ആധാർ-വോട്ടർ പട്ടിക ലിങ്ക് ചെയ്യാൻ ആശങ്ക വേണ്ട; തിരഞ്ഞെടുപ്പ് കമ്മീഷൻ

ആധാറിനെ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കാനുള്ള ശുപാർശയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ ഐഎഎസ്. വോട്ടർമാർ നൽകുന്ന ആധാർ വിശദാംശങ്ങൾ പ്രത്യേക സംവിധാനത്തിലൂടെ സുരക്ഷിതമായി സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ പൊതു സമക്ഷത്തില്‍ ലഭ്യമാകുന്നതല്ലെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇതുവരെ 6,485 വോട്ടർമാരാണ് വോട്ടർപട്ടിക ആധാറുമായി ലിങ്ക് ചെയ്തത്. നിലവിൽ വോട്ടർപട്ടികയിൽ പേരുള്ള ഒരു വോട്ടർക്ക് തന്‍റെ ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് (വിഎച്ച്എ) വഴിയോ ഫാറം 6Bയിൽ അപേക്ഷിക്കാം. വോട്ടർപട്ടികയിൽ പുതുതായി എന്‍റോൾ ചെയ്തിട്ടുള്ളവർക്ക് ഫോം 6-ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ നൽകാം. നിലവില്‍ എല്ലാ വര്‍ഷവും ജനുവരി 1 യോഗ്യതാ തീയതിയില്‍ 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹരായ ഇന്ത്യന്‍ പൗരന്മാര്‍ക്കായിരുന്നു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരമുണ്ടായിരുന്നത്.

ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നീ നാല് യോഗ്യതാ തീയതികളിൽ 18 വയസ്സ് പൂർത്തിയായ ഇന്ത്യൻ പൗരൻമാർക്ക് ഇപ്പോൾ വോട്ടർ പട്ടികയിൽ ചേരാം. ജനുവരി 1 യോഗ്യതാ തീയതിയായി വാർഷിക വോട്ടർ പട്ടിക പുതുക്കൽ ഉണ്ടാകും. 18 വയസ്സ് തികയുമ്പോൾ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തും. ഇതിനുശേഷം തിരിച്ചറിയൽ കാർഡ് ലഭിക്കും. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, അടുത്ത മൂന്ന് യോഗ്യതാ തീയതികളിൽ (ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1) 18 വയസ്സ് പൂർത്തിയായവർക്കും പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് മുൻകൂട്ടി അപേക്ഷിക്കാം.

K editor

Read Previous

ലോകായുക്ത നിയമഭേദഗതി; ബദല്‍ നിര്‍ദേശം വയ്ക്കാന്‍ സിപിഐ

Read Next

മമ്മൂട്ടിയുമൊത്തുള്ള കെട്ടിട ഉദ്ഘാടന വിവാദത്തിൽ വിശദീകരണവുമായി എല്‍ദോസ് കുന്നപ്പിള്ളി