ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നിരോധന വിഷയത്തിൽ ഭിന്നത പരസ്യമാക്കിയ നേതാക്കൾക്ക് മുന്നറിയിപ്പുമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പുറത്ത് നിലപാട് പറയുമ്പോൾ നേതാക്കൾ ഒരേ സ്വരത്തിൽ ആയിരിക്കണമെന്ന് തങ്ങൾ പറഞ്ഞു. സോഷ്യൽ മീഡിയയിൽ അണികൾ തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കണം. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിലായിരുന്നു തങ്ങളുടെ പ്രതികരണം.
പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ സ്വാഗതം ചെയ്ത എം കെ മുനീർ പിന്നീട് നിലപാട് തിരുത്തിയെന്ന സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്‍റെ പരാമർശത്തോടെയാണ് ലീഗ് അണികൾ തമ്മിലുള്ള പോരിന് തുടക്കമായത്. കേന്ദ്രത്തിന്‍റെ നടപടി തെറ്റാണെന്നും ഏകപക്ഷീയമാണെന്നും സലാം പറഞ്ഞു. സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണച്ചടങ്ങിൽ മുനീറിനെ വേദിയിലിരുത്തി അദ്ദേഹം നിലപാട് ആവർത്തിക്കുകയും ചെയ്തിരുന്നു.
മുതിർന്ന നേതാക്കൾ തമ്മിലുള്ള വാക്പോര് പാർട്ടിക്ക് പൊതുജന മധ്യത്തിൽ ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാന പ്രസിഡന്‍റിന്‍റെ ഇടപെടൽ. പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കുന്ന നിലപാട് നേതാക്കൾ സ്വീകരിക്കരുതെന്നും സംസ്ഥാന കൗൺസിൽ യോഗത്തിൽ തങ്ങൾ ആവശ്യപ്പെട്ടു.