എന്റെ ഗതി ഇനി ഒരു സ്ത്രീക്കും ഉണ്ടാകരുത്

കാഞ്ഞങ്ങാട്: കടിഞ്ഞൂൽ പ്രസവത്തിൽ സിസേറിയൻ നടത്തി പൊന്നുപോലുള്ള ഒരു ആൺകുഞ്ഞിനെ പുറത്തെടുത്ത ശേഷം, ഡോക്ടർക്ക് പറ്റിയ കൈപ്പിഴ ഒന്നുകൊണ്ടു മാത്രം ഒരാഴ്ചക്കുള്ളിൽ വീണ്ടും മൂന്ന് തവണ ഉദരം കീറി മുറിക്കേണ്ടി വന്ന മുപ്പതുകാരി അജാനൂരിലെ ശബ്ന മരണത്തിന്റെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷപ്പെട്ടത് മുജ്ജൻമ സുകൃതം ഒന്നു കൊണ്ടുമാത്രം.

അജാനൂർ പള്ളോട്ടെ കൃഷിക്കാരൻ മാധവൻ- സുമതി ദമ്പതികളുടെ മകളാണ് ഉണ്ണിമായ എന്ന് വിളിക്കുന്ന ശബ്ന. ശബ്നയുടെ ഭർത്താവ് പയ്യന്നൂർ പെരുമ്പയിലെ ചിറ്റാരിക്കൊവ്വൽ സ്വദേശി എഞ്ചിനീയർ ടി. സി. ഷാനിദാസാണ്. 2020 ജൂൺ മാസം 19-നാണ് ശബ്നയെ അജാനൂർ കുശവൻകുന്നിലുള്ള സ്വകാര്യാശുപത്രിയിൽ പ്രസവ ചികിൽസയ്ക്ക് പ്രവേശിപ്പിച്ചത്.

വിവാഹത്തിന് ശേഷം, ഒരു കുഞ്ഞിക്കാൽ കാണാനുള്ള ശബ്നയുടെ മോഹം നീണ്ടുപോയത് 10 വർഷക്കാലമാണ്. കണ്ണൂരിലുള്ള ഗർഭാശയ രോഗ വിദഗ്ധൻ ബൈജുമുഹമ്മദിന്റെ ഐവിഎഫ് ഫെർട്ടിലിറ്റി ചികിൽസയിലാണ് ശബ്ന ഗർഭം ധരിച്ചത്. 3 മാസം വരെ ബൈജു മുഹമ്മദിന്റെ ചികിൽസയിൽ തന്നെയായിരുന്നു ശബ്ന.

കാഞ്ഞങ്ങാട്ടാണ് സ്വന്തം വീട് എന്ന് വെളിപ്പെടുത്തിയതനുസരിച്ച് ഡോ. ബൈജുമുഹമ്മദിന്റെ നിർദ്ദേശാനുസരണമാണ് ശബ്ന കുശവൻ കുന്ന് ആശുപത്രിയിലെ ഗർഭാശയരോഗവിദഗ്ധന്റെ ചികിൽസ തേടിയത്. 10 മാസം പൂർണ്ണ ഗർഭിണിയായ ശബ്നയെ 2020 ജൂൺ 19-നാണ് കുശവൻകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ജൂൺ 20-ന് ആശുപത്രിയിൽ ശബ്നയെ സിസേറിയൻ ശസ്ത്രക്രിയക്ക് വിധേയയാക്കുകയും, ഡോക്ടർ ആൺകുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു.

തൊട്ട് പിറ്റേന്ന് കാലത്ത് മുതൽ ശബ്നയ്ക്ക് അതികഠിനമായ ഉദരവേദന അനുഭവപ്പെട്ടു. വേദനയെക്കുറിച്ച് ഡോക്ടറോട് പറഞ്ഞപ്പോൾ, ഉദരം തുറന്നപ്പോൾ കുടൽ ഒട്ടിപ്പിടിച്ചതായി കണ്ടുെവന്നും, മരുന്ന് കഴിച്ചാൽ മാറുമെന്നും പറഞ്ഞ് ഡോക്ടർ ശബ്നയെ സമാധാനിപ്പിച്ചു.  അന്ന് ഉച്ചയോടുകൂടി ശബ്നയ്ക്ക് കടുത്ത പനിയും ഛർദ്ദിയുമുണ്ടായി. സിസേറിയൻ നടത്തിയ ഡോക്ടറുടെ നിർദ്ദേശാനുസരണം കാഞ്ഞങ്ങാട്ടെ ഒരുകർണ്ണാടക സർജ്ജൻ ആശുപത്രിയിലെത്തുകയും, ശബ്നയെ പരിശോധിക്കുകയും, വെറു 10 മിനിട്ട് കൊണ്ട് പൂർത്തിയാക്കുന്ന മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് ജൂൺ 23-ന് ഉദരം കീറിമുറിച്ചുള്ള രണ്ടാം ശസ്ത്ക്രിയക്ക് വിധേയയാക്കി.

10 മിനിട്ട് കൊണ്ട് തീരുമെന്ന് പറഞ്ഞ ശസ്ത്രക്രിയ 2 മണിക്കൂറാണ് നീണ്ടുനിന്നത്. രണ്ടാം ശസ്ത്രക്രിയക്ക് മുമ്പ് ഉദരത്തിൽ എന്താണ് കുഴപ്പമെന്ന് കണ്ടെത്താൻ ശബ്നയെ അൾട്രാ സ്കാനിംഗിന് വിധേയയാക്കണമെന്ന് ഷാനീദാസും ബന്ധുക്കളും ഈ ആശുപത്രിയിലെ ഗർഭാശയ രോഗ വിദഗ്ധനോട് അപേക്ഷിച്ചുവെങ്കിലും, സ്കാനിംഗ് ആവശ്യമില്ലെന്ന് ഇരു ഡോക്ടർമാരും തീർപ്പു കൽപ്പിക്കുകയായിരുന്നു.

ശബ്നയെ രണ്ടാം ശസ്ത്രക്രിയക്ക് വിധേയയാക്കിയപ്പോൾ, സിസേറിയൻ നടത്തിയ ഡോക്ടറും സർജ്ജനായ ഭിഷഗ്വരനും ഓപ്പറേഷൻ തിയേറ്ററിലുണ്ടായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം, എല്ലാം ശരിയായിട്ടുണ്ടെന്ന് ഇരു ഡോക്ടർമാരും ഷാനിദാസിനോട് പറഞ്ഞുവെങ്കിലും, പിറ്റേന്ന് കാലത്ത് മുതൽ ഉദരം വല്ലാതെ വീർത്തു വരികയും, അസഹ്യമായ വേദന മൂലം യുവതി നിലവിളിക്കാനും തുടങ്ങി. പിറ്റേന്ന് നേരം പുലർന്നപ്പോഴേക്കും ശബ്നയുടെ ഉദരത്തിൽ ശസ്ത്രക്രിയയിൽ തുന്നിക്കെട്ടിയ ഭാഗത്തു കൂടി പഴുപ്പ് പുറത്തേക്ക് വരികയും, ഉദരം വല്ലാതെ വീർത്തു വരികയും ചെയ്തു.
സ്ഥിതിഗതികൾ ഗുരുതരമാണെന്ന് ശബ്നയുടെ ബന്ധുക്കൾ കണ്ടെത്തിയതോടെ, സിസേറിയനിൽ ഡോക്ടർക്ക് കൈപ്പിഴ പറ്റിയതായുള്ള സൂചന ഈ സ്വകാര്യാശുപത്രിയിൽ നിന്ന് തന്നെ പുറത്തു വന്നു.

തൊട്ടടുത്ത ദിവസം ഷാനീദാസും ബന്ധുക്കളും ഗർഭാശയ രോഗ വിദഗ്ധനെ കണ്ട് ഭാര്യയുടെ ഗുരുതര നില ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, വീണ്ടും ഒരു ശസ്ത്രക്രിയ കൂടി നടത്തണമെന്ന് ഡോക്ടർ പറയുകയായിരുന്നു. അപ്പോഴേക്കും ശബ്നയുടെ ഉദരത്തിലുള്ള തുന്നിക്കെട്ടുകളിലൂടെ ശക്തമായി തന്നെ പഴുപ്പ് പുറത്തേക്കൊഴുകാൻ തുടങ്ങി. അതോടൊപ്പം യുവതിക്ക് ശ്വാസതടസ്സവും അനുഭവപ്പെട്ടു. മൂന്നാമത്തെ ശസ്ത്രക്രിയ ഈ ആശുപത്രിയിൽ നടത്താൻ ഭയപ്പെട്ട ഭർത്താവ് ഷാനി, ഭാര്യയെ ഉടൻ ഡ്സ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും , ജൂൺ 29-ന് പുലർച്ചെ ആംബുലൻസിൽ കണ്ണൂരിലുള്ള സ്വാകാര്യാശുപത്രിയിലെത്തിക്കുകയും ചെയ്തു. കണ്ണൂർ സ്വകാര്യാശുപത്രിയിൽ ഒട്ടും താമസിയാതെ 29-ന് തന്നെ ശബ്നയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയപ്പോൾ, കാഞ്ഞങ്ങാട്ടെ ആദ്യ സിസേറിയൻ ശസ്ത്രക്രിയയിൽ കത്തി കൊണ്ടതുമൂലം വൻ കുടലിൽ രണ്ട് സുഷിരങ്ങൾ വീണതായി കണ്ടെത്തുകയും ചെയ്തു.

ഈ സുഷിരങ്ങൾ തുന്നിക്കെട്ടാൻ വേണ്ടിയാണ് കുശവൻ കുന്ന് ആശുപത്രിയിൽ രണ്ടാമത്തെ ശസ്ത്രക്രിയ നടത്തിയതെങ്കിലും, രണ്ട് ദ്വാരങ്ങളിൽ ഒരു മുറിവ് മാത്രം തുന്നിക്കെട്ടുകയും, അടുത്ത മുറിവ് അതേപടി വെച്ചതുമൂലമാണ് രണ്ടാം ശസ്രത്രക്രിയ കഴിഞ്ഞിട്ടും, യുവതിയുടെ ഉദരം വീർത്തു വരികയും തുന്നിക്കെട്ടുകളിലൂടെ പഴുപ്പ് പുറത്തേക്ക് വന്നതെന്നും കണ്ണൂർ ആശുപത്രിയിലെ വിദഗ്ധ സർജ്ജൻ വെളിപ്പെടുത്തുകയും ചെയ്തു. സിസേറിയൻ ശസ്ത്രക്രിയയിൽ രണ്ടിടത്ത് കുടൽ മുറിഞ്ഞുപോയതുമൂലം യുവതിക്ക് ഒരാഴ്ചയോളം മലശോധനയുണ്ടായിരുന്നില്ല.

അബദ്ധത്തിൽ സംഭവിച്ച മുറിവിലൂടെ മലം പുറത്തേക്ക് വരികയും, അത് രക്തത്തിൽ കലരുകയും, യുവതി അതീവ ഗുരുതര നിലയിൽ എത്തിപ്പെടുകയുമാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. കണ്ണൂരിൽ യുവതിയുടെ വൻകുടലെടുത്ത് ഒരാഴ്ചയോളം പുറത്തുവെക്കുകയും, അതിൽ നിന്നുള്ള മലം ഉദരത്തിന് പുറത്ത് ഘടിപ്പിച്ച സഞ്ചി വഴി ശേഖരിക്കുകയും, രണ്ടാമത്തെ സുഷിരം നാലാമത്തെ ശസ്ത്രക്രിയ വഴി തുന്നിക്കെട്ടുകയും ചെയ്ത ശേഷം, തലനീരിഴയ്ക്കാണ് ശബ്നയുടെ ജീവൻ തിരിച്ചു കിട്ടിയത്. അന്ന് മുതൽ ഇന്നുവരെ സ്വന്തം കുഞ്ഞിന് മുലയൂട്ടാൻ പോലും ശബ്നയ്ക്ക് കഴിഞ്ഞില്ല. ഒരു തരത്തിലും മുലയൂട്ടരുതെന്ന് വിദഗ്ധ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.

ശബ്നയുടെ ഉദരം അങ്ങേയറ്റം അബദ്ധജഡിലവും, അശ്രദ്ധവുമായ നിലയിൽ കീറിമുറിച്ച കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രി ഡോക്ടർമാർക്കെതിരെ യുവതിയുടെ ഭർത്താവ്് പോലീസിന് നൽകിയ പരാതി ജില്ലാ ആശുപത്രിയിലെ മെഡിക്കൽ പാനൽ സംഘം പരിശോധിച്ചു വരികയാണ്. ഡോക്ടർമാരുടെ കൈപ്പിഴ പാനൽ സംഘത്തിന്റെ പരിശോധനയിൽ ഉറപ്പായിട്ടുണ്ട്.

LatestDaily

Read Previous

അഴിമതിയെ വെള്ള പൂശരുത്

Read Next

പെട്രോൾ ദേഹത്തൊഴിച്ച് തീക്കൊളുത്തിയ ഭർതൃമതി മരിച്ചു