ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: സ്പൈസ് ജെറ്റിന് തുടർച്ചയായി സാങ്കേതിക തകരാറുകൾ ഉണ്ടായതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഡിജിസിഎ പിൻവലിച്ചു. ഇതോടെ ഈ മാസം 30 മുതൽ എല്ലാ വിമാനങ്ങളും പറത്താൻ സ്പൈസ് ജെറ്റിന് കഴിയും. ജൂലൈ 27ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്പൈസ് ജെറ്റിന് ആവർത്തിച്ച് തകരാറുകൾ ഉണ്ടായതിനെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഷെഡ്യൂളുകളുടെ 50 ശതമാനം മാത്രമേ എട്ടാഴ്ചത്തേക്ക് പ്രവർത്തിപ്പിക്കാൻ കഴിയൂ എന്നായിരുന്നു നിർദ്ദേശം. ഈ വിലക്ക് പിന്നീട് നീട്ടുകയും ചെയ്തു.
സ്പൈസ് ജെറ്റിന്‍റെ സുരക്ഷാ മുൻകരുതലുകളും അറ്റകുറ്റപ്പണികളും പര്യാപ്തമല്ലെന്ന് ഡിജിസിഎ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതോടെയായിരുന്നു നടപടി. നിരോധന കാലയളവിൽ സ്പൈസ് ജെറ്റിന്‍റെ പ്രവർത്തനം മെച്ചപ്പെട്ടുവെന്ന് വിലയിരുത്തിയ ശേഷമാണ് ഡിജിസിഎ ഇപ്പോൾ എല്ലാ നിയന്ത്രണങ്ങളും നീക്കിയിരിക്കുന്നത്.
സ്പൈസ് ജെറ്റിനെതിരായ ഡിജിസിഎയുടെ നടപടി സമീപകാലത്ത് ഇന്ത്യയിലെ ഏതൊരു വിമാനക്കമ്പനിക്കെതിരെയും സ്വീകരിച്ച ഏറ്റവും ശക്തമായ നടപടികളിലൊന്നായിരുന്നു. 18 ദിവസത്തിനിടെ 8 തവണ വിമാനങ്ങളിൽ സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്നാണ് നടപടിയുണ്ടായത്. തകരാർ ആവർത്തിച്ചതോടെ ഡിജിസിഎ സ്പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഈ നോട്ടീസിനോടുള്ള സ്പൈസ് ജെറ്റിന്‍റെ പ്രതികരണം കണക്കിലെടുത്ത് ഡിജിസിഎ വിമാന സർവീസുകൾ വെട്ടിക്കുറച്ചു. സ്പൈസ് ജെറ്റിന്‍റെ 48 വിമാനങ്ങളിലും ഡിജിസിഎ പരിശോധന നടത്തിയിരുന്നു. ഇത്തരത്തിൽ 53 പരിശോധനകൾ കൂടി വിലയിരുത്തിയ ശേഷമായിരുന്നു നടപടി.
വിമാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്പൈസ് ജെറ്റ് സ്വീകരിച്ച നടപടികൾ അപര്യാപ്തമാണെന്ന് ഡിജിസിഎ നിരീക്ഷിച്ചു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സ്പൈസ് ജെറ്റിന് ആഴ്ചയിൽ 2092 ഷെഡ്യൂളുകൾ മാത്രമാണ് സർവീസ് നടത്താൻ അനുമതി ലഭിച്ചത്.