ശബ്്ന ശസ്ത്രക്രിയാപിഴവിൽ ഡോക്ടർമാരെ പ്രതി ചേർത്ത് കേസ്സ് രജിസ്റ്റർ ചെയ്തു

കാഞ്ഞങ്ങാട്: അജാനൂർ പള്ളോട്ട് സ്വദേശിനി ശബ്നയുടെ 32, കടിഞ്ഞൂൽ പ്രസവ ചികിൽസയിലുണ്ടായ കൈപ്പിഴയ്ക്കെതിരെ 2 ഡോക്ടർമാരെ പ്രതി ചേർത്ത് ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. അജാനൂർ കുശവൻ കുന്നിൽ പ്രവർത്തിക്കുന്ന സൺറൈസ് ആശുപത്രിയിലെ ഗർഭാശയരോഗ വിദഗ്ധൻ ഡോ. രാഘവേന്ദ്രപ്രസാദ്, കാഞ്ഞങ്ങാട്ടെ സർജൻ ഡോ. ഗിരിധർ റാവു എന്നിവരാണ് കേസ്സിൽ പ്രതികൾ.

കടിഞ്ഞൂൽ പ്രസവത്തിന് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശബ്നയുടെ ഉദരത്തിൽ നിന്ന് സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തപ്പോൾ, അബദ്ധത്തിൽ കത്തികൊണ്ട് കുടൽ മുറിഞ്ഞ സംഭവത്തിലാണ് നീണ്ട 6 മാസങ്ങൾക്ക് ശേഷം പോലീസ് ഡോക്ടർമാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം, ഉദരത്തിൽ കഠിനമായ വേദനയും ഉദരം തുന്നിക്കെട്ടിയ ഭാഗത്തുകൂടി പഴുപ്പും പുറത്തേക്ക് വന്നതിനാൽ ശബ്നയെ ഗുരുതര നിലയിൽ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, ഉദരം വീണ്ടും കീറിമുറിച്ച് മുറിഞ്ഞുപോയ കുടൽ തുന്നിക്കെട്ടിയ ശേഷമാണ് യുവതി കഷ്ടിച്ച് മരണത്തിൽ നിന്നും രക്ഷപ്പെട്ടത്.

മുറിഞ്ഞുപോയ കുടൽ വഴി മലം രക്തത്തിൽ കലർന്നതിനാൽ സ്വന്തം കുഞ്ഞിന് മുലയൂട്ടാൻ പോലും യുവതിക്ക് കഴിഞ്ഞിരുന്നില്ല. ഇന്ത്യൻ ശിക്ഷാനിയമം 336 ശസ്ത്രക്രിയയിലുണ്ടായ കൈപ്പിഴ അനുസരിച്ചാണ് കേസ്സ്. ഹൊസ്ദുർഗ്് ഇൻസ്പെക്ടർ പി. കെ. മണിയാണ് കേസ്സന്വേഷിക്കുന്നത്. കണ്ണൂരിൽ ശബ്നയെ അവസാനമായി ശസ്ത്രക്രിയ നടത്തിയ ഡോക്ടരിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മൊഴിയെടുത്തു. ഈ ആശുപത്രിയിലെ നഴ്സുമാരേയും പോലീസ് ഇൻസ്പെക്ടർ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി.

മെക്കാനിക്കൽ എഞ്ചിനീയർ കണ്ണൂർ സ്വദേശി ഷാനീദാസിന്റെ ഭാര്യയാണ് അജാനൂർ പള്ളോട്ട് കിഴക്കേ വീട്ടിൽ ശബ്ന. ജില്ലാ മെഡിക്കൽ ബോർഡിൽ ഉൾപ്പെട്ട സർജനും, ഗർഭാശയരോഗ വിദഗ്ധയും ശബ്ന സംഭവം പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് ശബ്നയ്ക്ക് സിസേറിയൻ നടത്തിയ ഡോക്ടറേയും , പിന്നീട് ഉദരം കീറിമുറിച്ച ഡോക്ടറെയും പ്രതി ചേർത്ത് കേസ്സെടുക്കാൻ സർക്കാർ ഡോക്ടർമാരുടെ പാനൽ നിർദ്ദേശിച്ചത്.

LatestDaily

Read Previous

പണയസ്വർണ്ണമെടുക്കാൻ ചെറുവത്തൂർ ജ്വല്ലറിയുടമ നൽകിയ 2 ലക്ഷവുമായി പർദ്ദധാരിണി മുങ്ങി

Read Next

ബേക്കൽ ഡിവൈഎസ്പി ഓഫീസ് ഉദ്ഘാടനം ചെയ്തു; അമ്പലത്തറയിലേയും രാജപുരത്തേയും ജനങ്ങൾക്ക് തിരിച്ചടി