നിലപാട് കര്‍ശനമാക്കി കേന്ദ്രം; ഇളവുകള്‍ തിരുത്തി കേരളം

തിരുവനന്തപുരം: ലോക്ഡൗണിൽ നൽകിയ ഇളവുകൾ തിരുത്തി കേരളം. കേന്ദ്ര നിർദേശത്തെത്തുടർന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ തീരുമാനങ്ങൾ പിൻവലിച്ചത്. സംസ്ഥാനത്തിന് ഇളവുകൾ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കത്തിലൂടെ ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി.
ശനി, ഞായർ ദിവസങ്ങളിൽ ബാർബർ ഷോപ്പുകൾ തുറക്കാനുള്ള തീരുമാനം മാറ്റി. കേന്ദ്ര നിർദേശം വരുന്നതുവരെ ബാര്‍ബർ ഷോപ്പുകൾ തുറക്കില്ല. ഹോട്ടലുകളിൽ പാഴ്സൽ മാത്രം നൽകും. ഹോട്ടലുകളിൽ 7 മണിവരെ ഭക്ഷണം വിളമ്പാമെന്നായിരുന്നു നേരത്തെയുള്ള നിർദേശം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയില്ല. ബൈക്കില്‍ രണ്ടുപേരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. കുടുംബാംഗമാണെങ്കിൽ ബൈക്കിൽ പിന്നിലിരുന്ന് യാത്ര ചെയ്യാൻ നേരത്തെ അനുമതി നൽകിയിരുന്നു.
വർക്‌ഷോപ്, ബാർബർ ഷോപ്, റസ്റ്ററന്റ്, ബുക്സ്റ്റോർ എന്നിവ തുറക്കാൻ അനുമതി നൽകിയതും കാർ, ബൈക്ക് യാത്രകളിൽ കൂടുതൽ പേരെ അനുവദിച്ചതും നഗരങ്ങളിൽ ചെറുകിട വ്യവസായങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചതും ചട്ടവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം 15-നു പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിരോധനം ഏര്‍പ്പെടുത്തിയ പല മേഖലകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ 17-ന് പുറത്തിറക്കിയ ഉത്തരവു പ്രകാരം ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഇതു ചട്ടവിരുദ്ധമാണെന്നും ചീഫ് സെക്രട്ടറി ടോം ജോസിന് അയച്ച കത്തില്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു. മാര്‍ഗനിര്‍ദേശങ്ങളില്‍ വെള്ളം ചേര്‍ക്കലും ഉത്തരവു ലംഘനമാണെന്നും കത്തില്‍ കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്. 15, 16 തീയതികളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അതില്‍ ഇളവു വരുത്തരുതെന്നും കത്തില്‍ നിര്‍ദേശമുണ്ട്. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍ തിരുത്താന്‍ കേരളം തീരുമാനിച്ചത്

LatestDaily

Read Previous

ലോകാരോഗ്യ സംഘടനയ്ക്ക് സഹായം തടഞ്ഞ് യുഎസ്…

Read Next

എല്ലാ കണ്ണുകളും കാസർകോട്ടേക്ക്