പ്രകോപനപരമായ വസ്ത്രം ധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ വിചിത്ര വാദവുമായി കോടതി

കോഴിക്കോട്: എഴുത്തുകാരൻ സിവിക് ചന്ദ്രൻ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച വിധിയിൽ വിചിത്ര പരാമർശവുമായി കോടതി. പീഡനത്തിനിരയായ പെൺകുട്ടി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നതിനാൽ ലൈംഗിക പീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജി കൃഷ്ണകുമാറിന്‍റെ വിധിയിലാണ് വിവാദ പരാമർശമുളളത്. പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചിരുന്നതിനാൽ ലൈംഗിക പീഡന പരാതിയിലെ സെക്ഷൻ 354-എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു.

“ജാമ്യാപേക്ഷയോടൊപ്പം സമർപ്പിച്ച ചിത്രങ്ങളിൽ, ഇരയുടെ വസ്ത്രധാരണ രീതി ലൈംഗികമായി പ്രകോപനപരമാണെന്ന് വ്യക്തമാണ്. 74 കാരനായ അംഗപരിമിതനായ പ്രതിക്ക് പരാതിക്കാരിയെ ബലം പ്രയോഗിച്ച് മടിയിൽ ഇരുത്തി മാറിടം അമർത്താൻ കഴിയുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്,” കോടതി ഉത്തരവിൽ പറഞ്ഞു.

2020 ഫെബ്രുവരി 8 ന് കൊയിലാണ്ടിയിലെ നന്ദി ബീച്ചിന്‍റെ തീരത്ത് നടന്ന കവിതാ ക്യാമ്പിൽ എത്തിയപ്പോൾ സിവിക് ചന്ദ്രൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. കൊയിലാണ്ടിക്കടുത്ത് നന്ദിയിൽ പുസ്തകപ്രസിദ്ധീകരണത്തിനായി ഒത്തുകൂടിയ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ഏപ്രിലിൽ മറ്റൊരു എഴുത്തുകാരിയും സിവിക് ചന്ദ്രനെതിരെ പരാതി നൽകിയിരുന്നു. രണ്ട് കേസുകളിലും സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Read Previous

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

Read Next

വ്യാജ നിരൂപകരെ ബഹിഷ്കരിക്കണം; രൂക്ഷവിമർശനവുമായി നടൻ ഷെയിൻ നി​ഗം