‘ദൃശ്യം 2’ ഹിന്ദി ടീസര്‍ നാളെ പുറത്തിറങ്ങും

ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാളചലച്ചിത്രമാണ് ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകളിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു. അതത് ഭാഷകളില്‍ ഇവയെല്ലാം വിജയങ്ങളുമായിരുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷം വലിയ ഹൈപ്പുമായി എത്തിയ ദൃശ്യം 2വും പ്രേക്ഷകരുടെ സ്വീകാര്യത നേടുന്നതിൽ വിജയിച്ചു. തെലുങ്ക്, കന്നഡ, ഹിന്ദി റീമേക്കുകളിൽ തെലുങ്ക്, കന്നഡ ഇതിനകം പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. ഇപ്പോൾ ഹിന്ദി റീമേക്ക് റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്‍റെ ടീസർ അണിയറപ്രവർത്തകർ നാളെ റിലീസ് ചെയ്യും.

പോസ്റ്റർ സഹിതം ടീസർ നാളെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. അജയ് ദേവ്ഗൺ അവതരിപ്പിക്കുന്ന വിജയ് സാല്‍​ഗോന്‍കറും കുടുംബവും പോസ്റ്ററിലുണ്ട്. മലയാളം, തെലുങ്ക് പതിപ്പുകൾ നേരിട്ടുള്ള ഒടിടി റിലീസുകളാണെങ്കിലും കന്നഡ റീമേക്ക് തിയറ്റർ റിലീസായിരുന്നു. ഹിന്ദി പതിപ്പും തിയറ്റര്‍ റിലീസ് ആണ്. നവംബര്‍ 18 ആണ് തീയതി. തബു, ശ്രിയ ശരൺ, ഇഷിത ദത്ത, മൃണാൾ യാദവ്, രജത് കപൂർ, അക്ഷയ് ഖന്ന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിഷേക് പഥക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദൃശ്യം 1 ന്‍റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്ത സംവിധായകൻ നിഷികാന്ത് കാമത്ത് 2020 ൽ അന്തരിച്ചിരുന്നു.

Read Previous

പിണറായി വിജയന്‍ 24 മണിക്കൂറും പൊതുസേവനത്തിനായി പ്രവർത്തിക്കുന്നയാൾ: ഗാംഗുലി

Read Next

‘തീര്‍പ്പ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു