‘രാജ്യത്ത് ജനാധിപത്യത്തിന് ശ്വാസംമുട്ടുന്നു’

ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യം ശ്വാസം മുട്ടുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുക്കുകയോ അധികാരത്തിന് കീഴിൽ കൊണ്ടുവരികയോ ചെയ്തതിനാലാണിത്, അദ്ദേഹം കൂട്ടിച്ചേർത്തു.

പാര്‍ലമെന്റ് പ്രവര്‍ത്തന രഹിതമായിരിക്കുന്നു എന്ന നിഗമനത്തിലേക്കാണ് താന്‍ നീങ്ങുന്നത്. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിളിച്ചുവരുത്തുന്ന നടപടിയില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

കറുപ്പ് വസ്ത്രം ധരിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധം രാമഭക്തരെ അപമാനിക്കുന്നതാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണത്തേയും പി. ചിദംബരം എതിര്‍ത്തു.

പ്രതിഷേധത്തിന്റെ തീയതി പ്രഖ്യാപിക്കുമ്പോള്‍ അങ്ങനെ രാമഭക്തരോട് ബന്ധമുള്ള ദിവസമാണോ ആഗസ്റ്റ് അഞ്ച് എന്നൊന്നും ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല. പക്ഷേ 2019ലെ ഒരു ആഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് എന്ന കാര്യം ഓര്‍ത്തിരുന്നു. ജനങ്ങള്‍ നേരിടുന്ന വലിയൊരു പ്രയാസത്തിനെതിരെ നടത്തുന്ന വലിയ പ്രതിഷേധത്തില്‍ ഇത്തരം കാര്യങ്ങള്‍ മാറ്റി നിര്‍ത്തുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

K editor

Read Previous

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ പരിശോധന; ഐഎസ് അംഗം പിടിയിൽ

Read Next

‘ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്‍റെ കുത്തക കോൺഗ്രസിന് മാത്രമായി അവകാശപ്പെടാൻ കഴിയില്ല’