പ്രിയ സഹോദരനെന്ന് വിശേഷണം; രാഹുലിനെ അഭിനന്ദിച്ച് എം.കെ സ്റ്റാലിൻ

ചെന്നൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയും സ്റ്റാലിൻ അനുസ്മരിച്ചു.

മതേതരത്വം, സമത്വം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നെഹ്റുവിനെയും മഹാത്മാഗാന്ധിയെയും പോലുള്ള നേതാക്കളെ രാജ്യത്തിന് ആവശ്യമാണ്. മുതിർന്ന കോൺഗ്രസ് നേതാവ് എ ഗോപണ്ണ നെഹ്റുവിനെക്കുറിച്ച് എഴുതിയ ‘മാമനിതർ നെഹ്റു’ എന്ന പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ‘പ്രിയ സഹോദരൻ രാഹുൽ ഭാരത് ജോഡോ യാത്ര നടത്തുകയാണ്. യാത്ര കന്യാകുമാരിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്’, സ്റ്റാലിൻ പറഞ്ഞു.

രാഹുലിന്‍റെ പ്രസംഗങ്ങൾ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുകയാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയമോ കക്ഷിരാഷ്ട്രീയമോ അല്ല അദ്ദേഹത്തിന്‍റേത്. പ്രത്യയശാസ്ത്രത്തിന്‍റെ രാഷ്ട്രീയമാണ് അദ്ദേഹം സംസാരിക്കുന്നത്. അതിനാലാണ് ചില വ്യക്തികൾ അദ്ദേഹത്തെ ശക്തമായി എതിർക്കുന്നത്. രാഹുലിന്‍റെ പ്രസംഗം ചിലപ്പോൾ നെഹ്റുവിന്‍റെ പ്രസംഗം പോലെയാണ്. നെഹ്രുവിന്‍റെ കൊച്ചുമകൻ അങ്ങനെ സംസാരിച്ചില്ലെങ്കിലെ അതിശയമുള്ളൂ. ഗോഡ്സെയുടെ പിൻഗാമികൾക്ക് മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്‍റെയും അനന്തരാവകാശികളുടെ കഥകളിൽ കയ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

K editor

Read Previous

‘മെസി ഫാന്‍ ആണോ’? ‘#asksrk’ ൽ ആരാധകന്‍റെ ചോദ്യത്തിന് ഷാരൂഖ് ഖാന്‍റെ മറുപടി

Read Next

ജിഎം കടുക് ഭക്ഷ്യഎണ്ണ ഇറക്കുമതി പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പില്ല; ഐസിഎആര്‍