മാളികപ്പുറത്തെ ചൊല്ലി വ്ലോ​ഗറും ഉണ്ണിമുകുന്ദനും തമ്മിൽ തർക്കം; വൈറലായി ഫോൺ സംഭാഷണം

കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ വ്ലോഗറുമായി നടത്തിയ ഫോൺ സംഭാഷണത്തിന്‍റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. സംഭവത്തിന് പിന്നാലെ വിശദീകരണവുമായി ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. അടുത്തിടെ പുറത്തിറങ്ങിയ മാളികപ്പുറം എന്ന സിനിമയുടെ റിവ്യൂവിനെ ചൊല്ലിയാണ്‌ മലപ്പുറം സ്വദേശിയായ വ്ലോഗറും നടനും തമ്മിൽ വാക്കുതർക്കമുണ്ടായത്. 30 മിനിറ്റിലധികം നീണ്ടുനിന്ന തർക്കത്തിന്‍റെ ഓഡിയോ വ്ലോഗർ പുറത്തുവിട്ടു. സിനിമയെ വിമർശിച്ചതിന് നടൻ തന്നെ തെറിവിളിച്ചതായും വ്ലോഗർ പറഞ്ഞു. എന്നാൽ ചിത്രത്തിൽ അഭിനയിച്ച കുട്ടിയെയും തന്റെ മാതാപിതാക്കളെയും അപമാനിച്ചതിനാലാണ് തനിക്ക് ദേഷ്യം വന്നതെന്നാണ് ഉണ്ണി പറഞ്ഞു. ഓഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ തന്‍റെ ഭാഗം ന്യായീകരിച്ച് നടൻ രംഗത്തെത്തി.

തെറ്റുപറ്റിയെന്ന് താൻ പറയുന്നില്ലെന്നും വിവാദ ഫോൺ സംഭാഷണത്തിന് ശേഷം താൻ ആ വ്യക്തിയെ വിളിച്ച് മാപ്പ് ചോദിച്ചെന്നും ഉണ്ണി മുകുന്ദൻ കുറിപ്പിൽ പറയുന്നു. എന്നെ വളർത്തിയവർ എന്നെ ഇങ്ങനെ ആക്കിയെന്നു പറഞ്ഞപ്പോൾ അത് അച്ഛനെയും അമ്മയെയും മോശമായി പറയുന്നതായാണ് തനിക്ക് തോന്നിയതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. 

പ്രതികരണം മോശമാണെന്ന് തോന്നിയത് കൊണ്ടാണ് 15 മിനിറ്റോളം വിളിച്ച് ക്ഷമാപണം നടത്തിയത്. സിനിമയ്ക്കെതിരെ അഭിപ്രായങ്ങളുണ്ടാകാം. എന്നാൽ എന്‍റെ കുടുംബാംഗങ്ങളെക്കുറിച്ചോ എന്‍റെ ചിന്തകളെക്കുറിച്ചോ ആവരുത് ഓരോന്ന് പറയുന്നതെന്നാണ് താൻ പറഞ്ഞതെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നത്. താനൊരു വിശ്വാസിയും അയ്യപ്പഭക്തനുമാണ്. താൻ ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും മാറാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യം പറഞ്ഞ് തന്‍റെ കുടുംബത്തെ മോശമായി ചിത്രീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

K editor

Read Previous

മോഹൻലാൽ-ഷാജി കൈലാസ് ചിത്രം ‘എലോൺ’ ഇന്ന് തിയേറ്ററുകളിലേക്ക്

Read Next

ഒന്നിച്ച് മുന്നേറാൻ ആഹ്വാനം; റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി