ശിവാജി ഗണേശന്റെ 270 കോടി സ്വത്തിൻമേൽ തർക്കം; പ്രഭുവിനെതിരെ കേസ്

ചെന്നൈ: അന്തരിച്ച നടൻ ശിവാജി ഗണേശന്‍റെ മക്കൾ തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കം. സ്വത്ത് വിഭജിച്ചപ്പോൾ അർഹമായത് ലഭിച്ചില്ലെന്ന് ആരോപിച്ച് ശിവാജി ഗണേശന്‍റെ രണ്ട് പെൺമക്കളാണ് കേസുമായി രംഗത്തെത്തിയത്. ശാന്തി നാരായണസ്വാമിയും രാജ്വി ഗോവിന്ദരാജനും സഹോദരനും നടനുമായ പ്രഭു, നിർമ്മാതാവ് രാംകുമാർ ഗണേശൻ എന്നിവർക്കെതിരെയാണ് കേസ് നല്കിയത്.

2001 ൽ നടൻ ശിവാജി ഗണേശൻ മരിച്ചതിന് ശേഷം 270 കോടി രൂപയുടെ സ്വത്ത് വിഭജനത്തിൽ ക്രമക്കേട് നടന്നുവെന്നാണ് പെണ്മക്കളുടെ ആരോപണം. ഇരുവരും മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ 2005 ലെ ഭേദഗതി പ്രകാരം തങ്ങളുടെ പിതാവ് ശിവാജി ഗണേശന്‍റെ സ്വത്തിൽ തങ്ങൾക്കും അവകാശമുണ്ടെന്നും അവ കൃത്യമായി വിഭജിക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

തങ്ങൾ അറിയാതെയാണ് പിതാവ് വസ്തു വിറ്റതെന്നും വിൽപ്പന രേഖകൾ അസാധുവായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പ്രഭുവും രാംകുമാറും ചേർന്ന് 1000 പവൻ സ്വർണാഭരണങ്ങളും 500 കിലോ വെള്ളിയും തട്ടിയെടുത്തെന്നും പ്രഭുവും രാംകുമാറും ശാന്തി തിയേറ്ററിലെ 82 കോടി രൂപയുടെ ഓഹരികൾ തങ്ങളുടെ പേരിലേക്ക് മാറ്റിയെന്നും സഹോദരിമാർ ആരോപിച്ചു. നടൻ ശിവാജി ഗണേശൻ എഴുതിയെന്ന് പറയപ്പെടുന്ന വിൽപത്രം വ്യാജമാണെന്നും പബ്ലിക് പവർ ഓഫ് അറ്റോണിയിൽ ഒപ്പിട്ട് തങ്ങളെ കബളിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു.

Read Previous

ഏഎസ് ഐയുടെ ആത്മഹത്യ മലയോരത്ത് പുകയുന്നു

Read Next

മഴ കനത്തു; മരങ്ങൾ കട പുഴകി