സംസ്ഥാനത്ത് മരുന്നുക്ഷാമം രൂക്ഷമാകുന്നു; സഹായവുമായി തമിഴ്‌നാട്

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നുകളുടെ ക്ഷാമം പരിഹരിക്കാൻ തമിഴ്നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിന്ന് കേരളം മരുന്നുകൾ വാങ്ങുന്നു. എലിപ്പനി പ്രതിരോധത്തിനായി അഞ്ച് ലക്ഷം ഡോക്സിസൈക്ലിൻ ഗുളിക വാങ്ങും. തമിഴ്നാട് സർക്കാർ വാങ്ങുന്ന ഏറ്റവും കുറഞ്ഞ വിലയ്ക്ക് മരുന്ന് നൽകാമെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. വിതരണച്ചെലവ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് വഹിക്കുക.

കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി വഴി മരുന്നുകൾ വാങ്ങി ആശുപത്രികൾക്ക് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും ഫലപ്രാപ്തി കൈവരിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. ബാക്ടീരിയയ്ക്കെതിരെ ഉപയോഗിക്കുന്ന ആന്‍റിബയോട്ടിക്കായ ഡോക്സിസൈക്ലിൻ ഈ വർഷം ആവശ്യക്കാരേറെയാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ 100 മില്ലിഗ്രാം ഡോക്സിസൈക്ലിൻ ടാബ്ലെറ്റിനായി ടെൻഡർ വിളിച്ചിരുന്നെങ്കിലും ഒരു കമ്പനി പോലും താൽപ്പര്യം കാണിച്ചിട്ടില്ല.

ഈ വർഷം ഇതുവരെ 51 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഇതുകൂടാതെ 137 മരണങ്ങളും എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നു. ഇക്കാലയളവിൽ 3263 പേർക്കാണ് രോഗം ബാധിച്ചത്. തുടർച്ചയായ മഴയും വെള്ളക്കെട്ടുമാണ് രോഗവ്യാപനത്തിന് കാരണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

K editor

Read Previous

സ്വവര്‍ഗരതിയെ അനുകൂലിക്കുന്നയാളായി ചിത്രീകരിച്ചു; എം.കെ. മുനീര്‍

Read Next

ഹയ്യ കാർഡ് ഉള്ളവർക്ക് ലോകകപ്പ് സീസണിൽ 60 ദിവസം സൗദിയിൽ ചെലവഴിക്കാം