ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ജഡ്ജി ആയിരുന്ന കഴിഞ്ഞ 22 വർഷവും താൻ ആരുടെയും ഭീഷണിക്ക് വഴങ്ങിയിട്ടില്ലെന്നും ശേഷിക്കുന്ന രണ്ട് വർഷത്തേക്ക് ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. സുപ്രീം കോടതിക്ക് കിട്ടിയ 1.33 ഏക്കർ ഭൂമി അഭിഭാഷകരുടെ ചേംബർ പണിയുന്നതിനായി കൈമാറണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് ശബ്ദമുയർത്തി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസിന്റെ മറുപടി.
ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് ഇന്നും ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ, അഭിഭാഷകരുമായി എത്തി ജഡ്ജിമാരുടെ വസതികൾക്ക് മുന്നിൽ ധർണ നടത്തുമെന്നും സിംഗ് പറഞ്ഞു. രോഷാകുലനായ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വികാസ് സിങ്ങിനോട് ഇരിക്കാൻ ആവശ്യപ്പെട്ടു.
താൻ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണ്. തന്നെ പേടിപ്പിക്കാൻ ശ്രമിക്കരുത്. ഭീഷണികൾക്ക് വഴങ്ങില്ല. ഹർജി 17ന് വീണ്ടും പരിഗണിക്കും. എന്നാൽ ഇത് ആദ്യ കേസായി കേൾക്കാൻ കഴിയില്ല. രാഷ്ട്രീയം കോടതി മുറിക്കുള്ളിൽ പാടില്ല. തന്റെ കോടതിയിൽ എന്ത് നടപടിക്രമമാണ് പിന്തുടരേണ്ടതെന്ന് തനിക്കറിയാമെന്നും ചീഫ് ജസ്റ്റിസ് വികാസ് സിങ്ങിനോട് പറഞ്ഞു.