ഗുരുവായൂർ കോൺഗ്രസിൽ ഭിന്നത; കൺവെൻഷനിൽ നാടകീയ രംഗങ്ങൾ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിനായി കോൺഗ്രസ് വടക്കേക്കാട്, ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റികൾ സംഘടിപ്പിച്ച സംയുക്ത കൺവെൻഷനിൽ നാടകീയ രംഗങ്ങൾ. ടി.എൻ. പ്രതാപൻ എം.പി പ്രസംഗിക്കുന്നതിനിടെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി യോഗ ഹാളിലെത്തി. പുന്നയൂർക്കുളം, അണ്ടത്തോട് മേഖലകളിൽ നിന്നുള്ള നേതാക്കൾ ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മേഖല പ്രസിഡന്‍റുമാരെ തിരഞ്ഞെടുക്കുന്നതിൽ നേതൃത്വം നീതിയുക്തമായ സമീപനം സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

പ്രതിഷേധക്കാരും യോഗത്തിൽ പങ്കെടുത്തവരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കുതർക്കം തുടർന്നതോടെ കൺവെൻഷൻ അവസാനിപ്പിക്കുന്നതായി നേതാക്കൾ അറിയിച്ചു.ടി എൻ പ്രതാപൻ എം പിയെ കൂടാതെ ഡി സി സി പ്രസിഡന്‍റ് ജോസ് വള്ളൂരും വേദിയിലുണ്ടായിരുന്നു.

കെ.പി.സി.സി, ഡി.സി.സി നേതാക്കൾ, നിയോജക മണ്ഡലത്തിലെ രണ്ട് ബ്ലോക്കുകളായ ഗുരുവായൂർ, വടക്കേക്കാട് ബ്ലോക്കുകളിലെ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, മണ്ഡലം പ്രസിഡന്‍റുമാർ, ഭാരവാഹികൾ, ബൂത്ത് പ്രസിഡന്‍റുമാർ, പോഷക സംഘടനകളുടെ സംസ്ഥാന ജില്ലാ ബ്ലോക്ക് ഭാരവാഹികൾ, കോൺഗ്രസ് പ്രതിനിധികൾ, യൂത്ത് കോൺഗ്രസ്, കിസാൻ കോൺഗ്രസ്, സേവാദൾ, ന്യൂനപക്ഷ, ഐ.എൻ.ടി.യു.സി, മഹിളാ കോൺഗ്രസ്, പ്രവാസി കോൺഗ്രസ് തുടങ്ങിയ പോഷകസംഘടനകളുടെ നേതാക്കളെയും ഭാരവാഹികളെയുമാണ് യോ​ഗത്തിന് ക്ഷണിച്ചിരുന്നത്.

K editor

Read Previous

മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി

Read Next

നിയമസഭയില്‍ വിഴിഞ്ഞം സമരം ചര്‍ച്ച ചെയ്യണം; ലത്തീന്‍ അതിരൂപത