ഡോക്ടർ അന്തുക്ക കാറുമായി പരിയാരം പോലീസിൽ കുടുങ്ങി കാറിൽ കണ്ടെത്തിയത് 2 വലിയ കന്നാസുകൾ

കാഞ്ഞങ്ങാട്: ഡോക്ടർ ചമഞ്ഞ് പടന്നയിലെ സ്വകാര്യാശുപത്രിയിൽ ഗർഭിണികളെ പരിശോധിച്ച വിവാദ നായകൻ അജാനൂരിലെ ഡോക്ടർ അന്തുക്ക എന്ന അബ്ദുൾ ഖാദർ ദേശീയ പാതയിൽ പുലർകാലം കാറുമായി പരിയാരം പോലീസ് സബ്ഇൻസ്പെക്ടറുടെ പിടിയിൽ വീണു. ഒരാഴ്ച മുമ്പാണ് സംഭവം. പയ്യന്നൂർ കണ്ണൂർ ദേശീയ പാതയിൽ വിളയാങ്കോട് പ്രദേശത്ത് പുലർച്ചെ 3 മണിക്ക് റോഡിൽ നിന്ന് മാറി നിർത്തിയിട്ടിരുന്ന വെള്ള നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാർ എസ്ഐ ശ്രീജിത്തും സംഘവും പരിശോധിച്ചപ്പോൾ കാറിൽ രണ്ടു വലിയ കന്നാസുകളുമായാണ് അന്തുക്കയെ കണ്ടെത്തിയത്.

ചോദ്യം ചെയ്തപ്പോൾ, അന്തുക്ക പരസ്പര വിരുദ്ധമായ രീതിയിലാണ് കാര്യങ്ങൾ പുരത്തു വിട്ടത്. അന്തുക്കയെ പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം വീട്ടിൽ വിവരം നൽകി. അന്തുക്കയുടെ ഭാര്യയും, മകളും, മറ്റൊരാളും പോലീസ് സ്റ്റേഷനിലെത്തിയ ശേഷമാണ് അന്തുക്കയെ പോലീസ് വിട്ടയച്ചത്. പുലർകാലം കന്നാസുകളുമായി കാറിൽ കാഞ്ഞങ്ങാട്ട് നിന്ന് പരിയാരം വരെ ഒാടിയെത്തിയത് എന്തിനാണെന്ന് വ്യക്തമാക്കാൻ അന്തുക്കയ്ക്ക് കഴിഞ്ഞില്ല.

അന്തുക്കയുടെ പേരിൽ ഹൊസ്ദുർഗ്–കാസർകോട് കോടതികളിൽ ഇപ്പോഴും ആറോളം കേസുകൾ നിലവിലുണ്ട്. നല്ല ഭംഗിയിൽ പാന്റ്സും, ഷർട്ടും ധരിച്ച് കൈയ്യിൽ സ്റ്റെതസ്കോപ്പുമായി ഡോക്ടർ ചമഞ്ഞ് പടന്നയിലെ സ്വകാര്യാശുപത്രിയിൽ കയറി, സ്ത്രീ രോഗികളെ പരിശോധിച്ച കേസ്സിൽ അന്തുക്കയെ ഹൊസ്ദുർഗ് കോടതി കുറ്റവിമുക്തനാക്കിയത് അടുത്ത നാളിലാണ്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി അന്തുക്കയുടെ പേരിൽ പുതിയ കേസ്സുകളൊന്നും കാസർകോട് ജില്ലയിൽ റജിസ്റ്റർ ചെയ്തിരുന്നില്ല. ഇപ്പോൾ നാടകീയമായാണ് അന്തുക്ക കഴിഞ്ഞ ദിവസം പരിയാരം പോലീസിന്റെ പിടിയിൽ കുടുങ്ങിയത്. രണ്ട് കന്നാസുകൾ കാറിൽ കരുതിയതിനാൽ, നിർത്തിട്ട ലോറികളിൽ നിന്ന് ഇന്ധനം ഉൗറ്റാനുള്ള ശ്രമത്തിനായിരിക്കണം അന്തുക്ക കാറിൽ കന്നാസുമായി രാത്രിയിൽ പരിയാരത്ത് എത്തിയതെന്ന് കരുതുന്നതായി പരിയാരം സബ് ഇൻസ്പെക്ടർ ശ്രീജിത്ത് ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി.

വെളുത്ത സ്വിഫ്റ്റ് കാർ അന്തുക്കയുടെ ഭാര്യയുടെ പേരിലുള്ളതാണ് ചെറുവത്തൂർ ജ്വല്ലറിയിൽ നിന്ന് 2 ലക്ഷം രൂപ നാടകീയമായി തട്ടിയെടുത്ത ബല്ലാക്കടപ്പുറത്തെ റംലയെ അജാനൂർ തെക്കേപ്പുറം സഹകരണ അർബ്ബൻ ബാങ്കിന് മുന്നിൽ നിന്ന് 2021 ഫെബ്രുവരി 13– ന് വൈകുന്നേരം 4 മണിക്ക് കയറ്റിക്കൊണ്ടു പോയത് ഈ വെള്ള മാരുതി സ്വിഫ്റ്റ് കാറിലാണെന്ന് സംശയിക്കുന്നു. അങ്ങനെയെങ്കിൽ, തെക്കേപ്പുറം സ്വർണ്ണം തട്ടൽ ആസൂത്രണത്തിന് പിന്നിൽ അന്തുക്കയുടെ ബുദ്ധിയാണെന്നും സംശയമുയർന്നിട്ടുണ്ട്.

LatestDaily

Read Previous

വിസ വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപ തട്ടിയെടുത്തു

Read Next

കോഴിക്കോട്ട് 21.75 കോടിയുടെ സ്വർണ്ണം പിടികൂടി