ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാജപുരം: പാണത്തൂർ ചെമ്പേരി അതിർത്തി ചെക്ക്പോസ്റ്റുകൾ കടന്ന് കാഞ്ഞങ്ങാട്ടേക്ക് മയക്കുമരുന്നെത്തുന്നു. കർണ്ണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൊത്ത മയക്കുമരുന്ന് വിതരണ സംഘത്തിൽ നിന്നും ശേഖരിക്കുന്ന മയക്കുമരുന്നാണ് പാണത്തൂർ വഴി ജില്ലയിലെത്തുന്നത്. മൈസൂർ, സുള്ള്യ ഭാഗങ്ങളിൽ നിന്നുമാണ് കാഞ്ഞങ്ങാട്ടെ മയക്കുമരുന്ന് വിതരണ സംഘത്തിന് മാരക മയക്കുമരുന്നുകൾ ലഭിക്കുന്നതെന്നാണ് സൂചന.
ഒരു മില്ലിക്ക് 4000 രൂപ മുതൽ വിലയുള്ള മയക്കുമരുന്ന് ഒരു തവണ കാഞ്ഞങ്ങാട്ടെത്തിയാൽ കടത്ത് സംഘത്തിന് ലഭിക്കുക ലക്ഷക്കണക്കിന് രൂപയാണ്. കാസർകോട് വഴിയും പാണത്തൂർ വഴിയുമാണ് പ്രധാന മയക്കുമരുന്ന് കടത്തെങ്കിലും, കാസർകോട്ട് തുടർച്ചയായി വിതരണ സംഘങ്ങൾക്ക് മേൽ പിടിവീഴുന്നുണ്ട്. എന്നാൽ പാണത്തൂർ വഴി മയക്കുമരുന്ന് കടത്തുന്ന സഘത്തെ പിടികൂടാൻ നിയമപാലകർക്കായിട്ടില്ല.
കൗമാര പ്രായക്കാരെ ലക്ഷ്യം വെച്ചാണ് ജില്ലയിലേക്ക് ലഹരിക്കടത്ത് വ്യാപകമായത്. ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം വലിയ തോതിലുയർന്നതോടുകൂടി മയക്കുമരുന്ന് കടത്തുകാരുടെ എണ്ണവും വർദ്ധിച്ചു. എളുപ്പത്തിൽ പണമുണ്ടാക്കാൻ യുവാക്കൾ മയക്കുമരുന്ന് കടത്തിലേക്ക് ഇറങ്ങുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തീരദേശ മേഖലകളിമുൾപ്പടെ മയക്കുമരുന്ന് വിതരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. മയക്കുമരുന്ന് കടത്തിന് പുറമെ പാൻമസാല ലഹരിപാക്കറ്റുകളും പാണത്തൂർ വഴി ജില്ലയിലെത്തുന്നുണ്ട്. ചാക്കുകളിൽ നിറച്ച ലഹരി പാക്കറ്റുകൾ വാഹനങ്ങൾ വഴിയാണ് അതിർത്തി കടത്തുന്നത്.