‘പോരടിക്കില്ല, ഇത് സൗഹൃദ മത്സരം’; ശശി തരൂരും ദിഗ്‌വിജയ്‌ സിംഗും കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: വരാനിരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് കോണ്‍ഗ്രസ് നേതാവ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. ദിഗ്‌വിജയ് സിംഗിന്‍റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി യോഗത്തിന് ശേഷം ശശി തരൂർ ട്വീറ്റ് ചെയ്തു. ശത്രുക്കളെപ്പോലെ പോരടിക്കില്ലെന്നും സൗഹൃദ മത്സരമായി കാണുമെന്നും ഞങ്ങൾ പരസ്പരം ഉറപ്പ് നൽകിയിട്ടുണ്ട്,” തരൂർ പറഞ്ഞു. ഇതോടെ ദിഗ്‌വിജയ് സിംഗിനൊപ്പം തരൂരും മത്സരിക്കുമെന്ന് ഉറപ്പായി.

“ഇന്ന് ഉച്ചയ്ക്കുശേഷം ദിഗ്‌വിജയ്‌ സിംഗ് കാണാനെത്തിയിരുന്നു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്തു. ശത്രുക്കളെ പോലെ തമ്മിൽ പോരടിക്കില്ലെന്നും സഹപ്രവര്‍ത്തകര്‍ക്കിടയിലുള്ള സൗഹൃദ മത്സരമായി ഇതിനെ കാണുമെന്നും പരസ്പരം ഉറപ്പ് നല്‍കി. ആരുതന്നെ ജയിച്ചാലും കോണ്‍ഗ്രസിന്റെ വിജയമാണ് ഞങ്ങളുടെ ആഗ്രഹം” – തരൂര്‍ ട്വീറ്റ് ചെയ്തു.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ ദിഗ്‌വിജയ് സിംഗ് വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച തന്നെ തരൂർ നാമനിർദേശ പത്രിക സമർപ്പിക്കാനും സാധ്യതയുണ്ട്. ഒക്ടോബർ 17ന് നടക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ചയാണ്.

K editor

Read Previous

യുവനടിമാര്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ ഊർജിത അന്വേഷണവുമായി പോലീസ്

Read Next

ഗൗതം അദാനിക്ക് തിരിച്ചടി; ലോക സമ്പന്നരുടെ പട്ടികയിൽ താഴേക്ക്