ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പട്ന: ബീഹാറിൽ ഭൂമിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു. കഴിഞ്ഞ ദിവസം ബേട്ടിയ ജില്ലയിലായിരുന്നു സംഭവം. വെടിയേറ്റ സ്ത്രീകളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വെസ്റ്റ് ചമ്പാരൻ ജില്ലയിലെ നക്തി പട്‌വാര ഗ്രാമത്തിൽ ഭൂമിയുടെ അവകാശത്തിനായി സ്ത്രീകൾ പ്രതിഷേധിച്ചപ്പോഴായിരുന്നു വെടിവയ്പ്പ്.
ഭൂരഹിതരായ തൊഴിലാളികളെ സഹായിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് 1985 ൽ ഭൂമി ലഭിച്ചതെന്നാണ് സ്ത്രീകൾ അവകാശപ്പെടുന്നത്. പട്ടയ തർക്കം കോടതിയിലെത്തിയതിനെ തുടർന്ന് 2004 മുതൽ പ്രദേശത്തെ സ്ഥല വിൽപ്പന മരവിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ ഭൂമിയുടെ മുൻ ഉടമ ശിശിർ ദുബെ ട്രാക്ടറുമായി വന്ന് ബലം പ്രയോഗിച്ച് നിലം ഉഴുതുമറിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
ഇതിനെതിരെ സ്ത്രീകൾ പ്രതിഷേധിച്ചപ്പോൾ ഇയാൾ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. അഞ്ച് പേർക്ക് വെടിയേറ്റു. നിരവധി പേർക്ക് പരിക്കേറ്റു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും സംഘർഷമുണ്ടായ സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും എസ് പി ഉപേന്ദ്രനാഥ് വർമ്മ പറഞ്ഞു.