ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: ഡ്യൂട്ടി സമയത്ത് ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ചായയോ ലഘുഭക്ഷണമോ നൽകരുതെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സുരക്ഷാ ജീവനക്കാർക്ക് നിർദ്ദേശം നൽകി. സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷാ കാര്യങ്ങൾ മാത്രം നോക്കിയാൽ മതിയെന്നും ഉത്തരവിൽ പറയുന്നു. പുതിയ ഡയറക്ടർ എം ശ്രീനിവാസാണ് കർശന നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. സെക്യൂരിറ്റി ഡ്യൂട്ടിയിലുള്ളവർ മുതിർന്ന ജീവനക്കാർക്ക് ചായയും ലഘുഭക്ഷണവും എത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ജോലി സമയത്ത് ഇത്തരം സാധനങ്ങൾ എത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തനിക്ക് ലഭിച്ച നിർദ്ദേശത്തെ തുടർന്ന് ഒരു സെക്യൂരിറ്റി ഗാർഡ് ചായയുമായി പോകുന്നത് ഡയറക്ടർ കണ്ടിരുന്നു. കാർഡിയോതോറാസിക് ആൻഡ് ന്യൂറോ സയൻസസ് സെന്‍ററിലാണ് സംഭവം. തുടർന്ന് ഡയറക്ടർ അതിനെക്കുറിച്ച് അന്വേഷിച്ചു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ് വന്നത്.
“ജീവനക്കാരുടെ ഇത്തരം നടപടികൾ സുരക്ഷാച്ചുമതലയെ ബാധിക്കും. സുരക്ഷാജോലിക്കായാണ് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുള്ളത്. സെക്യൂരിറ്റി ജോലിക്കും രോഗികളെ സഹായിക്കാനും നിർദ്ദേശിച്ചിരിക്കുന്ന ജീവനക്കാർ അതാത് ജോലി മാത്രം ചെയ്താൽ മതി. സെക്യൂരിറ്റി ജീവനക്കാരുടെ ചുമതല ഉള്ളവരും കഫറ്റീരിയ നടത്തിപ്പുകാരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിർദ്ദേശം പാലിക്കപ്പെടാത്ത പക്ഷം നിങ്ങളായിരിക്കും ഉത്തരവാദികൾ. ഏതെങ്കിലും സുരക്ഷാജീവനക്കാർ ജോലി സമയത്ത് ചായയുമായി പോകുന്നത് കണ്ടാൽ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കുമെന്ന് മറക്കരുത്.” ഡയറക്‌റുടെ ഉത്തരവിൽ പറയുന്നു.
മാധ്യമങ്ങളുമായി സംവദിക്കുന്നതിനും ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ചുമതല ഏൽപ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥർ മാത്രമേ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കാവൂ എന്നാണ് പുതിയ നിർദേശം. എയിംസിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകണമെങ്കിൽ അതിന് മുൻകൂർ അനുമതി വാങ്ങണമെന്നും ഡയറക്ടർ ഉത്തരവിട്ടു.