ഡോക്ടർ കൃഷ്ണൻ കീഴടങ്ങിയില്ല

ഹൈക്കോടതി കൃഷ്ണന് കീഴടങ്ങാൻ നൽകിയ പത്തുനാൾ ഇന്നലെ അവസാനിച്ചു

ബേക്കൽ:  ചികിൽസ തേടിയെത്തിയ പതിനാറുകാരി പെൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസ്സിലെ പ്രതി,  കാഞ്ഞങ്ങാട്ടെ ഡോ. പി. കൃഷ്ണൻ ഇന്നലെ ജുലായ് 15-നും കേസ്സന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങിയില്ല.

ബേക്കൽ പോലീസ് ഐപി, പി. നാരായണനാണ് ഡോക്ടർ പി. കൃഷ്ണൻ പ്രതിയായ ലൈംഗീക പീഡനക്കേസ്സ് അന്വേഷിക്കുന്നത്.

2020 ജുലായ് 6-നാണ് ഈ കേസ്സിൽ ഡോക്ടർ കൃഷ്ണന് കേരള ഹൈക്കോടതി കർശന വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.

ജാമ്യം അനുവദിച്ച ജുലായ് 6 മുതൽ പത്തു ദിവസത്തിനകം,  കേസ്സന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങാനും, അറസ്റ്റ് ചെയ്ത ശേഷം ഹൈക്കോടതി നിഷ്ക്കർഷിച്ച വ്യവസ്ഥകൾ പ്രകാരം ജാമ്യം അനുവദിക്കാനുമാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ ഉത്തരവിട്ടത്.

ജുലായ് 6 മുതലുള്ള 10 ദിവസം ഇന്നലെ ജുലായ് 15-ന് പൂർത്തിയായെങ്കിലും, ഇന്നലെ രാത്രി വൈകുംവരെയും ഡോക്ടർ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായില്ല. ഇതോടെ ഹൈക്കോടതി ഡോക്ടർ കൃഷ്ണന് നൽകിയ മുൻകൂർ ജാമ്യവ്യവസ്ഥ കൃഷ്ണൻ തന്നെ ബോധപൂർവ്വം ലംഘിച്ചു.

ഡോക്ടർക്കെതിരെ പോക്സോകുറ്റകൃത്യം ചുമത്തിയിട്ടുള്ള ഈ കേസ്സിൽ ഹൈക്കോടതി ഉത്തരവ് പ്രതി തന്നെ ലംഘിച്ചതിനാൽ,  ഇനി ഡോക്ടർ കൃഷ്ണൻ കേസ്സന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായാലും കൃഷ്ണന് മുൻകൂർ ജാമ്യം അനുവദിക്കാൻ കഴിയില്ല.

ഡോക്ടർ കൃഷ്ണൻ ഇന്ന് അഭിഭാഷകനൊപ്പം ബേക്കൽ സ്റ്റേഷനിൽ ഹാജരാകുമെന്ന് സൂചനയുണ്ട്. ഹൈക്കോടതി നിഷ്ക്കർഷിച്ച അന്ത്യശാസന സമയം ഇന്നലെ കഴിഞ്ഞതിനാൽ കേസ്സന്വേഷണ ഉദ്യോഗസ്ഥന് ഇന്ന് വ്യവസ്ഥകൾ പാലിച്ച് കൃഷ്ണനെ അറസ്റ്റ് ചെയ്ത് ജാമ്യം നൽകാനും കഴിയില്ല.

ജൂൺ 25-ന് ഉച്ചയ്ക്ക് 2 മണിക്കാണ് പതിനാറുകാരി പെൺകുട്ടി കാൽമുട്ടിന് താഴെയുണ്ടായ ചെറിയ നീരുവീക്കം പരിശോധിക്കാൻ പെരിയ ടൗണിലുള്ള കൃഷ്ണന്റെ ക്ലിനിക്കിൽ ചെന്നത്.

പെൺകുട്ടിക്കാപ്പം  മൂത്ത സഹോദരിയും പിതാവുമുണ്ടായിരുന്നു. ഡോക്ടർ ആദ്യം സഹോദരിയെ പരിശോധിച്ച ശേഷം മുറിക്ക് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ടു. പിതാവും സഹോദരിയും പുറത്തിറങ്ങിയ ശേഷം പെൺകുട്ടിയെ പരിശോധനാ ബെഞ്ചിൽ കിടക്കാൻ  ഡോക്ടർ ആവശ്യപ്പെട്ടു.

കാൽമുട്ടിന് താഴെയുണ്ടായ നീർവീക്കം പരിശോധിക്കാൻ പെൺകുട്ടി ധരിച്ചിരുന്ന പാവാട മുകളിലോട്ട് കയറ്റിയാൽ മതിയായിരുന്നിട്ടും, ഡോക്ടർ പാവാട തന്നെ അഴിച്ചു മാറ്റുകയും, പെൺകുട്ടിയുടെ രഹസ്യഭാഗത്ത് ഏറെനേരം തടവിക്കൊണ്ടിരിക്കുകയും ചെയ്തപ്പോൾ, പെൺകുട്ടി ഡോക്ടറുടെ കൈ തട്ടി മാറ്റിയെങ്കിലും, ബലം പ്രയോഗിച്ച ഡോക്ടർ പിന്നീട് പെൺകുട്ടിയുടെ മാറിടങ്ങളിൽ  ചുംബിക്കുകയുമായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി ഉമ്മയോട് ഉണ്ടായ കാര്യങ്ങൾ പറഞ്ഞതിനെ തുടർന്നാണ് പെൺകുട്ടി ബേക്കൽ പോലീസിലെത്തി ഡോക്ടർ പി. കൃഷ്ണനെതിരെ പരാതി നൽകിയത്.

പോലീസ് കൃഷ്ണനെതിരെ കേസ്സ് രജിസ്റ്റർ ചെയ്തയുടൻ ഒഴിവിൽപ്പോയ ഡോക്ടർക്ക് വേണ്ടി കാഞ്ഞങ്ങാട് ദുർഗ്ഗാ ഹൈസ്കൂൾ റോഡിലുള്ള ഡോക്ടറുടെ വീട്ടിലും,  പഴയങ്ങാടിയിലെ തറവാട്ടു വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. തനിക്ക് പ്രായം 70 വയസ്സായെന്നും, ജയിലിൽക്കിടക്കാനുള്ള ശേഷിയില്ലെന്നും കൃഷ്ണൻ ഫയൽ ചെയ്ത മുൻകൂർ ജാമ്യ ഹരജിയിൽ ഹൈക്കോടതിയോടപേക്ഷിച്ചിരുന്നു. വൈകിക്കിട്ടിയത് ഡോക്ടർ പി. കൃഷ്ണൻ ഇന്നുച്ചയോടെ കീഴടങ്ങിയതായി ബേക്കൽ പോലീസ് ഐപി, പി. നാരായണൻ അറിയിച്ചു.

ജുലായ് 6-നാണ് പി. കൃഷ്ണന് ഹൈക്കോടതി മുൻകൂർ ജാമ്യം ഉത്തരവായതെങ്കിലും,  ഈ ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് കൃഷ്ണന്റെ അഭിഭാഷകന് കൈമാറിയ തീയ്യതി മുതൽ 10 ദിവസം കണക്കാക്കിയാണ് കൃഷ്ണന് ഇന്ന്  ജാമ്യം  അനുവദിച്ചതെന്ന് പോലീസ് ഇൻസ്പെക്ടർ അറിയിച്ചു.

LatestDaily

Read Previous

ജി. രതികുമാർ ഉദുമയിൽ മത്സരിക്കും

Read Next

കണ്ണൂർ വിമാനത്താവളത്തിൽ 37 ലക്ഷത്തിന്‍റെ സ്വർണ്ണവേട്ട മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ