണ്ടെന്നത് ഒരു യാഥാർഥ്യമാണ്. ഈ പശ്ചാത്തലത്തിൽ കേരളത്തിലെ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ ചൂണ്ടിക്കാണിച്ച കാര്യം ഗൗരവമർഹിക്കുന്നു.
65 മണ്ഡലങ്ങളിൽ മാത്രം 2.17 ലക്ഷം വ്യാജ വോട്ടർമാർ വോട്ടർപട്ടികയിൽ ഉണ്ടെന്നാണ് തെളിവുസഹിതം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിൽ പറയുന്നത്. വിദ്യാസമ്പന്നരും, സാംസ്കാരികോന്നതിയിൽ മുൻപന്തിയിലാണെന്നും രാഷ്ട്രീയ പ്രബുദ്ധതയിൽ വമ്പൻ മാരാണെന്നും മേനി തടിക്കുന്ന കേരളത്തിൽ ഒരാൾക്ക് രണ്ടും, മൂന്നും വോട്ടവകാശമുണ്ടെന്ന സത്യം വാർത്തയായി വരുന്നത് ദൂഷണമല്ല.
കേരളത്തിൽ പത്ത് ലക്ഷത്തിനും,പതിനാല് ലക്ഷത്തിനുമിടയിൽ ഇരട്ട വോട്ടുകളുണ്ടെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഞെട്ടിക്കുന്ന വിവരം. ഇപ്പോൾ തന്നെ 4,34,000 ഇരട്ട വോട്ടുകളുടെ വിവരങ്ങൾ യുഡിഎഫ്, തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ തുറന്നു കാണിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ്, പുതിയ വെളിപ്പെടുത്തലുമായി യുഡിഎഫ് നിയോഗിച്ച പ്രത്യേക സംഘം രംഗത്തു വന്നത്.
വോട്ടർപട്ടികയിൽ പേരുചേർക്കുന്നിടത്ത് സ്വാഭാവികമായുണ്ടാവുന്ന ഇരട്ടിപ്പുകൾ മുമ്പ് കുറച്ചൊക്കെയുണ്ടായിരുന്നു. എന്നാൽ, തിരിച്ചറിയൽ നമ്പറുകളടക്കം പ്രമാണങ്ങളും ഡിജിറ്റൽ സൗകര്യങ്ങളുമുള്ള ഇക്കാലത്ത് ഇരട്ടിപ്പിന് സാധ്യത നന്നേ കുറവാണ്. എന്തുതന്നെയായാലും ഇപ്പോൾ ആരോപിക്കപ്പെടുന്ന അത്ര കള്ളവോട്ട് സാധ്യത സ്വാഭാവിക വീഴ്ചകൾ കൊണ്ടുണ്ടാകുന്നതല്ല. മണ്ഡലങ്ങളിലെ ജനവിധി അട്ടിമറിക്കാൻപോന്ന തരത്തിലാണ് ഇപ്പോൾ കണ്ടെത്തിയ വ്യാജവോട്ടർമാരുടെ എണ്ണവും വ്യാപ്തിയും. എണ്ണപ്പെരുപ്പത്തോളംതന്നെ ഗൗരവമുള്ളതാണ് അതിന് പിന്നിലുണ്ടെന്ന് കരുതാവുന്ന ആസൂത്രണവും.
എന്നുവെച്ചാൽ, തെരഞ്ഞെടുപ്പ് നടത്തിപ്പുകാരായ ഉദ്യോഗസ്ഥരിൽ പലരുടെയും ഒത്താശയോടെ പാർട്ടി പ്രവർത്തകർ ബോധപൂർവം നടത്തിയ ശ്രമം അതിന് പിന്നിലുണ്ട്. ഇത് ശരിയാണെങ്കിൽ, ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രവർത്തനം തന്നെയാണത്. ശക്തമായ നടപടി ഇത് ആവശ്യപ്പെടുന്നുമുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യത്തിലെടുക്കുന്ന നടപടി അതിനാൽ നിർണായകവുമാണ്.